വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരക്രമം പ്രഖ്യാപിച്ചു; കേരളപ്പിറവി ദിനത്തില്‍ അഞ്ചാം മത്സരം തിരുവനന്തപുരത്ത്

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ച ഏകദിന മത്സരം ഉള്‍പ്പെടെ വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. രണ്ടു ടെസ്റ്റുകളും അഞ്ച് ഏകദിനവും മൂന്നു ട്വന്റി20 മത്സരങ്ങളും ഉള്‍പ്പെടുന്ന പരമ്പര ഒക്ടോബര്‍ നാലിന് ആരംഭിച്ച് നവംബര്‍ 11ന് അവസാനിക്കും.

ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തുകയെന്നായിരുന്നു അറിയിപ്പെങ്കിലും പുതിയ അറിയിപ്പനുസരിച്ച് അഞ്ചാമത്തെ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുക. കൊച്ചിയില്‍ കളി നടത്താനുള്ള നീക്കങ്ങളുടെ പേരില്‍ ഏറെനാളത്തെ അനിശ്ചിതത്വത്തിനുശേഷമാണ് കളി തിരുവനന്തപുരത്തു തന്നെയാക്കാന്‍ തീരുമാനിച്ചത്.

കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തിലെ രാജ്യാന്തര ഫുട്‌ബോള്‍ മൈതാനം കുത്തിപ്പൊളിച്ചു ക്രിക്കറ്റ് പിച്ചൊരുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ ബിസിസിഐ ഇടപെടുകയായിരുന്നു. സര്‍ക്കാരും തിരുവനന്തപുരത്തു മത്സരം നടത്തണമെന്ന നിലപാട് എടുത്തതോടെ കെസിഎ വഴങ്ങി.

അതേസമയം, മത്സരത്തിനു തലസ്ഥാനത്ത് ഒരുക്കങ്ങള്‍ തുടങ്ങി. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ പിച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായി. കോര്‍പറേറ്റ് ബോക്‌സുകളുടെ നിര്‍മാണവും ഗാലറിയിലെ ഗേറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്. ടിക്കറ്റ് വില്‍പനയ്ക്കു പ്രഫഷണല്‍ ഏജന്‍സികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

ടെസ്റ്റ്

ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്- രാജ്‌കോട്ട് (ഒക്ടോബര്‍ 4-8)

രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് -ഹൈദരാബാദ് (ഒക്ടോബര്‍ 12-16)

ഒന്നാം ഏകദിനം- ഗുവാഹത്തി (ഒക്ടോബര്‍ 21)

രണ്ടാം ഏകദിനം- ഇന്‍ഡോര്‍ (ഒക്ടോബര്‍ 24)

മൂന്നാം ഏകദിനം -പുണെ (ഒക്ടോബര്‍ 27)

നാലാം ഏകദിനം- മുംബൈ (ഒക്ടോബര്‍ 29)

അഞ്ചാം ഏകദിനം-തിരുവനന്തപുരം (നവംബര്‍ ഒന്ന്)

ഒന്നാം ട്വന്റി20 – കൊല്‍ക്കത്ത (നവംബര്‍ നാല്)

രണ്ടാം ട്വന്റി20- ലക്‌നൗ (നവംബര്‍ ആറ്)

മൂന്നാം ട്വന്റി20-ചെന്നൈ (നവംബര്‍ 11)

കനത്ത മഴയിലും അരങ്ങേറ്റമത്സരം ഗംഭീരമാക്കിയതിന്റെ അഭിമാനത്തിലാണ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം രണ്ടാമത്തെ രാജ്യാന്തര മത്സരത്തിന് ഒരുങ്ങുന്നത്. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ ഏഴിനാണു മത്സരം നടന്നത്. ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത മഴയില്‍ മത്സരം നടക്കില്ലെന്ന ആശങ്കയിലായിരുന്നു ബിസിസിഐയും കായികപ്രേമികളും. എന്നാല്‍, മഴ മാറിനിന്ന് അരമണിക്കൂറിനകം സ്റ്റേഡിയം മത്സരത്തിനു സജ്ജമാക്കിയാണ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം രാജ്യാന്തര കായികമേഖലയില്‍ ശ്രദ്ധ നേടിയത്. എട്ടു വീതം ഓവറുകളാക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ ആറു റണ്‍സിന് ന്യൂസിലന്‍ഡിനെ തോല്‍പിക്കുകയും ചെയ്തു.

തിരുവനന്തപുരത്ത് നടന്ന രാജ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍

ഏകദിനം

ഇന്ത്യ-ഓസ്‌ട്രേലിയ (വേദി യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം 1/ 10 / 1984)

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് (വേദി- യീണിവേഴ്‌സിറ്റി സ്‌റ്റേഡിയം 25/ 1 /1988)

ട്വന്റി20

ഇന്ത്യ-ന്യൂസിലന്‍ഡ് (വേദി- കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് 7 /11/ 2017)

You must be logged in to post a comment Login