വേറിട്ട കണ്‍സെപ്പ്റ്റുമായി ടൊയോട്ടയുടെ എഫ് ടി ഫോര്‍ എക്‌സ്

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട അവതരിപ്പിക്കുന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയിലുള്ള പുതിയ മോഡലാണ് എഫ് ടി ഫോര്‍ എക്‌സ്.ഒരു വേറിട്ട രൂപത്തില്‍ ഒറ്റ നോട്ടത്തില്‍ ഉപയോക്താക്കളെ പെട്ടെന്ന് ആകര്‍ഷിക്കുന്ന രൂപത്തിലാണ് എഫ് ടി ഫോര്‍ എക്‌സ് അവതരിപ്പിച്ചത്. വേറിട്ട രൂപത്തിനൊപ്പം എല്ലാവിധ അധുനിക ഫീച്ചേര്‍സും പ്രൊഡക്ഷന്‍ മോഡലില്‍ പ്രതീക്ഷിക്കാം.

വരവ് ന്യൂജെന്‍ ലുക്കിലാണെങ്കിലും എഫ്‌ജെ 40യെ മോഡേണ്‍ ഡിസൈനില്‍ അലങ്കരിച്ചൊരുക്കിയതിനെ ഓര്‍മ്മപ്പെടുത്തുന്ന രൂപമാണ് എഫ് ടി ഫോര്‍ എക്‌സിനുള്ളത്. എന്നാല്‍ പിന്‍ഭാഗം മുഴുവനായി പരിഷ്‌ക്കാരി ലുക്ക് നല്‍കും. ഇതുവരെ കണ്ടുപരിചിതമല്ലാത്ത രൂപത്തിലാണ് പിന്‍ഭാഗത്തെ ഫുള്‍ ഗ്ലാസ് ഡോര്‍. രണ്ടു വിധത്തില്‍ ഈ വിന്‍ഡോ ഗ്ലാസ് തുറക്കാന്‍ സാധിക്കും. ഫോര്‍ വീല്‍ ഡ്രൈവില്‍ ഏത് അപകട പാതയിലും അനായാസേന മുന്നേറാന്‍ വാഹനത്തിന് കഴിയും. മെക്കാനിക്കല്‍ ഫീച്ചേര്‍സ് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.

മുന്‍വശത്തെ ഡോറില്‍ ഇരുവശവും വാട്ടര്‍ബോട്ടില്‍ സ്‌റ്റോറേജ് സൗകര്യമുണ്ട്, ഇതിനൊപ്പം ചൂട് പോകാതിരിക്കാനുള്ള വാം സ്‌റ്റോറേജ് ബോക്‌സും തണുപ്പിക്കാന്‍ കൂള്‍ സ്റ്റേറേജ് ബോക്‌സും ഡോറില്‍ ഘടിപ്പിച്ചിട്ടുണ്ട്. എക്സ്റ്റീരിയറിന് സമാനമായി ഇന്റീരിയറും ഓറഞ്ച് വര്‍ണ്ണത്തിലാണ് അണിയിച്ചൊരുക്കിയത്. എ പില്ലര്‍, റൂഫ്, ബോണറ്റിന് മുന്‍വശത്തും തൂവെള്ള നിറ മയമാക്കി. ടയറിന് മുകളിലുള്ള ബ്ലാക്ക് പ്ലാസ്റ്റിക്ക് ക്ലാഡിങ് സ്‌പോര്‍ട്ടി ലുക്ക് നല്‍കും. അമേരിക്കന്‍ നിര്‍മാതാക്കളായ ജീപ്പിനും ടാറ്റ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവറിനും മികച്ച വെല്ലുവിളിയാകും ടൊയോട്ടയുടെ എഫ് ടി ഫോര്‍ എക്‌സ്.

You must be logged in to post a comment Login