വേൾഡ് ടൂർ ഫൈനൽസ്: നിലവിലെ ചാമ്പ്യനെ കീഴ്‍പ്പെടുത്തി പി.വി.സിന്ധുവിന് വിജയത്തുടക്കം

 

വേൾഡ് ടൂർസ് ഫൈനൽസിൽ ഇന്ത്യൻ താരം പി.വി.സിന്ധുവിന് വിജയത്തുടക്കം. നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പർ താരവുമായ ജപ്പാന്രെ അകനെ യമാഗുച്ചിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്കോർ 24-22, 21-15.

മരണഗ്രൂപ്പിലാണ് സിന്ധു വിജയത്തോടെ തുടങ്ങിയത്. തുടക്കത്തിൽ പിന്നിട്ടു നിന്ന ശേഷമാണ് സിന്ധു ശക്തമായി തിരിച്ചുവന്നത്. ആദ്യ സെറ്റിന്റെ ഒന്നാം പകുതിയിൽ യമാഗുച്ചിയോട് 11-6 പിന്നിലായിരുന്നു സിന്ധു. എന്നാൽ പിന്നീട് 19-19ലേക്ക് സ്കോർ എത്തിച്ച സിന്ധു 24-22 ന് സെറ്റ് സ്വന്തമാക്കി.

രണ്ടാം സെറ്റിലും തുടക്കത്തിൽ മത്സരത്തിന്റെ നിയന്ത്രണം ജപ്പാൻ താരത്തിന്റെ കൈകളിലായിരുന്നു. എന്നാൽ സിന്ധു മത്സരത്തിൽ താളം കണ്ടെത്തിയതോടെ 6-3ന്റെ ലീഡെടുത്തു. എന്നാൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചതോടെ പോരാട്ടം കൂടുതൽ ശക്തമായി. ഒടുവിൽ സിന്ധുവിന്റെ വിജയം 21-15ന്.

കഴിഞ്ഞ തവണ ദുബായിൽ നടന്ന ടൂർണമെന്റിൽ സിന്ധു രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഫൈനലിൽ അകനെ യമാഗുച്ചിയോടായിരുന്നു സിന്ധു അന്ന് പരാജയപ്പെട്ടത്.

ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്, രണ്ടാം നമ്പര്‍ ജപ്പാന്റെ അകനെ യമാഗുച്ചി എന്നിവർക്ക് പുറമെ അമേരിക്കയുടെ ബെയ്‌വെന്‍ ഷാങ് എന്നിവരടങ്ങുന്ന എ ഗ്രൂപ്പിലാണ് ലോക ആറാം നമ്പര്‍ താരം സിന്ധു കളിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇത് മരണ ഗ്രൂപ്പായി കണക്കാക്കുന്നതും.

You must be logged in to post a comment Login