വൈകാരികപക്വതയും ജീവിത വിജയവും

വിജയ ചിന്ത:അഡ്വ.ചാര്‍ളി പോള്‍    സ്വന്തം വികാരങ്ങളെ തിരിച്ചറിയുക, വികാരങ്ങളെ നിയന്ത്രിച്ച് വരുതിയില്‍ നിറുത്തുക, സ്വയം പ്രചോദനത്തിന് വഴിയൊരുക്കുക, അന്യരുടെ വികാരങ്ങള്‍ അംഗീകരിക്കുക, മനുഷ്യബന്ധങ്ങള്‍  സമചിത്തതയോടെ കൈകാര്യം ചെയ്യുക എന്നിവയാണ് വൈകാരികപക്വതയുടെ മാനങ്ങള്‍.
ഒരു വ്യക്തിയുടെ ജീവിതവിജയത്തിനാവശ്യമായ ജീവിത നിപുണതകളെ ലോകാരോഗ്യസംഘടന പത്തായി തരം തിരിച്ചിട്ടുണ്ട്. (1) അവനവനെക്കുറിച്ചുള്ള ധാരണ (self awareness) (2) ഫലപ്രദമായ ആശയവിനിമയം (effective communication) (3) മറ്റുള്ളവരുടെ നില മനസ്സിലാക്കാനും  അംഗീകരിക്കാനുമുള്ള കഴിവ് (empathy) (4) വ്യക്തിബന്ധങ്ങള്‍ (inter personal relationship) (5) വൈകാരിക പൊരുത്തപ്പെടല്‍ (coping with emotions) (6) സമ്മര്‍ദ്ദങ്ങളുമായി പൊരുത്തപ്പെടല്‍ (coping with stress) (7) സര്‍ഗ്ഗാത്മക ചിന്ത (creative thinking) (8) വിമര്‍ശനാത്മക ചിന്ത (critical thinking) (9) തീരുമാനമെടുക്കാനുള്ള കഴിവ് (decision making) (10) പ്രശ്‌ന പരിഹാരം (problem solving) എന്നിവയാണ് ജീവിത നിപുണതകള്‍.
ഇവയെല്ലാം കൈവരിക്കുമ്പോള്‍ വൈകാരിക പക്വത ആര്‍ജ്ജിച്ചു എന്നുപറയാം.     ഒരാള്‍ എത്രമാത്രം വൈകാരികബുദ്ധിമാനമുള്ളയാളാണെന്ന് നിശ്ചയിക്കുന്നത് അഞ്ച് ഘടകങ്ങളാണ്. (1) സ്വയാവബോധം (self awareness) (2) ഉത്സാഹം (motivation)  (3) ആത്മ നിയന്ത്രണം (self control) (4) തന്മയീഭാവം (empathy) (5) ബന്ധങ്ങളിലെ ദൃഡത (adaptness in relationship) ഈ അഞ്ച് ഘടകങ്ങള്‍ സമന്വയിക്കുമ്പോഴാണ് വൈകാരിക പക്വത ആര്‍ജ്ജിക്കുന്നത്.
ആത്മനിയന്ത്രണം വൈകാരിക പക്വതയുടെ ആണിക്കല്ലാണ്. മനസ്സിന്റെ ബാലന്‍സ് നഷ്ടപ്പെടുന്നതാണ് ജീവിതപരാജയങ്ങളുടെ അടിസ്ഥാനം. മാനസിക നില തകരാറിലാകുന്ന പിരിമുറുക്കങ്ങളെയും നെഗറ്റീവ് ചിന്തകളെയും നിയന്ത്രിക്കുവാന്‍ സാധിക്കണം. അഹങ്കാരവും പുച്ഛഭാവവും ഒഴിവാക്കണം. മറ്റുള്ളവര്‍ക്ക് നെഗറ്റീവ് അനുഭവങ്ങള്‍ കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സന്തോഷവും അന്തസ്സും നിറഞ്ഞ സമീപനങ്ങളിലൂടെയാണ് വൈകാരിക പക്വത കൈവരിക്കാന്‍ കഴിയുക.
സ്റ്റീഫന്‍ കോവെ എഴുതിയ സെവന്‍ ഹാബിറ്റ്‌സ് ഓഫ് ഹൈലി ഇഫക്ടീവ് പീപ്പിള്‍ (the seven habits of highly effective people) എന്ന പുസ്തകത്തില്‍ വശ്യതയാര്‍ന്ന വ്യക്തിത്വത്തിന് ഒരു തത്വം പ്രതിപാദിച്ചിട്ടുണ്ട്. അത് വൈകാരിക പക്വതയെക്കുറിച്ചാണ്. be proactive, പ്രോ ആക്ടീവാകുക. പ്രതിസന്ധികളില്‍ യുക്തിപൂര്‍വ്വം നടത്തുന്ന പ്രതികരണത്തെയാണ് പ്രോ ആക്ടീവ് എന്ന് വിശേഷിപ്പിക്കുന്നത്. പ്രോ ആക്ടീവായി ഒരാള്‍ മാറുമ്പോള്‍ അയാള്‍ വൈകാരിക പക്വത കൈവരിച്ചു എന്നുപറയാം.     മന:സംയമനമാണ് വൈകാരിക പക്വത. മനസ്സിനെ ക്രമീകരിച്ചാല്‍ വൈകാരിക പക്വത നേടാനാകും. സംതൃപ്തിയുടെ ഉറവ ആരംഭിക്കേണ്ടത് മനസ്സില്‍ നിന്നുമാണ്. സ്വന്തം മനോഭാവത്തിലാണ് മാറ്റം വരുത്തേണ്ടത്.know yourself,control yourself,give yourself. സ്വയം അറിയുക, സ്വയം നിയന്ത്രിക്കുക, സ്വയം കൊടുക്കുക. ഗ്രീക്ക് ഫിലോസഫിയുടെ അന്തഃസത്തയാണിത്. വൈകാരിക പക്വതയുടെ അന്ത:സത്തയും ഇതുതന്നെ.

You must be logged in to post a comment Login