വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പ്രഖ്യാപിച്ചു; ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവര്‍ക്ക് പുരസ്‌കാരം (വീഡിയോ)

സ്റ്റോക്കോം: വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവരാണ് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട പഠനത്തിനാണ് പുരസ്‌കാരം.

കാന്‍സറിനെതിരെയുള്ള പോരാട്ടത്തില്‍ രോഗപ്രതിരോധ കോശങ്ങളിലെ നിര്‍ണായക പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാണ് ടസുകുവിന് പുരസ്‌കാരം. കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കുംവിധം പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിനാണ് അലിസണ് പുരസ്‌കാരത്തിന് അര്‍ഹനായത്.

മന്ദഗതിയിലായിരുന്ന കാന്‍സര്‍ ചികിത്സയെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്നതായിരുന്നു അലിസന്റെയും ടസുകുവിന്റെയും കണ്ടെത്തല്‍. പുതിയ കണ്ടെത്തലോടെ ഇമ്യൂണ്‍ ചെക്ക്‌പോയിന്റ് തെറപ്പിയില്‍ വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായത്. കാന്‍സര്‍ ചികിത്സയില്‍ ആഗോളതലത്തിലുണ്ടായ ചികിത്സാരീതി തന്നെ മാറ്റിമറിക്കുന്നതായി ഇരുവരുടെയും കണ്ടെത്തലുകള്‍.

അതേസമയം, ഒക്ടോബര്‍ രണ്ട് ചൊവ്വാഴ്ച ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിക്കും. ഒക്ടോബര്‍ മൂന്നിന് രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിക്കും. ഒക്ടോബര്‍ അഞ്ചിനാണ് ഏറ്റവും പ്രധാനപ്പെട്ട സമാധാനത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കുക. ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച സാമ്പത്തികശാസ്ത്രത്തിനുള്ള റിക്‌സ്ബാങ്ക് പുരസ്‌കാരം, ആല്‍ഫ്രെഡ് പുരസ്‌കാരം എന്നിവ പ്രഖ്യാപിക്കും.

You must be logged in to post a comment Login