വൈദ്യുതി മോഷ്ടിച്ച് മീന്‍ പിടിക്കുന്നതിനിടെ മരണം: മൂന്നുപേര്‍ അറസ്റ്റില്‍

സലിന്‍ കുമാര്‍
അറസ്റ്റിലായ വിനോദ്,വിമോദ്,ഷിബു

അടൂര്‍: വൈദ്യുതി മോഷ്ടിച്ച് തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ ഒപ്പമുള്ളയാള്‍ ഷോക്കേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അടൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. പെരിങ്ങനാട് മുണ്ടപ്പള്ളി സെറ്റില്‍മെന്റ് കോളനിയില്‍ വിനോദ് ഭവനില്‍ വിനോദ് (35), വിനോദ് ഭവനില്‍ വിമോദ് (28), ഷിബു ഭവനില്‍ ഷിബു (24) എന്നിവരെയാണ് അടൂര്‍ സി.ഐ എസ്. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. നെല്ലിമുകള്‍ ചക്കൂര്‍ച്ചിറ കമലാലയത്തില്‍ സലിന്‍ (45) ഷോക്കേറ്റു മരിച്ച സംഭവത്തിലാണ് അറസ്റ്റ്. വൈദ്യുതി മോഷ്ടിച്ചതിനും മനഃപൂര്‍വമല്ലാത്ത നരഹത്യക്കുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 2012 ഒക്ടോബര്‍ ഏഴിന് രാത്രി പത്തിന് സലിനും വിനോദു വിമോദും ഷിബുവും ചേര്‍ന്ന് നെല്ലിമുകളിനു സമീപം ഇലക്ട്രിക്വയര്‍ മുളങ്കമ്പില്‍ കൊളുത്തി വൈദ്യുതിലൈനില്‍ ഘടിപ്പിച്ച് വൈദ്യുതി എടുത്ത് മീന്‍ പിടിക്കുന്നതിനിടെയാണ് സലിന് ഷോക്കേറ്റത്. തുടര്‍ന്ന് അനേവഷണത്തിലിരിക്കുന്ന അസ്വാഭാവിക മരണങ്ങളെക്കുറിച്ച് അന്വേഷിച്ച് തീര്‍പ്പാക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. ശ്രീനിവാസ് നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനൊടുവില്‍ അറസ്റ്റ് നടന്നത്. ഇവരെ കോടതി റിമാന്റു ചെയ്തു.

You must be logged in to post a comment Login