വ്യവസായ വകുപ്പില്‍ വന്‍ അഴിച്ചുപണി; റിയാബ് ചെയര്‍മാന്‍ അടക്കം ഉള്ളവരെ മാറ്റി; നടപടി ഇ.പി. ജയരാജന്‍ വ്യവസായ വകുപ്പ് മന്ത്രിയായതോടെ

 

തിരുവനന്തപുരം: വ്യവസായവകുപ്പില്‍ വന്‍ അഴിച്ചുപണി. റിയാബ് ചെയര്‍മാന്‍ അടക്കം ഉള്ളവരെ മാറ്റി. ഇ.പി ജയരാജന്‍ വ്യവസായ വകുപ്പ് മന്ത്രിയായതോടെയാണ് ഉന്നത തസ്തികയില്‍ അഴിച്ചുപണി നടത്തുന്നത്.

പൊതുമേഖല സ്ഥാപനങ്ങളുടെ മോണിറ്ററിങ് ചുമതലയുള്ള റിയാബ് ചെയര്‍മാനായിരുന്ന ഡോ. എം.പി സുകുമാരന്‍ നായരെ നീക്കി. കെഎംഎംഎല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഇദ്ദേഹത്തെ ഒഴിവാക്കി. എളമരം മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശശിധരന്‍ നായരാണ് റിയാബിന്റെ പുതിയ ചെയര്‍മാന്‍.

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന എം.പി സുകുമാരന് പുതിയ ചുമതലയും നല്‍കിയിട്ടില്ല. ഇ.പി ജയരാജന്റെ ബന്ധുനിയമന വിവാദത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതാണ് സുകുമാരനെ മാറ്റാന്‍ കാരണമെന്ന ആരോപണം നിലനില്‍ക്കുന്നു.

റിയാബ് സെക്രട്ടറി സുരേഷിനെ മാറ്റി കെ.ജി വിജയകുമാരന്‍ നായരെ പുതിയ സെക്രട്ടറിയായി നിയമിച്ചു. മലബാര്‍ സിമന്റ്‌സിന്റെ പുതിയ എം ഡിയായി എം.മുരളീധരനെ നിയമിച്ചു. കാഷ്യൂ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ എം.ഡിയായി രാജേഷ് രാമകൃഷ്ണനെ നിയമിച്ചു.

സംസ്ഥാനത്തെ പൊതുമേഖല സ്പിന്നിംഗ് മില്ലുകളിലും പുതിയ എം.ഡി മാരെ ഉടന്‍ നിയമിക്കും. വിവിധ പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നത തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മതിയായ യോഗ്യതയില്ലെന്ന പരാതിയും വ്യവസായ വകുപ്പ് പരിശോധിച്ച് വരുകയാണ്.

You must be logged in to post a comment Login