വ്യാജഹര്‍ത്താല്‍: താനൂര്‍,തിരൂര്‍, പരപ്പനങ്ങാടി മേഖലകളില്‍ ഒരാഴ്ച്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

വ്യാജഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ നിയന്ത്രണരഹിതമായതിനെ തുടര്‍ന്ന് താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ഒരാഴ്ച്ചത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ കല്ലേറില്‍ പതിനൊന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

അതേസമയം വ്യാജഹര്‍ത്താലിന്റെ പേരിലുള്ള അക്രമങ്ങള്‍ തുടരുകയാണ്. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡിലിട്ട കല്ലെടുത്ത് മാറ്റിയ പോലീസുകാരനെ ഒരു സംഘം മര്‍ദ്ദിച്ച് അവശനാക്കി. സിവില്‍ പോലീസ് ഓഫീസര്‍ കൃഷ്ണദാസിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ മുപ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയാണ്.

കൊച്ചിയില്‍ ഹര്‍ത്താലിന്റെ പേരില്‍ ബ്രോഡ് വേ മറൈന്‍ ഡ്രൈവ് പരിസരത്തെ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ കലവൂരില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച ഹര്‍ത്താല്‍ അനുകൂലികള്‍ക്കു നേരെ പോലീസ് ലാത്തി വീശി. നഗരത്തില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച 26 പേര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം പൊന്നാന്നിയില്‍ പ്രതിഷേധക്കാരെ ഓടിക്കാന്‍ പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജിനിടെ പതിനാല് വയസ്സുകാരന് വീണ് പരിക്കേറ്റു.

കണ്ണൂരില്‍ രാവിലെ മുതല്‍ വാഹനങ്ങള്‍ തടയുകയും ബലമായി കടകള്‍ അടപ്പിക്കുകയും ചെയ്ത ഒരുസംഘം ഉച്ചയ്ക്ക് പന്ത്രണ്ടോടെ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ സംഘര്‍ഷമായി.

You must be logged in to post a comment Login