വ്യാപാര യുദ്ധം തുടങ്ങി; പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളുമായി ഇന്ത്യ

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാമക്രണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെ സാമ്പത്തിക ഘടനയില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. രാജ്യാന്തര തലത്തിലെ നീക്കത്തിലൂടെ പാകിസ്താന്റെ സമ്പത്ത് ഘടനയെ കൂടുതല്‍ ക്ഷയിപ്പിക്കുകയാണ് ലക്ഷ്യം. എഫ് എ ടി എഫ് എന്ന് അറിയപ്പെടുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റിലാണ് പാകിസ്താന്‍ ഇപ്പോഴുള്ളത്. രാജ്യാന്തര വ്യാപാരത്തേയും സാമ്പത്തിക ക്രയവിക്രയങ്ങളെയും പാകിസ്താന് സാധാരണ രീതിയില്‍ ഇതു മൂലം നടത്താന്‍ സാധിക്കില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയാണ് പാകിസ്താനെതിരെ രംഗത്തു വന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2018 ജൂണില്‍ പാകിസ്ഥാനെതിരെ നടപടി സ്വീകരിച്ച എഫ്എടിഎഫ് തീവ്രവാദ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യുന്നതിനായി 27 നിര്‍ദേശങ്ങളും അവര്‍ക്ക് നല്‍കിയിരുന്നു. ഇവ കൃത്യമായി പിന്‍തുടര്‍ന്നുവെന്ന് രാജ്യന്തര സമൂഹത്തെ ബോധിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ പട്ടികയില്‍ നിന്ന് പാകിസ്താന് ഒഴിവാകാന്‍ സാധിക്കൂ.

ഇന്നു മുതല്‍ പാരീസില്‍ ചേരുന്ന എഫ്എടിഎഫ് യോഗത്തില്‍ പുല്‍വാമ ഭീകരാക്രമണം ഉയര്‍ത്തിക്കാട്ടി പാകിസ്താനെതിരെയുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യം ഇന്ത്യ ഉന്നയിക്കും. മൂന്നു ഘട്ടങ്ങളിലായി തീവ്രവാദത്തെ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ പാകിസ്താന്‍ വിശദീകരിക്കണമെന്നാണ് ചട്ടം. നടപടികള്‍ തൃപ്തികരമല്ലെങ്കില്‍ അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ പാകിസ്താന്റെ സ്ഥാനം കരിമ്പട്ടികയിലേക്ക് മാറും.

അതേസമയം, പാകിസ്താനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ കസ്റ്റംസ് തീരുവ ഇന്ത്യ വര്‍ധിപ്പിച്ചു. 200 ശതമാനമാണ് തീരുവ വര്‍ധിപ്പിച്ചത്. നേരത്തെ, ആക്രമണത്തിനു പിന്നാലെ പാകിസ്താന്റെ സൗഹൃദരാഷ്ട്ര പദവി ഇന്ത്യ റദ്ദാക്കിയിരുന്നു. കോട്ടണ്‍, രാസവസ്തുക്കള്‍, പ്ലാസ്റ്റിക് തുടങ്ങിയവയാണ് ഇന്ത്യ പാകിസ്താനില്‍ നിന്ന് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.

പാകിസ്ഥാനുമായള്ള സൗഹ്യദ രാഷ്ട്ര പദവി ഇന്ത്യ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനം വര്‍ധിപ്പിക്കുകയാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഗാട്ട് കരാറനുസരിച്ച് വ്യാപാരബന്ധത്തിന് ഇളവുകള്‍ നല്‍കുന്ന ‘സൗഹൃദരാജ്യ’പദവി ഇന്ത്യ റദ്ദാക്കിയത്.

അതേസമയം, ചാവേറുകള്‍ക്ക് സംരക്ഷണമൊരുക്കുന്ന പാകിസ്താന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. തെക്കുകിഴക്കന്‍ ഇറാനില്‍ ബുധനാഴ്ച നടന്ന ചാവേര്‍ ആക്രമണത്തില്‍ മരണപ്പെട്ട റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ സംസ്‌കാര ചടങ്ങിനിടെയായിരുന്നു കമാന്‍ഡര്‍ മേജര്‍ മുഹമ്മദ് അലി ജഫാരിയുടെ പ്രസ്താവന.ഇന്ത്യയില്‍ നടന്ന ഭീകരാക്രമണത്തോടെ പാകിസ്താന്‍ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. ഇന്ത്യ തിരിച്ചടിച്ചത് ഇറാനും നോക്കി നില്‍ക്കില്ല. അതേസമയം പാകിസ്താനെ സഹായിക്കാന്‍ ചൈന തുനിഞ്ഞാല്‍ റഷ്യ ഇടപെടുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഇതിനിടെ സൗദി കിരീടാവകാശിയുടെ പാകിസ്താന്‍ സന്ദര്‍ശനം നീട്ടി വെച്ചതും ദശ കോടികളുടെ സഹായം ലഭിക്കാതായതും പാകിസ്താന് വലിയ തിരിച്ചടി ആയിട്ടുണ്ട്. ചാവേറുകള്‍ക്ക് പാകിസ്താന്‍ താവളമൊരുക്കുകയാണ്.പാക് സേനയാണ് അവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്നത്. പാകിസ്താന്‍ ഗവണ്‍മെന്റ് അവരെ ശിക്ഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായി തിരിച്ചടിയുണ്ടാകും. അവരെ പിന്തുണയ്ക്കാനാണ് തീരുമാനമെങ്കില്‍ പാകിസ്താന്‍ അതിന്റെ ഫലം അനുഭവിക്കുമെന്നും ഇറാന്‍ പറഞ്ഞു. അമേരിക്കയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

You must be logged in to post a comment Login