വർക്കിക്ക്‌ വേണ്ടി ടിനി ടോമിന്റെ ‘സിലോടിയാവേ’; സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

നടനും സംവിധായകനുമായ നാദിർഷയുടെ അനുജൻ സമദ് സുലൈമാൻ നായകനാകുന്ന ‘വർക്കി’ എന്ന ചിത്രത്തിന്റെ പ്രൊമോ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. നടൻ ടിനി ടോം ആലപിച്ചിരിക്കുന്ന ‘സിലോടിയാവേ’എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികളാണ് ശ്രദ്ധേയമാകുന്നത്.

സാലി സുലൈമാനും നവാഗത സംവിധായകനായ ആദർശ് വേണുഗോപാലും ചേർന്നാണ് ഗാനം രചിച്ചിരിക്കുന്നത്. ഫ്രാൻസിസ് ബാബുവാണ് ഈ പ്രൊമോഷണൽ ഗാനത്തിന്റ സംഗീതം നിർവഹിച്ചിരിക്കുന്നത്. തൃശൂരാണ് ചിത്രത്തിന്റെ പശ്ചാത്തലം. മേപ്പാടൻ ഫിലിംസിന്റെ ബാനറിൽ ബിജു മണികണ്ഠനാണ് ചിത്രം നിർമിക്കുന്നത്.

നിരവധി ചിത്രങ്ങളിൽ അതിഥി വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള സമദ് സുലൈമാൻ നായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
ദർശന എന്ന പുതുമുഖമാണ് ചിത്രത്തിലെ നായിക.

ജാഫർ ഇടുക്കി, അലൻസിയർ, ശ്രീജിത്ത് രവി ,മാല പാർവതി, കൃഷ്ണപ്രഭ , മിഥുൻ, ജോമോൻ ജോഷി, സൂരജ് സുകുമാർ നായർ എന്നിങ്ങനെ നിരവധിപേർ അണിനിരക്കുന്ന ചിത്രത്തിന്റെ ഗാനവും മോഷൻ പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. മാർച്ച് അവസാനത്തോടെ വർക്കി തീയറ്ററുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.

You must be logged in to post a comment Login