ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി; ശബരിമല കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. അക്രമസാധ്യത നിലനില്‍ക്കുന്നതിനാലാണ് നിയന്ത്രണങ്ങള്‍. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കുന്നതിനാണ് നിയന്ത്രണങ്ങള്‍. നടപ്പന്തല്‍ സന്നിധാനത്തിന്റെ ഹൃദയഭൂമിയാണെന്നും സമരഭൂമിയാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അക്രമികള്‍ നാമം ജപിച്ചാല്‍ അക്രമികള്‍ അല്ലാതാകുന്നില്ല. അവര്‍ക്കെതിരെ നടപടിയെടുക്കും. ശബരിമലയില്‍ നിരീക്ഷണ സമിതിയെ നിയോഗിച്ചത് പുതിയ കാര്യമല്ല. ശബരിമലയില്‍ ഹൈക്കോടതി ഇടപെടലുകള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ശബരിമല കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിധി മുഖ്യമന്ത്രിയും സര്‍ക്കാരും ചോദിച്ച് വാങ്ങിയതാണെന്ന് വി.എസ്.ശിവകുമാര്‍ പറഞ്ഞു. ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്‍. ആര്‍എസ്എസിനെ വളര്‍ത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും വി.എസ്.ശിവകുമാര്‍ ആരോപിച്ചു.

ബിജെപിയുമായി സിപിഐഎം ഒത്തുകളിക്കുകയാണ് എന്ന് പ്രതിപക്ഷം ആരോപിച്ചു. ഒത്തുകളി നിങ്ങള്‍ തമ്മിലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ശബരിമലയില്‍ അനാവശ്യനിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചതിനെക്കുറിച്ച്  ചര്‍ച്ചചെയ്യണമന്നാവശ്യപ്പെട്ടുളള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് നേരത്തെ അനുമതി നല്‍കി. യുവതീപ്രവേശവിധിയെ പ്രതിപക്ഷ പാര്‍ട്ടികള്‍  ആദ്യം  അനുകൂലിച്ചെന്ന് മുഖ്യമന്ത്രി  പറഞ്ഞു. കോടതിവിധി നടപ്പാക്കുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സൗകര്യമൊരുക്കേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.  ക്രമസമാധാന പാലനത്തിനാണ് നിരോധനാജ്‍ഞ ഉള്‍പ്പെടെ പ്രയോഗിച്ചത്.  പൊലീസ് നടപടി സ്വീകരിച്ചതുകൊണ്ടാണ് ചിത്തിര ആട്ടസമയത്തെ സംഭവങ്ങള്‍ മണ്ഡലകാലത്ത് ആവര്‍ത്തിക്കാതിരുന്നത്. അയോധ്യയില്‍ നടന്നതിന് സമാനസാഹചര്യം ശബരിമലയിലുണ്ടാക്കാന്‍ ശ്രമമുണ്ട്. പരസ്യമായ ആചാരലംഘനവും ശബരിമലയില്‍ നടന്നു. നിരോധനാജ്ഞ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയത് ക്രമസമാധാനപാലനത്തിനാണ്.

ഭക്തരുടെ സഹായത്തിനാണ് പൊലീസ് നടപടി. അക്രമഭീഷണി നിലനില്‍ക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു നോട്ടിസിന്മേല്‍ നിയമസഭയില്‍ ചര്‍ച്ച തുടരുകയാണ്.

You must be logged in to post a comment Login