ശബരിമലയില്‍ തിരക്ക് തുടങ്ങി; പ്രതിഷേധക്കാരെ നേരിടാന്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍ വലഞ്ഞ് ഭക്തര്‍; വിരിവയ്ക്കാനും കാണിക്ക അര്‍പ്പിക്കാനും നിയന്ത്രണം

ശബരിമല: നട തുറന്ന് മൂന്നാം ദിവസമായ ഇന്ന് ശബരിമലിയില്‍ തിരക്ക് തുടങ്ങി. ഇന്ന് രാവിലെയാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിട്ടത്. എന്നാല്‍ പ്രതിഷേധക്കാരെ നേരിടാന്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍ സന്നിധാനത്ത് ഭക്തരും വലയുകയാണ്. വിശ്രമിക്കാനും നെയ്യഭിഷേകത്തിന് കാത്തിരിക്കാനും അനുവദിക്കാതെ സന്നിധാനത്തു നിന്ന് ഭക്തരെ പൊലീസ് നിര്‍ബന്ധപൂര്‍വം മടക്കി അയക്കുന്നത് തുടരുന്നു. കാണിക്ക അര്‍പ്പിക്കാനും നിയന്ത്രണമുണ്ട്.

രാത്രി നടയടച്ചശേഷം സന്നിധാനത്ത് വിരിവെച്ച കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ പമ്പയിലേക്ക് മടക്കിയയച്ചു. ഉറങ്ങിക്കിടന്നവരെ ലാത്തികൊണ്ട് തട്ടി ഉണര്‍ത്തിയാണ് മടങ്ങിപ്പോകാനാവശ്യപ്പെട്ടത്. താഴെതിരുമുറ്റത്ത് നില്‍ക്കാനും അനുവാദമില്ല. ഇവിടെ ബാരിക്കേഡുകള്‍വെച്ച് അടച്ചു. മടങ്ങിപ്പോകുന്നവരെ വലിയനടപ്പന്തലിനരികിലെ മേല്‍പ്പാലം വഴിയാണ് വിടുന്നത്. സാധാരണ തിരക്കേറിയ സമയത്തുമാത്രമാണ് ഈ വഴി ഉപയോഗിക്കുക. ആയിരക്കണക്കിന് ഭക്തര്‍ വിരിവെക്കുന്ന വലിയനടപ്പന്തലില്‍ ഇപ്പോള്‍ പൊലീസ് മാത്രമാണുള്ളത്. വാവര്‍ നടയിലേക്ക് പോകുന്നതിനും ഇത് തടസ്സമായി. ഇതുകടന്നുവേണം അപ്പം, അരവണ കൗണ്ടറിലേക്ക് പോകാന്‍. വാവരുനടയിലെ വരുമാനത്തില്‍ മൂന്നിലൊന്ന് കുറവു വന്നതായി വാവരുടെ പ്രതിനിധി പറഞ്ഞു. തിരക്കില്ലാതിരുന്നിട്ടും ശനിയാഴ്ച പകലും ഭക്തരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിച്ചില്ല. മലയിറങ്ങുന്ന ഭക്തര്‍ പതിനെട്ടാംപടിയുടെ വലതുവശത്ത് നാളികേരമുടച്ച് തൊട്ടടുത്തുള്ള കൗണ്ടറില്‍ മഹാകാണിക്ക അര്‍പ്പിക്കാറുണ്ട്. ഇവിടേക്ക് കടക്കാനുള്ള ഭാഗം വടംകെട്ടി പൊലീസ് കാവലിലാണ്. പൊലീസുകാരോട് അനുവാദം വാങ്ങിയശേഷമേ ഭക്തര്‍ക്ക് ഉള്ളിലേക്ക് കടക്കാന്‍ കഴിയൂ. അതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തര്‍ ഈഭാഗത്തേക്ക് പോകുന്നില്ല.

അനാവശ്യ നിയന്ത്രണങ്ങളില്‍ കടുത്ത പ്രതിഷേധത്തിലാണ് ദേവസ്വംബോര്‍ഡ്. വരുമാനത്തില്‍ വന്‍കുറവ് ഉണ്ടായതായി അധികൃതര്‍ പറയുന്നു. മഹാകാണിക്കയ്ക്കുസമീപമുള്ള അന്നദാന സംഭാവന കൗണ്ടറില്‍ സാധാരണ മണ്ഡലകാലത്ത് ഒരു ദിവസം അഞ്ചുലക്ഷം രൂപ വരെ ലഭിക്കാറുണ്ട്. എന്നാല്‍, ഇത്തവണ നട തുറന്നശേഷം കാര്യമായ സംഭാവന ലഭിച്ചിട്ടില്ല. ഭക്തരെ തടയുന്നതാണ് ഇതിനുകാരണമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.

നിയന്ത്രണം കാരണം അയ്യപ്പന്മാര്‍ക്ക് പല കൗണ്ടറുകളിലും എത്താന്‍ കഴിയുന്നില്ലെന്ന് അവലോകന യോഗത്തില്‍ പരാതിയുയര്‍ന്നു. ആഴിക്ക് സമീപമുള്ള അപ്പം, അരവണ കൗണ്ടറുകളില്‍ വില്‍പ്പന വളരെ കുറവാണ്. കാര്യമായ നിയന്ത്രണമില്ലാത്ത മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തെ കൗണ്ടറില്‍ നല്ല വില്‍പ്പനയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

You must be logged in to post a comment Login