ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന വിധി നിലനിൽക്കുന്നതായി ജസ്റ്റിസ് ഗവായ്

ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന് ജസ്റ്റിസ് ഗവായ്. ഇപ്പോൾ സ്ത്രീകൾക്ക് ശബരിമലയിൽ പോകാൻ ഒരു തടസവുമില്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. പന്തളം കൊട്ടാരത്തിന്റെ കേസ് സുപ്രീംകോടതി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് ഗവായിയുടെ നിരീക്ഷണം.

എൻ.വി രമണ അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ഇതിനിടെ, ശബരിമലയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് സുപ്രീം കോടതി നടത്തിയത്. ഇത്രയധികം ഭക്തർ എത്തുന്ന ക്ഷേത്രത്തിനായി പ്രത്യേക നിയമം ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ചോദിച്ചു. മറ്റു ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യരുത്. വർഷം അമ്പതു ലക്ഷം ഭക്തർ എത്തുന്ന ക്ഷേത്രമാണ് ശബരിമല. സ്ത്രീകളെ ശബരിമല ഭരണ സമിതിയിൽ ഉൾപ്പെടുത്തുന്നതിനെയും കോടതി വിമർശിച്ചു. ഏഴംഗബെഞ്ചിന്റെ വിധി എതിരായാൽ എന്തുചെയ്യുമെന്നും കോടതി ചോദിച്ചു.

ശബരിമല പുനപരിശോധനാ ഹർജികളുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ തുടർന്ന് സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും നിയമോപദേശം തേടിയിരുന്നു. യുവതികളെ പ്രവേശിപ്പിക്കേണ്ടെന്നായിരുന്നു മുതിർന്ന അഭിഭാഷകർ നൽകിയ നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തവണ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടെന്നും സർക്കാർ തീരുമാനിച്ചിരുന്നു.

You must be logged in to post a comment Login