ശബരിമലയിൽ സർക്കാരിന് രാജാവിനെക്കാൾ വലിയ രാജഭക്തി: ഇത് നയവ്യതിയാനമെന്ന് പുന്നല ശ്രീകുമാർ

 

 

തിരുവനന്തപുരം: ശബരിമല വിഷയത്തിലെ കേരള സര്‍ക്കാരിന്‍റെ പുതിയ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുുമാര്‍. ശബരിമലയിൽ സര്‍ക്കാര്‍ കാണിക്കുന്നത് രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണെന്ന് പുന്നല ശ്രീകുമാര്‍ വിമര്‍ശിച്ചു. യുവതികളെ തത്കാലം ശബരിമലയിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാട് സര്‍ക്കാരിന്‍റെ നയവ്യതിയാനമാണെന്നും ഇത് കേരള സര്‍ക്കാര്‍ മുൻകൈയെടുത്ത് രൂപീകരിച്ച നവോത്ഥാന സമിതിയെ അടക്കം ദോഷകരമായി ബാധിക്കുമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.

സുപ്രീം കോടതിയുടെ പുതിയ നടപടിയോടെ 2018ലെ യുവതീപ്രവേശന വിധി സ്റ്റേ ചെയ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ സ്ത്രീപ്രവേശനം വേണ്ടെന്ന നിലപാട് ശരിയല്ല. ഇത് സര്‍ക്കാര്‍ മുൻപ് സുപ്രീം കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തിന് എതിരാണെന്ന് പുന്നല ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. ദര്‍ശനം നടത്തണമെങ്കിൽ യുവതികള്‍ കോടതി ഉത്തരവുമായി വരണമെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രസ്താവന സത്യപ്രതിജ്ഞാലംഘനവും നിയമലംഘനവുമാണെന്ന് പുന്നല ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, വിഷയം ഏഴംഗ ബെഞ്ചിന് വിട്ട സുപ്രീം കോടതി നടപടിയുടെ പശ്ചാത്തലത്തിൽ യുവതീപ്രവേശനം അനുവദിക്കുന്ന 2018 സെപ്റ്റംബറിലെ വിധി സ്റ്റേ ചെയ്യപ്പെട്ടു എന്നാണ് സംസ്ഥാന സര്‍ക്കാരിന് അഡ്വക്കറ്റ് ജനറൽ നല്‍കിയിരിക്കുന്ന നിയമോപദേശം. ഈ സാഹചര്യത്തിൽ ദര്‍ശനത്തിനെത്തുന്ന യുവതികളെ പമ്പയിൽ വെച്ച് പോലീസ് തടയുമെന്നാണ് അറിയുന്നത്. കൂടാതെ സുപ്രീം കോടതി വിധി വിവിധ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തിൽ സര്‍ക്കാര്‍ മുൻകൈയെടുത്ത് സ്ത്രീകള്‍ക്ക് സംരക്ഷണമൊരുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്. തത്കാലം യുവതികളെ ശബരിമലയിൽ അനുവദിക്കേണ്ടെന്നാണ് സിപിഎം സ്വീകരിച്ചിരിക്കുന്ന നിലപാടും.

അതേസമയം, സുപ്രീം കോടതി വിധി സ്റ്റേ ചെയ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ സര്‍ക്കാര്‍ നിലപാട് മാറ്റുകയാണെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ ഏഴംഗ ബെഞ്ചിന് വിട്ട കോടതി നടപടിയും യുവതികളെ പ്രവേശിപ്പിക്കുന്നില്ലെന്ന സര്‍ക്കാര്‍ നിലപാടും സ്വാഗതം ചെയ്ത് തന്ത്രികുടുംബം അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

You must be logged in to post a comment Login