ശബരിമല നട ഇന്ന് തുറക്കും: സമാധാന പ്രതീക്ഷയിൽ പുതിയൊരു മണ്ഡലകാലം

ശബരിമല നട ഇന്ന് തുറക്കും: സമാധാന പ്രതീക്ഷയിൽ പുതിയൊരു മണ്ഡലകാലം
പമ്പ: മണ്ഡല മകരവിളക്കുത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും.വൈകുന്നേരം 5 മണിക്ക് കണ്ടരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ നട തുറക്കും. പ്രതിസന്ധികൾ നിറഞ്ഞ ഒരു തീർഥാടന കാലത്തിന് പിന്നാലെയാണ് സമാധാന പ്രതീക്ഷയിൽ പുതിയൊരു മണ്ഡലകാലത്തിന് തുടക്കമാകുന്നത്.

വൈകുന്നേരം 5 മണിക്ക് നട തുറന്നാൽ ആഴിയിൽ ദീപം തെളിയിച്ച ശേഷം പുതിയ മേൽശാന്തിമാരെ അവരോധിക്കും. രാവിലെ മുതൽ തന്നെ വിശ്വാസികൾക്ക് സമയനിയന്ത്രണമില്ലാതെ മല ചവിട്ടാം. സ്വകാര്യ വാഹനങ്ങൾക്ക് കഴിഞ്ഞ വർഷത്തെ പോലെ നിലയ്ക്കലിൽ യാത്ര അവസാനിപ്പിക്കണം. എന്നാൽ സന്നിധാനത്ത് തങ്ങുന്നതിന് ഭക്തർക്ക് വിലക്കില്ല.

നിലക്കൽ മുതൽ പമ്പ വരെ കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും. സംഘർഷം ഒഴിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ വേണ്ടെന്ന നിലപാടാണ് ജില്ലാ ഭരണകൂടത്തിന്. കഴിഞ്ഞ തവണത്തേതിന് സമാനമായ സുരക്ഷാ നിയന്ത്രണവുമില്ല. സ്ത്രീകൾ ദർശനത്തിന് എത്തുന്നത് അടക്കമുള്ള വിഷയങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ശബരിമലയിൽ പ്രശ്നങ്ങളുണ്ടാകാത്ത വിധത്തിൽ ഭക്തർക്ക് ദർശനാവസരം ഒരുക്കുമെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിരിക്കുന്നത്.

You must be logged in to post a comment Login