ശബരിമല; പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നതുവരെ കാത്തിരിക്കണമെന്ന് സുപ്രിംകോടതി

പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നതുവരെ ശബരിമല പ്രവേശത്തിന് കാത്തിരിക്കണമെന്ന് സുപ്രിംകോടതി. ശബരിമല ദര്‍ശനത്തിന് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു സുപ്രിംകോടതിയുടെ നിര്‍ദേശം.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്. ശബരിമലയിലെ യുവതി പ്രവേശത്തെക്കുറിച്ചുള്ള വിധി നിലവില്‍ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്. അതിനാല്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നതുവരെ കാത്തിരിക്കണമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.

എന്നാല്‍ വിധിക്ക് നിലവില്‍ സ്റ്റേ ഇല്ലാത്തിനാല്‍ ദര്‍ശനം നടത്തുന്നതിന് യാതൊരു തടസവുമില്ലെന്നും പൊലീസ് സംരക്ഷണം ഒരുക്കുന്നില്ലെന്നും ബിന്ദു അമ്മിണിയുടെ അഭിഭാഷകയായ ഇന്ദിരജയ്‌സിംഗ് അറിയിച്ചു. എന്നാല്‍ വളരെ വൈകാരികമായ അന്തരീക്ഷമാണ് നിലവില്‍ ശബരിമലയിലുള്ളതെന്ന് സുപ്രിംകോടതി പറഞ്ഞു. അതുകൊണ്ട് ഒരുതരത്തിലുള്ള സംഘര്‍ഷത്തിനും ആഗ്രഹിക്കുന്നില്ല. വിഷയത്തില്‍ ഒരു തരത്തിലുമുള്ള ഉത്തരവിറക്കുന്നില്ലെന്നും സുപ്രിംകോടതി അറിയിച്ചു.

You must be logged in to post a comment Login