ശബരിമല പ്രവേശനം: വെള്ള സ്വിഫ്റ്റ് കാറില്‍ തൃപ്തി ദേശായിയെ കണ്ടെന്ന് വിവരം; പൊലീസ് ജാഗ്രതയില്‍

തൊടുപുഴ: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ തൊടുപുഴയില്‍ കണ്ടെന്ന വിവരത്തെ തുടര്‍ന്നു കോട്ടയം, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദേശം കൈമാറി. തൊടുപുഴയ്ക്കു സമീപം മുട്ടം ഭാഗത്തു വച്ചാണു ഇന്നു 12.30നു തൃപ്തി ദേശായിയെ കണ്ടതെന്നാണു ഒരു ശബരിമല തീര്‍ഥാടകന്‍ പത്തനംതിട്ട സ്‌പെഷല്‍ ബ്രാഞ്ചില്‍ വിവരം അറിയിച്ചത്.

തുടര്‍ന്ന് ഈ വിവരം ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കു കൈമാറി. വെള്ള സ്വിഫ്റ്റ് കാറില്‍ മുട്ടം ഭാഗത്തു കൂടി ഇവര്‍ കടന്നു പോയെന്നാണു വിവരം. മേലുകാവ് ഈരാറ്റുപേട്ട എരുമേലി ഭാഗത്തേക്ക് ഇവര്‍ പോകാന്‍ സാധ്യതയുണ്ടെന്നും ശബരിമലയില്‍ പ്രവേശിക്കാനാണു ഇവര്‍ ഉദേശിക്കുന്നതെന്നും പൊലീസ് പറയുന്നു.

അതേസമയം, തൃപ്തി ദേശായിയുടെ ഫോണില്‍ വിളിച്ചപ്പോള്‍ ഒരു പുരുഷനാണു കോള്‍ അറ്റന്‍ഡ് ചെയ്തത്. തൃപ്തി ദേശായി പുണെയില്‍ തന്നെ ഉണ്ടെന്നും ഒരു യോഗത്തില്‍ പങ്കെടുക്കുകയാണെന്നുമാണ് ഇയാള്‍ പറയുന്നത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പമ്പയില്‍ പോയിട്ടുണ്ട്.

You must be logged in to post a comment Login