Breaking News

ശബരിമല പ്രശ്‌നം: യുഡിഎഫ് നിയമസഭാ കവാടത്തിലും ബിജെപി സെക്രട്ടേറിയറ്റിന് മുന്നിലും നടത്തിവരുന്ന സമരങ്ങള്‍ ഇന്ന് നാലാം ദിവസത്തില്‍

തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തില്‍ യുഡിഎഫ് നിയമസഭാ കവാടത്തിലും ബിജെപി സെക്രട്ടേറിയറ്റിന് മുന്നിലും നടത്തിവരുന്ന സമരങ്ങള്‍ ഇന്ന് നാലാം ദിവസത്തില്‍. യുഡിഎഫ് എംഎല്‍എമാരായ വി.എസ്.ശിവകുമാര്‍, എന്‍.ജയരാജ്, പാറയ്ക്കല്‍ അബ്ദുള്ള എന്നിവരാണ് നിയമസഭാകവാടത്തിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹസമരം നടത്തുന്നത്. ശബരിമലക്കൊപ്പം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ അറസ്റ്റിനെതിരെയുമാണ് ബിജെപിയുടെ അനിശ്ചിതകാല സമരം. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാണ് സമരം നയിക്കുന്നത്.

അതേസമയം, കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതാമതില്‍ തീര്‍ക്കാനുള്ള നവോത്ഥാന സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് ഔദ്യോഗിക തുടക്കമാകും. സംഘാടകസമിതിയുടെ സംസ്ഥാനതല ഓഫീസിന്റെ ഉദ്ഘാടനം വൈകീട്ട് തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യങ്കാളി മന്ദിരത്തില്‍ മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും. എല്‍ഡിഎഫ് തീരുമാനപ്രകാരം ഇടതുവനിതാസംഘടനകളുടെ സംസ്ഥാനതല യോഗവും ഇന്ന് തിരുവനന്തപുരത്ത് നടക്കും. വനിതാമതില്‍ വിജയിപ്പിക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനാണ് യോഗംവിളിച്ചുചേര്‍ത്തിരിക്കുന്നത്.

You must be logged in to post a comment Login