ശബരിമല: പ്രേമചന്ദ്രന്റെ ബില്ലിനെ കേന്ദ്രം അനുകൂലിക്കുമോ? ഇടതു പാര്‍ട്ടികളുടെ നിലപാടിലും ആകാംക്ഷ

0521_sabarimala_f1

ന്യൂഡല്‍ഹി: ആചാര സംരക്ഷണത്തിന് പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാനുള്ള ആര്‍എസ്പി അംഗം എന്‍കെ പ്രേമചന്ദ്രന്റെ നീക്കത്തോടെ ശബരിമല വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്തെത്തി. ബില്ലിനെ കേന്ദ്ര സര്‍ക്കാര്‍ പിന്തുണയ്ക്കുമോയെന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം. തെരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഇടതു പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ എന്തു നിലപാടു സ്വീകരിക്കുമെന്നതും രാഷ്ട്രീയ രംഗത്ത് ആകാംക്ഷയുണര്‍ത്തുന്നുണ്ട്.

ശബരിമല ആചാര സംരക്ഷണത്തിനുള്ള സ്വകാര്യ ബില്‍ നാളെയാണ് പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുക. പതിനേഴാം ലോക്‌സഭയിലെ ആദ്യ ബില്‍ ആണിത്. ശബരിമല ക്ഷേത്രത്തില്‍ 2018 സെപ്തംബര്‍ ഒന്നിനു നിലവിലുണ്ടായിരുന്ന ആചാരങ്ങള്‍ തുടരണമെന്നാണ് ബില്ലിലെ മുഖ്യ വ്യവസ്ഥ. നിയമ മന്താലയം പരിശോധിച്ച ശേഷമാണ് ബില്ലിന് അവതരണാനുമതി നല്‍കിയിട്ടുള്ളത്.

ശബരിമലയിലെ ആചാര സംരക്ഷണത്തിന് നടപടിയെടുക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള ബിജെപി ബില്ലിനോട് എന്തു നിലപാടു സ്വീകരിക്കുമെന്ന ചര്‍ച്ചയാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ ബിജെപി ഇതുവരെ നിലപാടു വ്യക്തമാക്കിയിട്ടില്ല. ശബരിമല ആചാരം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സുപ്രിം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അതു ഫലം കണ്ടില്ലെങ്കില്‍ പാര്‍ലമെന്ററി രീതിയില്‍ പരിഹാരത്തിനു ശ്രമിക്കുമെന്നും പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപി അനുകൂലിക്കുന്ന പക്ഷം, പുതിയ ചരിത്രം കുറിച്ച് പ്രേമചന്ദ്രന്റെ സ്വകാര്യ ബില്‍ നിയമമായി മാറാം. എന്നാല്‍ അതിനു സാധ്യത കുറവാണെന്നാണ് പാര്‍ലമെന്ററി വൃത്തങ്ങള്‍ പറയുന്നത്. സര്‍ക്കാര്‍ അനുകൂലിക്കുകയാണെങ്കില്‍, സ്വകാര്യ ബില്ലിലെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഔദ്യോഗിക ബില്‍ കൊണ്ടുവരാനാണ് സാധ്യതയെന്ന് അവര്‍ പറയുന്നു.

പ്രേമചന്ദ്രന്റെ ബില്ലിനോട് ഇടതു പാര്‍ട്ടികള്‍ എന്തു നിലപാടു സ്വീകരിക്കും എന്നതും കൗതുകമുണര്‍ത്തുന്നുണ്ട്. പാര്‍ലമെന്റില്‍ അംഗബലം കുറവാണെങ്കിലും ഇടതു പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാട് രാഷ്ട്രീയ ചര്‍ച്ചകള്‍ ഉയര്‍ത്തുമെന്ന് ഉറപ്പാണ്. ശബരിമലയിലെ നിലപാട് തെരഞ്ഞെടുപ്പു തോല്‍വിക്ക് ഇടയാക്കിയെന്നാണ് ഒളിഞ്ഞും തെളിഞ്ഞും ഇടതു പാര്‍ട്ടികള്‍ വിലയിരുത്തിയിട്ടുള്ളത്. ഈ പശ്ചാത്തില്‍ ബില്ലിനെ എതിര്‍ക്കുന്ന സമീപനം സ്വീകരിക്കാനിടയില്ലെന്നാണ് സൂചനകള്‍. സ്വകാര്യ ബില്‍ ആയല്ല, കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക ബില്‍ ആയാണ് ഇതു വരേണ്ടത് എന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇതിനോടു പ്രതികരിച്ചത്.

You must be logged in to post a comment Login