ശബരിമല യുവതീപ്രവേശനം: ഇരുഭാഗത്തും ന്യായമുണ്ട്; നിലപാട് മാറ്റി രാഹുല്‍ ഗാന്ധി

 

ദുബൈ: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശബരിമല വിഷയത്തില്‍ ഇരുഭാഗത്തും ന്യായമുണ്ടെന്ന നിലപാടുമായാണ് ഇപ്പോള്‍ രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്. ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ രണ്ടു ഭാഗങ്ങളും കേട്ടു. ഇരുഭാഗത്തും ന്യായമുണ്ട്. ഒരു ഭാഗത്ത് ആചാരം സംരക്ഷിക്കണമെന്നു പറയുന്നു, മറു ഭാഗത്തു സ്ത്രീസമത്വം വേണമെന്നു പറയുന്നു. സ്ത്രീസമത്വം തീര്‍ച്ചയായും വേണ്ട കാര്യമാണ്.

ആചാരം സംരക്ഷിക്കണമെന്ന വാദത്തിലും കഴമ്പുണ്ട്. സ്ഥിതി സങ്കീര്‍ണമാണ്. എന്തായാലും കേരളത്തിലെ ജനങ്ങളുടെ താല്‍പര്യത്തിനൊപ്പം നില്‍ക്കാനാണു സംസ്ഥാന നേതാക്കള്‍ക്കു നല്‍കിയ നിര്‍ദേശമെന്നും രാഹുല്‍ പറഞ്ഞു. സുപ്രീംകോടതി വിധിയെക്കുറിച്ചു പ്രതികരിക്കാനില്ല, ജനം തീരുമാനിക്കട്ടെയെന്നും അറിയിച്ചു.

നേരത്തേ, ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണമെന്നാണു തന്റെ വ്യക്തിപരമായ അഭിപ്രായമെന്നു രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുകയും ചെയ്തു. റഫാല്‍ വിഷയത്തിലും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു രാഹുല്‍ഗാന്ധി മറുപടി നല്‍കി. രാഹുലിന്റെ ദുബായ് സന്ദര്‍ശനത്തിന്റെ രണ്ടാംദിനമായിരുന്നു ശനിയാഴ്ച. ഊഷ്മള വരവേല്‍പ്പാണു ദുബായില്‍ രാഹുലിന് ലഭിച്ചത്.

You must be logged in to post a comment Login