ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചു: പന്തളം കൊട്ടാരം

 

പന്തളം: സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്‍റെ മറവിൽ സർക്കാർ തന്ത്രിയേയും പന്തളം കൊട്ടാരത്തേയും അപമാനിച്ചെന്ന് പന്തളം കൊട്ടാരം സെക്രട്ടറി നാരായണവർമ്മ. സംസ്കാരം ഉള്ളത് കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. ജനങ്ങൾ അത് തിരിച്ചറിഞ്ഞിട്ടുണ്ട്. 51 യുവതികള്‍ ദര്‍ശനം നടത്തിയതായി കരുതുന്നില്ലെന്നും പന്തളം കൊട്ടാരം. മല കയറാനെത്തിയത് ആക്ടിവിസ്റ്റുകളാണെന്ന് കൊട്ടാരം പ്രതിനിധി നാരായണ വര്‍മ പറഞ്ഞു. തിരുവാഭരണം തിരികെ കൊണ്ടു പോകുന്നതില്‍ ആശങ്കയില്ലെന്നും പന്തളം കൊട്ടാരം പറഞ്ഞു.

സന്തോഷം നൽകിയ തീർത്ഥാടന കാലമല്ല കഴിഞ്ഞു പോയതെന്നും സുപ്രീം കോടതി വിധി അന്തിമമല്ലെന്നും നാരായണവർമ്മ പറഞ്ഞു.

അതേസമയം, ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടികയിലെ തെറ്റുകള്‍ കോടതി അലക്ഷ്യമാകുമോയെന്ന ആശങ്കയില്‍ പൊലീസ് നിയമോപദേശം തേടി. ശബരിമലയില്‍ കയറിയ 51 യുവതികളുടെ പട്ടികയില്‍ 50 വയസിന് മുകളിലുള്ളവരും പുരുഷനുമെല്ലാം ഉള്‍പ്പെട്ടത് വലിയ നാണക്കേടായെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍ പിഴവുണ്ടെങ്കില്‍ തീര്‍ത്ഥാടകര്‍ നല്‍കിയ വിവരങ്ങളില്‍ തെറ്റ് സംഭവിച്ചതാണെന്നാണ് പൊലീസിന്റെ വിശദീകരണം. മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടപ്പോള്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ശ്രമിക്കാതെ യുവതികളുടെ പട്ടിക പ്രിന്റെടുത്ത് നല്‍കുകയായിരുന്നു.

പട്ടികയില്‍ വന്ന പിഴവിന്റെ പൂര്‍ണ ഉത്തരവാദിത്വവും പഴിയും പട്ടിക തയാറാക്കിയ പൊലീസിനാണെന്ന് മുഖ്യമന്ത്രിയും ദേവസ്വംബോര്‍ഡും ആരോപിക്കുന്നു. സുപ്രീംകോടതി റിവ്യൂ ഹര്‍ജി പരിഗണിക്കുമെന്ന് കരുതിയ 22ന് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു സര്‍ക്കാരിന്റെ ആദ്യതീരുമാനം. എന്നാല്‍ 22ന് പരിഗണിക്കില്ലെന്ന വാര്‍ത്ത വരുകയും അപ്രതീക്ഷിതമായി ബിന്ദുവും കനകദുര്‍ഗയും നല്‍കിയ ഹര്‍ജി ഇന്നലെ പരിഗണിക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെ റിപ്പോര്‍ട്ട് വേഗത്തില്‍ തരാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഡി.ജി.പിയോട് ആവശ്യപ്പെട്ടു. ഒട്ടേറെ യുവതികള്‍ ദര്‍ശനം നടത്തിയതോടെ കോടതി ഉത്തരവ് നടപ്പാക്കിയെന്ന് റിവ്യൂ ഹര്‍ജിക്ക് മുന്‍പ് സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാര്‍ ആഗ്രഹിച്ചപോലെ യുവതി പ്രവേശം നടപ്പാക്കിയെന്ന് ബോധിപ്പിക്കാനുള്ള വ്യഗ്രതയായിരുന്നു പൊലീസിന്. അതിനാല്‍ വെര്‍ച്ച്വല്‍ ക്യൂ ഡാറ്റാ സെര്‍വറില്‍ നിന്ന് 10നും 50നും ഇടയിലുള്ള സ്ത്രീകളുടെ പട്ടിക അതേപടി പ്രിന്റെടുത്ത് പൊലീസ് ആസ്ഥാനത്ത് നിന്ന് സര്‍ക്കാരിന് നല്‍കി.

വിവരങ്ങള്‍ ഒരു തവണ പരിശോധിക്കാന്‍ പോലും തയാറാകാത്തതാണ് വലിയ തിരിച്ചടിയായത്. എന്നാല്‍ വിവരങ്ങള്‍ തിരുത്തിയെന്ന ആരോപണം പൊലീസും സര്‍ക്കാരും നിഷേധിച്ചു. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രായമടക്കമുള്ള വിവരങ്ങള്‍ തീര്‍ത്ഥാടകര്‍ തന്നെയാണ് രേഖപ്പെടുത്തുന്നത്. പ്രായത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ അത് രേഖപ്പെടുത്തിയതിലെ പിഴവാണ്. പട്ടികയിലുള്‍പ്പെട്ട പുരുഷന്‍ ആദ്യം സ്ത്രീ എന്ന് രേഖപ്പെടുത്തിയതും 48 എന്നാണ് രേഖപ്പെടുത്തിയതെന്ന് ചെന്നൈയിലെ 53കാരി ഷീല സമ്മതിച്ചതും ഇതിന് തെളിവാണെന്നും ചൂണ്ടിക്കാട്ടുന്നു.

You must be logged in to post a comment Login