Breaking News

ശബരിമല സമരം, ഹര്‍ത്താല്‍; ബി.ജെ.പി.യില്‍ അമര്‍ഷവും മുറുമുറുപ്പും; പരസ്പരം പഴിചാര

കൊച്ചി: ശബരിമല സമരത്തെച്ചൊല്ലി ബി.ജെ.പി.യില്‍ അമര്‍ഷവും മുറുമുറുപ്പും. ഓരോ ജില്ലകള്‍ക്കും ചുമതല നല്‍കി സമരം ഇതുവരെ നീട്ടിക്കൊണ്ടുപോകാന്‍ സാധിച്ചെങ്കിലും ദിവസം കഴിയുന്തോറും സെക്രട്ടേറിയറ്റിനുമുന്നിലെ സമരം ജനങ്ങളില്‍നിന്ന് അകലുന്നതിന്റെ അതൃപ്തി നേതാക്കളിലും പ്രവര്‍ത്തകരിലുമുണ്ട്. ജനകീയമായിരുന്ന ഒരു സമരം അടിക്കടിയുള്ള ഹര്‍ത്താല്‍ പ്രയോഗത്തിലൂടെ ജനവിരുദ്ധമായി മാറിയെന്ന ചര്‍ച്ചകളും പാര്‍ട്ടിക്കുള്ളിലുണ്ട്. ഇതേച്ചൊല്ലി ഗ്രൂപ്പുതിരിഞ്ഞുള്ള കുറ്റപ്പെടുത്തലുകളും ശക്തമായി.

മതിയായ കാരണമില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനങ്ങളുടെ എതിര്‍പ്പു പിടിച്ചുപറ്റിയെന്ന ആക്ഷേപമാണ് പാര്‍ട്ടിക്കുള്ളില്‍ പരസ്പരം പഴിചാരലിലേക്കെത്തിയിരിക്കുന്നത്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മുതിര്‍ന്ന നേതൃത്വം എതിരായിരുന്നെങ്കിലും ചിലര്‍ നടത്തിയ പക്വതയില്ലാത്ത ഇടപെടലുകളാണ് അതിനുപിന്നിലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

സമരപ്പന്തലിനുമുന്നില്‍ നടന്ന ആത്മഹത്യശ്രമത്തെ ആദ്യം തള്ളുകയും പിന്നെ തങ്ങളുടെ ആളാണെന്ന പ്രഖ്യാപനത്തോടെ ഹര്‍ത്താലിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്തത് ചിലരുടെ ഗൂഢമായ ഇടപെടലുകളാണെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്. ശബരിമല സമരവുമായി ബന്ധപ്പെട്ട് നടത്തിയ മൂന്നു ഹര്‍ത്താലുകളും അനവസരത്തിലായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റുചെയ്ത് വിവിധ കോടതികളില്‍ കൊണ്ടുനടന്നപ്പോള്‍ അനങ്ങാതിരുന്ന പാര്‍ട്ടിനേതൃത്വം പിന്നീട്, അനവസരത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. സുരേന്ദ്രനെ അറസ്റ്റുചെയ്തപ്പോഴായിരുന്നു ഹര്‍ത്താല്‍ വേണ്ടിയിരുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. അപകട മരണവും ആത്മാഹുതിയുമെല്ലാം ഏറ്റെടുത്ത് മൈലേജുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍, പാര്‍ട്ടി പരിഹാസ്യമായെന്നും ഇവര്‍ പറയുന്നു.

പാര്‍ട്ടിവേദികളില്‍ ഈ അഭിപ്രായങ്ങള്‍ പരസ്യമായിട്ടില്ല. ശബരിമല സമരത്തെ, മലയിറക്കി സെക്രട്ടേറിയറ്റ് നടയില്‍ കൊണ്ടുവന്നത് സംഘത്തിന്റെ അറിവോടെയാണെങ്കിലും പിന്നീടുള്ള സംഭവവികാസങ്ങള്‍ ആര്‍.എസ്.എസ്. അറിഞ്ഞല്ലെന്നാണ് നേതാക്കള്‍ പറയുന്നത്.

പാര്‍ട്ടി അനുഭാവികള്‍പോലുമല്ലാതിരുന്ന വിശ്വാസികളായ വനിതകളെ തെരുവിലിറക്കി തുടങ്ങിയ സമരം പാര്‍ട്ടിക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു.

‘സുവര്‍ണാവസര’മായി സംസ്ഥാന പ്രസിഡന്റുതന്നെ പരസ്യമായി പറഞ്ഞ സാഹചര്യം ഉണ്ടായിരുന്നിട്ടും അത് വേണ്ടവണ്ണം ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നും അവസരം കളഞ്ഞുകുളിച്ചെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ശാന്തമാകുകയും സര്‍ക്കാര്‍ ഗൗനിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ സമരം എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യം പാര്‍ട്ടി നേതൃത്വത്തെ ഉലയ്ക്കുന്നുണ്ട്.

You must be logged in to post a comment Login