ശബരിമല സമരത്തിന് പിന്നില്‍ സവര്‍ണലോബിയെന്ന് വെള്ളാപ്പള്ളി നടേശന്‍; ഒരു രാജാവും ഒരു ചങ്ങനാശേരിയും ഒരു തന്ത്രിയുമാണ് സമരത്തിന് പിന്നില്‍

ആലപ്പുഴ: ശബരിമല സമരത്തിന് പിന്നില്‍ സവര്‍ണലോബിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തമ്പ്രാക്കന്‍മാരെന്ന് കരുതുന്ന ചിലരാണ് തീരുമാനങ്ങള്‍ക്ക് പിന്നില്‍. ഒരു രാജാവും ഒരു ചങ്ങനാശേരിയും ഒരു തന്ത്രിയുമാണ് സമരത്തിന് പിന്നിലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

അയ്യപ്പസംഗമത്തിന് രാഷ്ട്രീയലക്ഷ്യം തന്നെയായിരുന്നു. യുഡിഎഫിന് സര്‍വനാശം സംഭവിക്കും. വോട്ടുകള്‍ ബിജെപിയിലേക്ക് പോകും. ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പൊതുജനം കഴുതയാണെന്ന് ആരും കരുതരുത്. സംഗമത്തിന് പോകാതിരുന്ന തന്റെ തീരുമാനം ശരിയായിരുന്നു.

ഹിന്ദുക്കള്‍ക്ക് വേണ്ടിയാണെങ്കില്‍ എസ്എന്‍ഡിപിയോട് കൂടി ആലോചിക്കണമായിരുന്നു. ടി.പി സെന്‍കുമാറിനെ കാട്ടി എസ്എന്‍ഡിപി പ്രാതിനിധ്യം പറയേണ്ട. സര്‍ക്കാരിന് അപചയമില്ലെന്നും കോടതി ഉത്തരവ് അംഗീകരിക്കാന്‍ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി വരുന്ന വിധി എന്തായാലും അംഗീകരിച്ച് സമാധാനത്തിന് തയ്യാറാകണം. താന്‍ നിലപാട് മാറ്റിയിട്ടില്ല, ഉളളതേ പറയൂ, താന്‍ ഒത്തുപറയാറില്ല. പുത്തരിക്കണ്ടത്ത് നടന്ന അയ്യപ്പസംഗമത്തിന് രാഷ്ട്രീയലക്ഷ്യമുണ്ട്.  മാതാ അമൃതാനന്ദമയി എത്തുന്നിടത്ത് ആളുകൂടും, പുത്തരിക്കണ്ടത്ത് അതാണുണ്ടായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

യുവതികളെ കയറ്റിയതിലടക്കം പാളിച്ചകളുണ്ടായിട്ടുണ്ട്. പിണറായി വിജയന്റെ തീരുമാനമാണെന്ന് കരുതുന്നില്ല.  യുവതികള്‍ ശബലിമലയില്‍ കയറില്ല എന്നാണ് വിശ്വാസം. എന്നാല്‍ അതിന്‍റെ പേരില്‍ സമരത്തിന് ഇറങ്ങുന്നത് ശരിയല്ല. ഇതിനേക്കാള്‍ മുന്‍പ് ചര്‍ച്ച ചെയ്യേണ്ട പലതുമില്ലേ..? ഈ കൊല്ലത്തുപോലും ഈഴവനെ വിളക്കെടുപ്പിക്കാത്ത അമ്പലങ്ങളുണ്ട്. മൂന്ന് ശാന്തിമാരെ പോടാ എന്ന് പറഞ്ഞ് ഇറക്കിവിട്ടിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഒരു പരിഗണനയും ഇല്ല. എത്രയോ കീഴ്‌‌വഴക്കങ്ങള്‍ മാറേണ്ടതുണ്ട്. ക്ഷേത്രങ്ങളിലെല്ലാം സവര്‍ണ്ണ ആധിപത്യമാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍എസ്എസിന്റെ ശരിയായ ദൂരം ഇപ്പോള്‍ അവര്‍ കാണിച്ചു. ഇതാണ് സത്യം– അദ്ദേഹം പറഞ്ഞു. തനിക്ക് ബിഡിജെഎസുമായി ഒരു ബന്ധവുമില്ല. തനിക്ക് പല തെറ്റും പറ്റിയിട്ടുണ്ട്. ബിജെപിക്കാര്‍ തന്ന ഹെലികോപ്റ്ററില്‍ വരെ താന്‍ പോയിട്ടുണ്ട്. എസ്എന്‍ഡിപിക്ക് ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ല. വിദ്വേഷവുമില്ല. ഇന്ത്യയില്‍ മോദി തന്നെ വരുമെന്നാണ് എനിക്ക് തോന്നുന്നത്. ചാക്കിടാന്‍ അദ്ദേഹം മിടുക്കനാണ് എന്ന് തെളിഞ്ഞതാണ്. മോദിക്ക് ഒരു പ്രസക്തിയുണ്ട്. കര്‍ണ്ണാടകയില്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷം തമ്മില്‍ തല്ലുമ്പോള്‍ അത് മുതലെടുക്കാന്‍ മോദിക്ക് കഴിയും- വെള്ളാപ്പള്ളി പറഞ്ഞു.

You must be logged in to post a comment Login