ശബരിമല സ്ത്രീപ്രവേശനത്തിലെ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി

 

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനത്തിലെ 4 റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് ര‍ഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിയത്. വൈകിട്ട് മൂന്ന് മണിയ്ക്ക് ഭരണഘടനാ ബഞ്ച് ചേംബറിൽ റിവ്യൂ ഹർജികൾ പരിഗണിച്ച ശേഷം മാത്രമേ മൂന്നംഗബഞ്ച് റിട്ട് ഹർജികൾ പരിഗണിക്കൂ.

ഇതിനിടെ, പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിലാണ് ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്.

എന്നാൽ ചേംബറിൽ പരിഗണിയ്ക്കാൻ തീരുമാനിച്ച ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാനുള്ള സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. നേരത്തെ വ്യക്തമാക്കിയത് പോലെ ഹർജികൾ ചേംബറിൽത്തന്നെ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി.

വൈകിട്ട് മൂന്ന് മണിയ്ക്കാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് പുനഃപരിശോധനാഹർജികൾ ചേംബറിൽ വച്ച് പരിഗണിയ്ക്കുക.  വൈകിട്ടോടെയോ നാളെ രാവിലെയോ സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഭരണഘടനാബഞ്ചിന്റെ തീരുമാനം എന്തെന്ന് അറിയാം.

You must be logged in to post a comment Login