ശബരിമല സ്ത്രീ പ്രവേശന കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. 49 പുനഃപരിശോധനാ ഹര്‍ജികളാണ് ഇന്ന് വൈകീട്ട് മൂന്നിന് സുപ്രീംകോടതി ചേംബറില്‍(അടച്ചിട്ട കോടതിയില്‍) പരിശോധിക്കുക.പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം പുതിയ റിട്ട് ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും.

ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബം, എന്‍.എസ്.എസ് തുടങ്ങി കേസിലെ കക്ഷികളും കക്ഷികളല്ലാത്തവരുടേതുമായുള്ള പുനഃപരിശോധന ഹര്‍ജികളാണ് പരിഗണിക്കുക. ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ഒഴിവില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഭരണഘടനാ ബെഞ്ചിന്റെ ഭാഗമാകും. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരായാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹര്‍ജികള്‍. കേസ് തുറന്ന കോടതിയില്‍ വീണ്ടും വാദം കേട്ട് ഇക്കാര്യം പരിശോധിക്കണമെന്നും ഹര്‍ജികള്‍ ആവശ്യപ്പെടുന്നു.

ഭരണഘടന ബെഞ്ചിന്റെ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്നും 14ാം അനുഛേദം അനുസരിച്ച് ആചാരാനുഷ്ടാനങ്ങള്‍ പരിശോധിച്ചാല്‍ മതങ്ങള്‍ തന്നെ ഇല്ലാതാകും എന്നും ഹര്‍ജികളില്‍ പറയുന്നുണ്ട്. ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറില്‍ ഇരുന്നാകും ജഡ്ജിമാര്‍ പരിശോധിക്കുക. ജസ്റ്റിസുമാരായ റോഹിന്റന്‍ നരിമാന്‍, ഡി.വൈ.ചന്ദ്രചൂഡ്, എ.എന്‍.കാന്‍വീല്‍ക്കര്‍, ഇന്ദുമല്‍ഹോത്ര എന്നിവരാണ് ഭരണഘടന ബെഞ്ചിലെ മറ്റ് ജഡ്ജമാര്‍. ഭരണഘടന ബെഞ്ചിലെ പുതിയ അംഗമായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി എന്ത് നിലപാട് എടുത്താലും എല്ലാ സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്ന ആവശ്യപ്പെട്ട് മൂന്ന് ജഡ്ജിമാര്‍ ഭരണഘടന ബെഞ്ചിലുണ്ട്. വിധിയില്‍ ഈ ജഡ്ജിമാര്‍ ഉറച്ചുനിന്നാല്‍ പുനഃപരിശോധന ഹര്‍ജികള്‍ തള്ളിപ്പോകും.

പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നതിന് മുമ്പ് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് ശബരിമല കേസിലെ പുതിയ റിട്ട് ഹര്‍ജികളും പരിഗണിക്കുന്നുണ്ട്. റിട്ട ഹര്‍ജിലെ ആവശ്യം നേരത്തെ ഭരണഘടന ബെഞ്ച് പരിശോധിച്ചതാണ്. അതുകൊണ്ട് ഈ ഹര്‍ജികള്‍ നിലനില്‍ക്കുമോ എന്നതാകും ആദ്യം കോടതി പരിശോധിക്കുക. ഉച്ചക്ക് ശേഷം പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ ഈ റിട്ട് ഹര്‍ജികളുടെ പ്രസക്തിയും കോടതിയും ചോദ്യം ചെയ്‌തേക്കാം. മണ്ഡലകാലത്തിന് മുമ്പ് ശബരിമലയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഇന്നത്തെ കോടതി നടപടികള്‍.

You must be logged in to post a comment Login