ശബ്ദതാരാവലിയിലെ തിരുത്തപ്പെടാത്ത അനുസ്വാര സ്ഥാനങ്ങള്‍

  • സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍

മലയാളഭാഷയില്‍ പദങ്ങള്‍ അക്ഷരക്രമത്തില്‍ ശരിയായി അടുക്കുക എന്നത് ക്ഷിപ്രസാദ്ധ്യമായ കാര്യമല്ല. അക്ഷരക്രമമോ പദഘടനയോ മനസ്സിലാക്കാതെ ആരെങ്കിലും പദം നോക്കുകയും നോക്കുന്നിടത്തു കണ്ടില്ലെങ്കില്‍ അത് നിഘണ്ടുവിലില്ലെന്നു നിശ്ചയിക്കുകയും ചെയ്യുന്നത് കേവലം സാഹസമാണ്. അനംഗന്‍ അനംബരന്‍ എന്നീ പദങ്ങളിലെ അനുസ്വാരം രണ്ടും രണ്ടാണ്. ആദ്യത്തേതു ‘ങ’ കാരവും രണ്ടാമത്തേതു ‘മ’ കാരവുമാണ്..” 1952ല്‍ പ്രസിദ്ധീകരിച്ച ശബ്ദതാരാവലിയുടെ പരിഷ്‌കരിച്ച പതിപ്പിന്റെ മുഖവുരയില്‍നിന്നുള്ള ഉദ്ധരണിയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. പതിപ്പുകള്‍തോറും നിരന്തരം പരിഷ്‌കരണത്തിനു വിധേയമായിട്ടുള്ള ശബ്ദതാരാവലിയുടെ ശതാബ്ദിയാഘോഷിക്കുന്ന ഈ സന്ദര്‍ഭത്തിലും മലയാളഭാഷയിലെ നിഘണ്ടുനോട്ടക്കാര്‍ കേവലമായ ഈ സാഹസം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
‘അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ ഒ ഓ ഔ അം അ:’
ഇതാണ് മലയാളഭാഷയിലെ സ്വരങ്ങളുടെ അക്ഷരമാലാക്രമം.
‘ക കാ കി കീ കു കൂ കൃ കെ കേ കൈ കൊ കോ കൌ കം ക:’

വ്യഞ്ജനങ്ങളോട് സ്വരചിഹ്നങ്ങള്‍ ചേരുമ്പോഴുള്ള ഉച്ചാരണത്തിന്റെ സ്വരക്രമവും ഇതുതന്നെ. ഇന്തോ-ആര്യന്‍ ഭാഷകള്‍ക്ക് പൊതുവേ ഈ ക്രമംതന്നെയാണുള്ളത്. കുഞ്ഞുങ്ങള്‍ നാമജപത്തോടൊപ്പം അക്ഷരമാലയും ഗുണനപ്പട്ടികയും ഉരുവിട്ടുപഠിക്കുമ്പോഴുള്ള വായ്ത്താരികളില്‍ മുഖരിതമാവുന്ന ഗ്രാമസന്ധ്യകള്‍ ഇന്ന് ഗൃഹാതുര സ്മരണകള്‍മാത്രമായി അവശേഷിക്കുന്നു. എങ്കിലും ഇന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന അക്ഷരമാലാക്രമം ഇതുതന്നെയാണ്. അക്ഷരമാലയില്‍ ‘അനുസ്വാര’ത്തിന്റെ സ്ഥാനം സ്വരാക്ഷരങ്ങളോടൊപ്പമാണെന്ന് ഇതില്‍നിന്നു വ്യക്തമാണല്ലോ. എന്നാല്‍ മലയാളശബ്ദകോശങ്ങളില്‍ അനുസ്വാരത്തെ സ്വരാക്ഷരങ്ങളില്‍നിന്നു വേര്‍പെടുത്തി വ്യഞ്ജനചിഹ്നങ്ങളായി വിഭജിച്ചു വിന്യസിച്ചിരിക്കുന്നതാണ് കാണാന്‍കഴിയുക. അതുകാരണം അഭ്യസ്തവിദ്യരായ ആളുകള്‍പോലും അന്വേഷിക്കുന്നിടത്തു പദങ്ങള്‍ കാണാതെ നിഘണ്ടു അടച്ചുവെക്കുന്ന പ്രവണ തുടരുന്നകൊണ്ടുതന്നെയിരിക്കുന്നു.

മലയാളഭാഷയിലെ ആദ്യത്തെയും അവസാനത്തെയും ആധികാരികത അവകാശപ്പെടാവുന്ന ശബ്ദകോശം ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയുടെ ‘ശബ്ദതാരാവലി’ ആണല്ലോ. 1897ല്‍ രചന ആരംഭിച്ച നിഘണ്ടുവിന്റെ ആദ്യലക്കം മാസികാരൂപത്തില്‍ പുറത്തിറങ്ങിയത് 1917 നവംബര്‍ 13നായിരുന്നു. 1923 മാര്‍ച്ച് 16ന് ഇരുപത്തിരണ്ടാം ലക്കം പുറത്തുവന്നതോടെ ശബ്ദതാരാവലിയുടെ ആദ്യപതിപ്പ് പൂര്‍ണ്ണമായി. ശ്രീകണ്‌ഠേശ്വരത്തിന്റെ അഭിപ്രായത്തില്‍ അക്ഷരമാലാക്രമത്തില്‍ വാക്കുകളെ അടുക്കുക എന്നതാണ് നിഘണ്ടുനിര്‍മ്മാതാവ് നേരിടുന്ന ഏറ്റവും ശ്രമകരമായ കര്‍മ്മം. ഭാഷയില്‍ ഒരു നിഘണ്ടു രൂപപ്പെടുമ്പോള്‍ അതോടൊപ്പം ഒരു അക്ഷരമാലാക്രമവും രൂപപ്പെടുന്നുണ്ട്. ശ്രീകണ്‌ഠേശ്വരം ശബ്ദതാരാവലിക്ക് രൂപം നല്കിയിട്ടുള്ളത് മലയാളത്തില്‍ അതേവരെ നിലനിന്നിരുന്ന അക്ഷരമാലാക്രമത്തെ അഴിച്ചുപണിഞ്ഞുകൊണ്ടായിരുന്നു.

സ്വന്തമായ ലിപിവ്യവസ്ഥ ദ്രാവിഡഭാഷകളുടെ മൂലരൂപമായ ആദിദ്രാവിഡത്തിനുണ്ടായിരുന്നു. ഇവയില്‍നിന്നു രൂപപ്പെട്ട വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥാക്ഷരം തുടങ്ങിയ ലിപിഭേദങ്ങളിലൂടെയാണ് തമിഴ്-മലയാളം അക്ഷരങ്ങള്‍ പരിണാമവിധേയമായത്. അച്ചുകളില്‍ വാര്‍ത്തുതുടങ്ങിയപ്പോഴാണ് മലയാളലിപികള്‍ ആധുനികരൂപം കൈവരിച്ചത്. അടുത്തകാലത്ത് വര്‍ത്തമാനപ്പത്രങ്ങള്‍ അച്ചടി പരിഷ്‌ക്കരിച്ചപ്പോഴും ലിപികളില്‍ മാറ്റമുണ്ടായി. ഇതേത്തുടര്‍ന്ന് കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പരിഷ്‌കരിച്ച ലിപിയുടെ പ്രചരണാര്‍ത്ഥം വിജ്ഞാനകൈരളി ഒരു ലക്കംതന്നെ ഈ ലിപിയില്‍ പുറത്തിറക്കിയിരുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വ്യാപനത്തോടെ ഇപ്പോള്‍ മുഴുവന്‍ ലോകഭാഷകളുടെയും ലിപികളെ മാനകീകരിച്ച് യൂനികോഡ് നിലവില്‍വന്നിരിക്കയാണല്ലോ. മലയാളത്തിലെ ശബ്ദകോശങ്ങളുടെ അക്ഷരമാലാക്രമവും ഇതോടൊപ്പം മാനകീകരിക്കേണ്ടത്, വിവരസാങ്കേതികവിദ്യയെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍തക്കവിധം ഭാഷയെ സജ്ജമാക്കുന്നതിന് അത്യന്താപേക്ഷിതമാണ്.

ജൈവഭാഷയില്‍ രചിക്കപ്പെടുന്ന നിഘണ്ടുക്കള്‍ ഒരിക്കലും സമ്പൂര്‍ണ്ണതയിലെത്തുന്നില്ലെന്ന് ശ്രീകണ്‌ഠേശ്വരംതന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം ശബ്ദതാരാവലി സമഗ്രമായി പരിഷ്‌കരിച്ച് 1952-ല്‍ നാലാംപതിപ്പ് പുറത്തിറക്കിയത് അദ്ദേഹത്തിന്റെ പുത്രനായ പി.ദാമോദരന്‍നായരായിരുന്നു. 1964-ല്‍ ആദ്യത്തെ എസ്സ് പി സി എസ്സ് പതിപ്പ് പുറത്തുവന്നു. 2010 വരെ 30 പതിപ്പുകള്‍ എസ്സ് പി സി എസ്സ് പുറത്തിറക്കിയിട്ടുണ്ട്. ശ്രീകണ്‌ഠേശ്വരത്തിന്റെ നിര്യാണത്തിനുശേഷം 64 വര്‍ഷം പൂര്‍ത്തിയാവുമ്പോഴാണ് 2010-ല്‍ ശബ്ദതാരാവലിയുടെ ഡി. സി. പതിപ്പും പുറത്തുവന്നത്.
സമഗ്രമായ പരിഷ്‌കരണത്തിന് വിധേയമാക്കിയാണ് പുതിയ പതിപ്പുകള്‍ പുറത്തിറക്കുന്നതെന്ന് പ്രസാധകര്‍ അവകാശപ്പെടുമ്പോഴും അടിസ്ഥാനപരമായ ന്യൂനതകള്‍ പരിഹരിക്കാനോ, ആധുനികവിമശനങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള ‘നൈതികത’ തുടങ്ങിയ പുതിയ പദങ്ങള്‍പോലും ഉള്‍പ്പെടുത്താനോ, ശ്രമമുണ്ടായിട്ടില്ല എന്നത് പരിതാപകരമാണ്.

ഭാഷയുടെ പരമ്പരാഗതമായ അക്ഷരമാലാക്രമത്തെ അപേക്ഷിച്ച് പദഘടനയ്ക്കു പ്രാധാന്യം നല്‍കിക്കൊണ്ടാണ് ശബ്ദതാരാവലിയില്‍ വാക്കുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ശ്രീകണ്‌ഠേശ്വരത്തിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ‘ചുവരുണ്ടായിക്കഴിഞ്ഞാല്‍ ചിത്രമെഴുതാന്‍ പ്രയാസമില്ലാ’ത്തതുപോലെ പിറകെവന്ന നിഘണ്ടൂകാരന്‍മാരെല്ലാം പദവിന്യാസത്തിന് ശബ്ദതാരാവലിയെ അതേപടി അനുകരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നുകാണാം. ഭാഷയിലെ ഭേദപ്പെട്ട നിഘണ്ടുകളായ ഡി. സി. യുടെ ശബ്ദസാഗരവും മലയാളം- ഇംഗ്ലീഷ് നിഘണ്ടുവും ഇതില്‍നിന്നു വ്യത്യസ്തമല്ല. സിസോബുക്‌സിന്റെ ന്യൂമില്ലേനിയം ഡിക്ഷ്ണറിയിലെ മലയാളം നിഘണ്ടുവില്‍ അനുസ്വാരപദങ്ങളെ വ്യത്യസ്തമായി ക്രമീകരിക്കാന്‍ ശ്രമംനടത്തിയിട്ടുണ്ടെങ്കിലും രണ്ടും മൂന്നും ഡിജിറ്റിലെത്തുമ്പോള്‍ ശബ്ദതാരാവലിയെത്തന്നെയാണ് പിന്തുടരുന്നത്.

ശബ്ദതാരാവലി ഉപയോഗിക്കുന്നവരെ ഏറ്റവുമധികം വിഷമിപ്പിക്കുന്നത് അക്ഷരമാലാക്രമത്തില്‍ അനുസ്വാരപദങ്ങളെ വിന്യസിച്ചിരിക്കുന്ന രീതിയാണെന്നു പറഞ്ഞുവല്ലോ. നാലാംപതിപ്പിന്റെ പരിഷ്‌കര്‍ത്താവും ശ്രീകണ്‌ഠേശ്വരത്തിന്റെ പുത്രനുമായ പി.ദാമോദരന്‍നായര്‍ തന്നെ മുഖവുരയില്‍ ഇതു സൂചിപ്പിക്കുന്നുണ്ട്- ഈ ലേഖനതിന്റ ആരംഭത്തില്‍ കാണിച്ച ഉദ്ധരണിയില്‍ മൃദുലമായ അസഹിഷ്ണുതയുടെ ഭാഷയില്‍ ഉപയോക്താക്കളെ അദ്ദേഹം ഇങ്ങനെ നേരിടുന്നുണ്ടെങ്കിലും പിന്നീടുവന്ന പതിപ്പുകളിലും ന്യൂനതകള്‍ തിരുത്താനുള്ള ശ്രമമുണ്ടായില്ല. ”അസ്ഥാനസ്ഥിതങ്ങളായി കാണപ്പെട്ട പല പദങ്ങളും യഥാസ്ഥാനത്തു സന്നിവേശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും” അനുസ്വാരസ്ഥാനങ്ങള്‍ ക്രമപ്പെടുത്താന്‍ ശ്രമമുണ്ടാകാതിരുന്നത് അന്നത്തെ സാഹചര്യത്തില്‍ അതു ക്ഷിപ്രസാദ്ധ്യമല്ലെന്നതുകൊണ്ടാണ്. പദഘടനയനുസരിച്ചുള്ള ലിപിവിന്യാസത്തില്‍ വാക്കുകളുടെ മൂലരൂപത്തിനാണ് പ്രാധാന്യം കൈവരുന്നത്. അനുസ്വാരങ്ങളെ ‘ങ’ കാരാനുസ്വാരം ‘ന’ കാരാനുസ്വാരം ‘മ’ കാരാനുസ്വാരം എന്നിങ്ങനെ വിഭജിച്ചാണ് ശബ്ദതാരാവലിയില്‍ വാക്കുകള്‍ ക്രമീകരിച്ചിട്ടുള്ളതെന്നു കണ്ടുവല്ലോ. അക്ഷരമാലാക്രമത്തില്‍നിന്നു വ്യതിചലിച്ചുകൊണ്ട് അക്ഷരങ്ങളെ ഇങ്ങനെ ഭിന്നിപ്പിച്ചിരിക്കുന്നതിനാല്‍ ‘അനുസ്വാരചിഹ്നം’ വരുന്ന പദങ്ങള്‍ പലയിടത്തായി ചിതറപ്പെട്ട നിലയിലാണ് നിഘണ്ടുവില്‍ കാണാന്‍ കഴിയുക.

ഒരേ ചിഹ്നംവരുന്ന വാക്കുകള്‍ പേജുകളുടെ വ്യത്യാസത്തില്‍ തിരയേണ്ടിവരുന്നു എന്നതാണ് തത്ഫലമായി നിഘണ്ടുനോട്ടക്കാരന്‍ നേരിടേണ്ടിവരുന്ന പ്രശ്‌നം. ഉദാഹരണത്തിന് ‘അ’ കാരത്തില്‍ വരുന്ന ‘അംശം’ മുതല്‍ ‘അംഹ്രി’ വരെയുള്ള പദങ്ങള്‍ അകാരത്തിന്റെ ആരംഭത്തില്‍ത്തന്നെ കൊടുത്തിരിക്കുമ്പോള്‍ ‘അംഗം’ മുതലുള്ള ‘ങ’ കാരാനുസ്വാരപദങ്ങള്‍ ‘അങ്ക്യം’ എന്ന വാക്കിനുശേഷവും (എട്ടാം പതിപ്പ്- പേജ് 58), ‘മ’ കാരത്തില്‍ വരുന്ന ‘അംബ’ മുതലുള്ള പദങ്ങള്‍ ‘അമ്പോറ്റി’ എന്ന വാക്കിനുശേഷവും (പേജ് 181) ചേര്‍ത്തിരിക്കുന്നതു കാണാം. അംബയെ കണ്ടെത്തണമെങ്കില്‍ ‘ഭ’ കാരവും കഴിഞ്ഞ് ‘മ’ കാരത്തിലെത്തണം. പദഘടനയനുസരിച്ച് അനുസ്വാരങ്ങളെ ക്രമീകരിക്കുക എന്ന നിയമവും ഇവിടെ പൂര്‍ണ്ണമായും പാലിക്കപ്പെട്ടിട്ടില്ലെന്നു കാണാം. ഉദാഹരണത്തിന് ‘അ’ കാരാരംഭത്തിലുള്ള അംശം ‘മ’ കാരാനുസ്വാരവും അംഹ്രി ‘ങ’ കാരാനുസ്വാരവും ആണല്ലോ.
പദങ്ങള്‍ തെരയാന്‍ ശബ്ദതാരാവലി ഉപയോഗിക്കുന്ന ഭൂരിഭാഗംപേരും ഭാഷയുടെ പദഘടനയോ ഉച്ചാരണത്തിന്റെ സങ്കേതികതയോ വേണ്ടത്ര അറിയാത്തവരാണ്. നിഘണ്ടുനോട്ടക്കാരനെ സംബന്ധിച്ചിടത്തോളം വള്ളി, പുള്ളി തുടങ്ങിയ ചിഹ്നങ്ങള്‍പോലെ അനുസ്വാരവും ഒരു ചിഹ്നമായിട്ടാണ് ‘ദൃശ്യ’മാവുന്നത്. വരമൊഴിയില്‍ വാക്കുകള്‍ വിന്യസിക്കുമ്പോള്‍ ദൃശ്യരൂപത്തിനു പ്രാമുഖ്യം നല്‍കിയാലാണ് എളുപ്പം ‘കണ്ടെത്താന്‍’ കഴിയുക. മലയാളം അക്ഷരമാലയില്‍ ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ സ്വരാക്ഷരങ്ങള്‍ ‘അ’ യില്‍ ആരംഭിച്ച് ‘ഔ’ വിനുശേഷം വരുന്ന ‘അം’ അനുസ്വാരത്തിന്റെ സ്ഥാനമാണ്. സ്വരാക്ഷരങ്ങള്‍ അ യില്‍ തുടങ്ങി അം അ: എന്നാണ് അവസാനിക്കുന്നതെങ്കിലും ശബ്ദതാരാവലിയുടെ തുടക്കത്തില്‍ കൊടുത്ത അക്ഷരമാലയില്‍ ‘അം അ:’ എന്നഭാഗം ബോധപൂര്‍വ്വം വിട്ടുകളഞ്ഞിരിക്കുന്നതായി കാണാം. അങ്ങനെ അനുസ്വാരത്തെ സ്വരചിഹ്നങ്ങളില്‍നിന്നു വേര്‍പെടുത്തുകയും വ്യഞ്ജനചിഹ്നങ്ങളായി വിഭജിക്കുകയും ചെയ്തിരിക്കുന്നു. അനുസ്വാരങ്ങള്‍ ‘ങ’ കാരമായും ‘ന’ കാരമായും ‘മ’ കാരമായും അക്ഷരമാലാക്രമത്തില്‍ ചിതറിപ്പോകാന്‍ ഇതു കാരണമായി.

അക്ഷരമാല ചൊല്ലിപ്പഠിച്ചപ്രകാരം ‘അം അ:’ ക്രമത്തില്‍ നിഘണ്ടുവില്‍ അനുസ്വാരപദങ്ങളെ ക്രമീകരിച്ചിരുന്നെങ്കില്‍ അവ കണ്ടെത്താന്‍ പറ്റാത്തവിധം ചിതറിപ്പോകുന്നത് ഒഴിവാക്കാമായിരുന്നു. എന്നാല്‍ പദങ്ങള്‍ കണ്ടെത്തുവാന്‍ ഏറ്റവും സൗകര്യപ്രദമായ മാര്‍ഗ്ഗം അക്ഷരത്തിന്റെ ആരംഭത്തില്‍ത്തന്നെ അനുസ്വാരം വരുന്ന പദങ്ങള്‍ മുഴുവനും ഉള്‍പ്പെടുത്തുക എന്നതാണ്. അക്ഷരക്രമത്തില്‍ പദങ്ങള്‍ അം കം തം.. -എന്നരീതിയില്‍ ആരംഭിക്കാം. ശ്രീകണ്‌ഠേശ്വരംതന്നെ ശബ്ദതാരാവലിയുടെ ആരംഭത്തില്‍ ഈ രീതി സ്വീകരിച്ചിരിക്കുന്നതു കാണാം. നിഘണ്ടു ആരംഭിക്കുമ്പോള്‍ത്തന്നെ ‘അംശം’ മുതല്‍ ‘അംഹ്രി’ വരെയുള്ള പദങ്ങള്‍ കൊടുത്തിട്ടുണ്ടല്ലോ. നിഘണ്ടുനിര്‍മ്മാണത്തിന്റെ ആരംഭത്തില്‍ പദഘടനയനുസരിച്ച് അനുസ്വാരങ്ങളെ വിഭജിക്കാന്‍ അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. ഹിന്ദി തുടങ്ങിയ പല ഭാഷാനിഘണ്ടുക്കളും വാക്കുകള്‍ അനുസ്വാരത്തില്‍ തുടങ്ങുന്ന ഈ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. യുനികോഡിലുള്ള ഇന്‍സ്‌ക്രിപ്റ്റ് കീബോഡില്‍ മറ്റു സ്വരചിഹ്നങ്ങള്‍ക്കന്നപോലെ അനുസ്വാരത്തിനും സ്വതന്ത്രമായ കീ ഉണ്ട്. ശബ്ദതാരാവലിയില ‘ല്‍’ ‘ത’കാരമായും ‘ല’ കാരമായും പദഘടനയനുസരിച്ച് വിഭജിച്ചാണ് വിന്യസിച്ചിട്ടുള്ളത്. സീഡാക്കിന്റെ ഐ എസ് എം സോഫ്‌റ്റ്വെയറിലും യുനികോഡിലും ‘ല്‍’- ലകാരത്തോടുചേര്‍ന്നും ‘ക്ഷ’ കകാരത്തോടുചേര്‍ന്നുമാണ് വരുന്നത്. അതിനാല്‍ ലിപിമാനകീകരണത്തിന് ഈ രീതി സ്വീകരിക്കുന്നതാണുത്തമം. ഒരേലിപി രണ്ടുരീതിയില്‍ ക്രമീകരിക്കുന്നത് നിഘണ്ടുവിനെ ദുര്‍ഗ്രഹമാക്കാനും ഭാഷയെ ദുര്‍ബ്ബലമാക്കാനുമേ ഉപകരിക്കൂ. ഗണിതസംഖ്യകള്‍പോലെ കൃത്യത പാലിക്കുന്നതാണ് ഇംഗ്ലീഷിന്റെ ആല്‍ഫാബെറ്റിക് ഓര്‍ഡര്‍. ലൈബ്രറി ക്യാറ്റലോഗുകളും സര്‍ക്കാര്‍ രേഖകളുമൊക്കെ കമ്പ്യൂട്ടര്‍വത്ക്കരിക്കുമ്പോള്‍ മലയാളത്തിന്റെ ഈ പരിമിതി പ്രധാന പ്രശ്‌നമാണ്.

ഉച്ചരിക്കുന്ന ശബ്ദങ്ങള്‍ അതേപടി അക്ഷരപ്പെടുത്തിയതാണ് ഇന്തോ-ആര്യന്‍, ദ്രാവിഡ ഭാഷകളിലെ അക്ഷരമാലാക്രമം. ഇംഗ്ലീഷ് അടക്കമുള്ള റോമന്‍ അക്ഷരമാലയില്‍ സ്വരാക്ഷരങ്ങള്‍ (വവ്വല്‍സ്) അതേപടി ചേര്‍ത്താണ് വാക്കുകള്‍ രൂപപ്പെടുത്തുന്നത്. എന്നാല്‍ ആര്യ ദ്രാവിഡ ഭാഷകളില്‍ സ്വര ചിഹ്നങ്ങളാണ് ഉപയോഗിക്കുന്നത്. അതിനാല്‍ എഴുതുന്ന അതേപോലെത്തന്നെ വായിക്കാന്‍ കഴിയും എന്നത് ഈ ഭാഷകളുടെ നേട്ടമാണ്. സ്വരങ്ങളും വ്യജ്ഞനങ്ങളും ചില്ലുകളും ചിഹ്നങ്ങളും കൂട്ടക്ഷരങ്ങളുമൊക്കെയായി ടെപ്പുകളുടെ എണ്ണം കൂടുമെന്നത് ഒരു പരിമിതിയുമാണ്.
ലോകംമുഴുവന്‍ കമ്പ്യൂട്ടിങ്ങിന് ഉപയോഗിക്കത്തക്കവിധത്തില്‍ വളര്‍ന്നുകഴിഞ്ഞ മലയാളത്തിന് മാനകീകൃതമായ ഒരു അക്ഷരമാലാക്രമം അത്യന്താപേക്ഷിതമാണ്. ഇത് രൂപീകരിക്കാനുള്ള അപൂര്‍വ്വമായ അവസരമാണ് ശബ്ദതാരാവലി പരിഷ്‌കരിക്കുന്നതിലൂടെ കൈവരുന്നത്. മറ്റെല്ലാ നിഘണ്ടുക്കളും ശബ്ദതാരാവലിയുടെ പിറകേ വന്നുകൊള്ളും എന്നതാണ് അനുഭവം. കേവലം പദങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിലുപരി ശാസ്ത്രീയമായി പര്ഷ്‌ക്കരിച്ച ഒരു എഡീഷനാണ് വിദ്യാര്‍ത്ഥികളും ഭാഷാകുതുകികളും പ്രതീക്ഷിക്കുന്നത്. ഇതര ഇന്ത്യന്‍ ഭാഷകളെപ്പോലെ ഐ റ്റി യുഗത്തിന് അനുയോജ്യമായവിധം അക്ഷരമാലാക്രമം മാനകീകരിച്ച മലയാളം ശബ്ദകോശങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം.

 

 

You must be logged in to post a comment Login