ശമ്പളം മുടക്കിയാൽ കമ്പനികൾക്ക് 3,000 റിയാൽ പിഴ

 

ദോഹ: തുടർച്ചയായ രണ്ട് മാസങ്ങളിൽ തൊഴിലാളിക്ക് ശമ്പളം ലഭിക്കാതിരുന്നാൽ ഒരു തൊഴിലാളിക്ക് എന്ന കണക്കിൽ കമ്പനിയിൽനിന്നും 3,000 റിയാൽ പിഴ ഈടാക്കും. വേതന സംരക്ഷണ നിയമം പാലിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് തൊഴിൽ മന്ത്രാലയം പ്രതിനിധി പറഞ്ഞു.

ഡബ്ല്യുപിഎസ് (വേജ് പ്രൊട്ടക്ഷൻ സിസ്റ്റം) നടപ്പാക്കാൻ എല്ലാ കമ്പനികളും ശ്രദ്ധിക്കണം. ബാങ്ക് മാർഗ്ഗം തൊഴിലാളികൾക്ക് കൃത്യമായി പണം എത്തുന്നുണ്ടെന്ന് ഉടമകൾ ഉറപ്പുവരുത്തണമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ശമ്പളം മുടങ്ങിയാൽ തൊഴിലാളികൾക്ക് മന്ത്രാലയത്തെ സമീപിക്കാനാകും.

രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും ഡബ്ല്യുപിഎസ് വഴിയായിരിക്കണം വേതനം നൽകേണ്ടത്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനാണ് ഡബ്ല്യുപിഎസ് നടപ്പാക്കിയത്. കമ്പനികളുടെ തെറ്റായ ആരോപണങ്ങളിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് വഴി വേതനം നൽകണമെന്ന നിയമം കൊണ്ടുവന്നത്.

കമ്പനിക്കെതിരെ പരാതി നൽകാൻ തൊഴിലാളികൾ ഭയക്കേണ്ടതില്ല. കമ്പനികളുടെ ഭീഷണി, പ്രതികൂലമായ തൊഴിൽ സാഹചര്യം, അവകാശങ്ങളുടെ ദുരുപയോഗം എന്നിവയിൽനിന്നും തൊഴിലാളികളെ സംരക്ഷിക്കാൻ തൊഴിൽ മന്ത്രാലയം ശ്രദ്ധാലുക്കളാകും.

You must be logged in to post a comment Login