ശരാശരിയിലും താഴെ ഫീച്ചറുകളുള്ള ഫോണിന് 2.3 കോടി രൂപ

സാധാരണ വിപണിയിലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ എടുത്തുനോക്കിയാല്‍ വില നമുക്ക് നിശ്ചയിച്ച് പറയാന്‍ കഴിയാവുന്നതാണ്. എന്നാല്‍ ഈ അടുത്തിടെ പുറത്തിറക്കിയ ഫോണിന് 2.3കോടി രൂപ. ആഢംബര ഫോണ്‍ നിര്‍മ്മാതാക്കളായ വെര്‍തുവാണ് സാധാരണ ഫോണിന്റെ ഫീച്ചറുകള്‍ പോലുമില്ലാത്ത സ്മാര്‍ട്ട്‌ഫോണിന് കോടിക്കണക്കിന് രൂപ വിലയിട്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും വിലയേറിയ ഫോണായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്.

വെര്‍തുവിന്റെ സിഗ്നേച്ചര്‍ രൂപമായ സര്‍പ്പം ചുറ്റി വരിഞ്ഞ നിലയിലാണ് ഫോണിന്റെ ഡിസൈന്‍. 439 മാണിക്യകല്ലുകള്‍കൊണ്ടാണ് ഈ സര്‍പ്പത്തെ നിര്‍മ്മിച്ചിരിക്കുന്നത്. സര്‍പ്പത്തിന്റെ പച്ചക്കണ്ണ് മരതകമാണ്. 288 ഭാഗങ്ങളുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രിട്ടനിലാണ് കൂട്ടിയോജിപ്പിച്ചതെന്ന് ചൈനീസ് വെബ്‌സൈറ്റായ ഗിസ്‌ചൈന റിപ്പോര്‍ട്ടു ചെയ്തു. ഈ അത്യഡംബരഫോണുകളില്‍ എട്ട് എണ്ണം മാത്രമാണ് കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്.

ചൈനീസ് ഇ-കൊമേഴ്‌സ് സൈറ്റില്‍ നിന്നും ഈ ഫോണ്‍ ആവശ്യക്കാര്‍ക്ക് വാങ്ങാനാകും. കൂടുതലായി 145 ഡോളര്‍ കൂടി നല്‍കിയാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള അവസരവുമുണ്ട്. രണ്ട് ഇഞ്ച് 240-320 ടിഎഫ്ടി എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ടച്ച് സ്‌ക്രീനില്ല. രണ്ട് ജിബി റാമും 16 ജിബി റോമുമുള്ള ഫോണില്‍ അഞ്ചര മണിക്കൂര്‍ ബാറ്ററി കപ്പാസിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്.

You must be logged in to post a comment Login