ശശികലയുടെ ജയിലിലെ ആഢംബര ജീവിതം പുറത്തുകൊണ്ടുവന്ന ഡിഐജിക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

ബംഗളൂരു: വി.കെ. ശശികലയുടെ ജയിലിലെ ആഢംബര ജീവിതം പുറത്തുകൊണ്ടുവന്ന ഡിഐജിക്കു രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. ഡി. രൂപ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതു വിവാദമായതിനു പിന്നാലെ ജയില്‍ ഡിഐജി സ്ഥാനത്തുനിന്നു അവരെ മാറ്റിയതും വിവാദമായിരുന്നു. തുടര്‍ന്നു വസ്തുതകള്‍ പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിയെയും സര്‍ക്കാര്‍ നിയമിച്ചിരുന്നു. രാജ് ഭവനില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തിലാണ് ഗവര്‍ണര്‍ വാജുഭായ് വാല മെഡല്‍ സമ്മാനിച്ചത്.

ജൂലൈയിലായിരുന്നു അന്നത്തെ ജയില്‍ ഡിഐജിയായിരുന്ന രൂപ ശശികലയുടെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ ആഢംബര ജീവിതത്തെക്കുറിച്ചും അതിനുവേണ്ടി അവര്‍ മുടക്കിയ രണ്ടുകോടി രൂപയെക്കുറിച്ചും ജയില്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഡിജിപി ഉള്‍പ്പെടെ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇതു പുറത്തുവന്നതിനെത്തുടര്‍ന്ന് ജയില്‍ ഡിജിപിയെയും രൂപയെയും സ്ഥലംമാറ്റി. ട്രാഫിക്, റോഡ് സുരക്ഷ വിഭാഗത്തിലേക്കാണു രൂപയെ മാറ്റിയത്.

You must be logged in to post a comment Login