ശശികലയുടെ നിയമനം അസാധുവാക്കുമോ?; പളനിസാമി വിഭാഗം പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേരുന്നു

 


ചെന്നൈ: അണ്ണാ ഡിഎംകെയിലെ ലയനത്തിന് മുന്നൊരുക്കമായി മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി വിഭാഗം പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേരുന്നു. ജനറല്‍ സെക്രട്ടറിയായുള്ള വി.കെ. ശശികലയുടെ നിയമനം അസാധുവാക്കുന്ന പ്രമേയം യോഗം പാസാക്കുമെന്നാണ് സൂചന. മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും ഗ്രീന്‍വെയ്‌സ് റോഡിലെ തന്റെ വീട്ടില്‍ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇപിഎസ് പക്ഷത്തുനിന്നു പച്ചക്കൊടി ലഭിച്ചാല്‍ പനീര്‍സെല്‍വവും നേതാക്കളും ഉച്ചയോടെ പാര്‍ട്ടി ആസ്ഥാനത്തെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചശേഷം ഫെബ്രുവരി അഞ്ചിനാണ് പനീര്‍സെല്‍വം അവസാനമായി എഐഎഡിഎംകെ ആസ്ഥാനത്തെത്തിയത്. ഇരുവിഭാഗങ്ങളും ഒന്നിച്ചശേഷം നേതാക്കന്‍മാര്‍ മാധ്യമങ്ങളെ കാണും. തുടര്‍ന്ന് ചെന്നൈ മറീനയിലുള്ള ജയലളിതയുടെ സ്മാരകം സന്ദര്‍ശിച്ചേക്കും. അതേസമയം, ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഉച്ചയ്ക്ക് ചെന്നൈയിലെത്തുമെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഗവര്‍ണറുടെ വരവോടെ, പളനിസാമി മന്ത്രിസഭ വികസിപ്പിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാക്കിയിട്ടുണ്ട്. അതേസമയം ചൊവ്വാഴ്ച മുതല്‍ നടക്കേണ്ട അമിത് ഷായുടെ തമിഴ്‌നാട് സന്ദര്‍ശനം റദ്ദാക്കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രാപ്തിയില്‍ എത്തിയിരുന്നില്ല. ശശികലയെയും ബന്ധുക്കളെയും പാര്‍ട്ടിയില്‍നിന്നു പൂര്‍ണമായും പുറത്താക്കണമെന്ന് പനീര്‍സെല്‍വം നിര്‍ബന്ധം പിടിച്ചതായിരുന്നു കാരണം. കാര്യങ്ങള്‍ അനുകൂലമായാല്‍ ലയനം ഇന്നുതന്നെ യാഥാര്‍ഥ്യമാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

You must be logged in to post a comment Login