ശശികല അണ്ണാ ഡിഎംകെ തലപ്പത്തേക്ക്; പ്രഖ്യാപനം അധികം വൈകാതെയെന്ന് സൂചന

sasikalaചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു വരുന്നുവെന്നു സൂചന. അധികം വൈകാതെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ജയലളിതയുടെ പിന്‍ഗാമിയായി പനീര്‍സെല്‍വത്തെ മുഖ്യമന്ത്രിയാക്കിയെങ്കിലും യഥാര്‍ത്ഥ പിന്‍ഗാമിയായി ശശികല തന്നെ കടന്നുവരും.

സര്‍ക്കാരിലും പാര്‍ട്ടിയിലും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ശശികല. ജയലളിത മല്‍സരിച്ച ആര്‍കെ നഗറില്‍നിന്ന് ഉപതിരഞ്ഞെടുപ്പിനെ നേരിടുന്ന കാര്യവും ശശികല ആലോചിക്കുന്നുണ്ട്. പനീര്‍ശെല്‍വത്തെ മുന്നില്‍ നിര്‍ത്തി പിന്നില്‍നിന്ന് നിയന്ത്രിക്കുന്ന ജയലളിതയുടെ അതേ ശൈലിയാകും ശശികലയും സ്വീകരിക്കുക.

പ്രധാനമന്ത്രിയടക്കം ജയയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു മടങ്ങിയവരെല്ലാം ശശികലയെ ആശ്വസിപ്പിക്കാനും വണങ്ങാനും മറന്നില്ല. പാര്‍ട്ടിയിലോ ഭരണത്തിലോ അധികാരമേതുമില്ല, ശശികലയ്ക്ക്. എന്നിട്ടും, ഇന്നലെ അവരായിരുന്നു ശ്രദ്ധാകേന്ദ്രം. നരേന്ദ്ര മോദി ശശികലയുടെ തലയില്‍ കൈവച്ചാണ് ആശ്വസിപ്പിച്ചത്. അദ്ദേഹത്തെ കണ്ടപ്പോള്‍ ശശികല വിതുമ്പുകയും ചെയ്തിരുന്നു.

You must be logged in to post a comment Login