ശശി തരൂര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ അര്‍ണബ് ഗോസ്വാമിക്ക് ഹൈക്കോടതി നോട്ടീസ്

ന്യൂഡല്‍ഹി:  ശശി തരൂര്‍ എം.പി നല്‍കിയ മാനനഷ്ടക്കേസില്‍ റിപ്പബ്ലിക് ചാനല്‍ എം.ഡിയും വാര്‍ത്ത അവതാരകനുമായ അര്‍ണബ് ഗോസ്വാമിക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയക്കാന്‍ ഉത്തരവായി. മാനനഷ് ടത്തിന് രണ്ട് കോടി രൂപ ആവശ്യപ്പെട്ടാണ് ശശി തരൂര്‍ ഹൈക്കോടതിയെ സമീപിച്ചത്.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അനുബന്ധ വാര്‍ത്തയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം തന്നെക്കുറിച്ച് നടത്തിയെന്നാണ് ശശി തരൂര്‍ ഹര്‍ജിയില്‍ ഉന്നയിച്ചത്. മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദാണ് തരൂരിന് വേണ്ടി ഹാജരായത്.

മെയ് 26 നാണ് തരൂര്‍ മാനനഷ് ടക്കേസ് ഫയല്‍ ചെയ്തത്. സുനന്ദയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാകുന്നത്‌ വരെ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും റിപ്പബ്ലിക് ചാനലിനെ തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ആഗസ്ത് 16 ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നോട്ടീസിന് മറുപടി നല്‍കാനും ജസ്റ്റിസ് മന്‍മോഹന്‍ ആവശ്യപ്പെട്ടു.

‘വാചാടോപം കുറക്കുക. നിങ്ങള്‍ക്ക് നിങ്ങളുടെ വാര്‍ത്തകള്‍ നല്‍കാം. വസ്തുതകള്‍ നിരത്താം. എന്തുംവിളിച്ചു പറയരുത്, അത് ശരിയല്ല’ നോട്ടീസ് അയക്കാനുള്ള ഉത്തരവിട്ടുകൊണ്ട്‌ ജസ്റ്റിസ് മന്‍മോഹന്‍ പറഞ്ഞു.

You must be logged in to post a comment Login