ശാസ്ത്രി തന്നെ പരിശീലകന്‍, ദ്രാവിഡ് ബാറ്റിംഗ് ഉപദേഷ്ടാവ്; സഹീര്‍ ബൗളിംഗ് കോച്ച്

ശാസ്ത്രി തന്നെ പരിശീലകന്‍, ദ്രാവിഡ് ബാറ്റിംഗ് ഉപദേഷ്ടാവ്; സഹീര്‍ ബൗളിംഗ് കോച്ച്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ നായകന്‍ രവി ശാസ്‌ത്രിയെ നിയോഗിച്ചു. മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാനെ ബൗളിംഗ് കോച്ചായും രാഹുല്‍ ദ്രാവിഡിനെ വിദേശ പരമ്പരകളില്‍ ബാറ്റിംഗ് ഉപദേഷ്ടാവും ബിസിസിഐ നിയമിച്ചു. 2019 ലോകകപ്പ് വരെയാകും ഇവരുടെ നിയമനം. ജൂലൈ 26ന് ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പുതിയ പരിശീലകര്‍ ചുമതലയേല്‍ക്കും.

ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനാരെന്ന് ഇന്ന് തന്നെ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശാസ്‌ത്രിയെ പരിശീലകനായി തെരഞ്ഞെടുത്തകാര്യം രാത്രി 11 മണിയോടെ ബിസിസിഐ അറിയിച്ചത്.

ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം ബിസിസിഐ ഉപദേശക സമിതി തിങ്കളാഴ്ച തന്നെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ടീം അംഗങ്ങളുടെയും അഭിപ്രായം കൂടി കേട്ടശേഷം പരിശീലകനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ഉപദേശക സമിതി അംഗമായ സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നത്.

 ശാസ്‌ത്രിക്ക് പുറമെ വീരേന്ദര്‍ സെവാഗ്, ടോം മൂഡി, റിച്ചാര്‍ഡ് പൈബസ്, ലാല്‍ചന്ദ് രജ്പുത് എന്നിവരുമായാണ് ഉപദേശകസമിതി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞവര്‍ഷം രവി ശാസ്‌ത്രിയെ തഴഞ്ഞാണ് ഉപദേശക സമിതി അനില്‍ കുംബ്ലെയെ പരിശീലകനായി തെരഞ്ഞെടുത്തത്. കുംബ്ലെയുടെ മുന്‍ഗാമിയായിരുന്ന ഡങ്കന്‍ ഫ്ലെച്ചറുടെ കാലത്ത് 2014 മുതല്‍ 2016വരെ ഇന്ത്യന്‍ ടീമിന്റെ ഡ‍യറക്ടറായും രവി ശാസ്‌ത്രി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

You must be logged in to post a comment Login