ശില്‍പ ഷെട്ടിയുടെ വസ്ത്രത്തെ വിമര്‍ശിച്ച് ഫാഷന്‍ ലോകം

സ്വതസിദ്ധമായ അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ശില്‍പ ഷെട്ടി. വിവാഹിതയായപ്പോഴും കുഞ്ഞുണ്ടായതിനു ശേഷവും തന്റെ ശരീരസൗന്ദര്യം പഴയതിലും മനോഹരമായി കാത്തു സൂക്ഷിച്ച അപൂര്‍വം നടിമാരിലൊരാള്‍. സൈസ് സീറോ ലുക്ക് എങ്ങനെ സ്വന്തമാക്കാം എന്നു വിവിധി വിഡിയോകളിലൂടെയും സ്വന്തമായി എഴുതിയ പുസ്തകത്തിലൂടെയുമൊക്കെ ശില്‍പ നമുക്കു പറഞ്ഞുതന്നു. പക്ഷേ ഫാഷന്റെ കാര്യത്തില്‍ മാത്രം ഈ നടിക്കത്ര സെന്‍സില്ലെന്നാണ് പൊതുവെയുള്ള പറച്ചില്‍.

ബോളിവുഡ് സുന്ദരിമാരെല്ലാം വസ്ത്രങ്ങളില്‍ വ്യത്യസ്തതയും ട്രെന്‍ഡും കൊണ്ടുവരുമ്പോള്‍ അടുത്തിടെ ശില്‍പ ധരിച്ച വസ്ത്രത്തെ ഏറ്റവും മോശം എന്നാണ് ഫാഷന്‍ പ്രേമികളാകെ വിശേഷിപ്പിക്കുന്നത്. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡിനെത്തിയപ്പോള്‍ ശില്‍പ ധരിച്ച വസ്ത്രത്തിനാണ് വിമര്‍ശനങ്ങളുടെ പെരുമഴയെത്തുന്നത്. വിമര്‍ശനങ്ങളിലും കാര്യമില്ലാതില്ല, ചടങ്ങിനായി ശില്‍പ ധരിച്ച വേഷം ഗൗണാണോ അതോ സാരിയാണോ എന്നു പോലും മനസിലാകുന്നില്ലെന്നു മാത്രമല്ല ഒട്ടും മേന്മയില്ലാത്തൊരു ഡിസൈനുമായിരുന്നു അത്.

കരിനീലനിറത്തിലുള്ള ആ വേഷം പഴയ സാരികൊണ്ട് ശില്‍പ ഗൗണ്‍ തുന്നിച്ചതാണോയെന്നാണ് പലരും കളിയാക്കി ചോദിക്കുന്നത്. കരിനീലനിറത്തേക്കാള്‍ എടുത്തുനില്‍ക്കുന്നത് ഗൗണ്‍ സാരിയിലെ വെള്ളി നിറം തന്നെയാണ്, അതിനു ചേരുന്നവിധത്തിലും ഇരുകൈകളിലും മെറ്റാലിക് ആഭരണങ്ങളും ധരിച്ചിട്ടുണ്ട്. കഴുത്തിലോ കാതിലോ ആഭരണം തരിമ്പും ഇല്ലാത്തതുകൊണ്ടു തന്നെ കൈകളിലുള്ളവ അമിതമാണെന്നു തോന്നിക്കുകയും ചെയ്യും.

സില്‍വര്‍ സാന്‍ഡലും സില്‍വര്‍ വളയും സില്‍വര്‍ മോതിരങ്ങളുമൊക്കെയായി ആകെമൊത്തം ഒരു സില്‍വര്‍ മേളമായിരുന്നു. രണ്ടു സ്‌റ്റൈലിലുള്ള വസ്ത്രങ്ങളെ മിക്‌സ് ചെയ്തുള്ള ഫ്യൂഷന്‍ ആകാം ശില്‍പ പരീക്ഷിച്ചതെന്നാണ് കേള്‍ക്കുന്നത്. എന്തായാലും ഇനി വസ്ത്രത്തിലൊരു പരീക്ഷണം നടത്തുംമുമ്പ് ശില്‍പ രണ്ടുതവണ ആലോചിക്കുമെന്നാണ് തോന്നുന്നത്.

Shilpa Shetty

Shilpa Shetty

Shilpa Shetty

You must be logged in to post a comment Login