ശോഭീന്ദ്രന്‍ മാഷിന്റെ പരിസ്ഥിതി യാത്രകള്‍

ഡോ. അമാനുല്ല വടക്കാങ്ങര

നമ്മുടെ മുന്നിലുള്ള ചോദ്യം ഹരിതമനോഹരമായി
അണിയിച്ചൊരുക്കിയ ഈ തറവാട്ട് ഭൂമി ഇതേ ഭംഗിയില്‍ നമ്മുടെ
കുഞ്ഞുങ്ങള്‍ക്ക്, അടുത്ത തലമുറക്ക് കൈമാറാന്‍ സാധിക്കുമോ എന്നതാണ്.

മാനവരാശിക്കും ജീവജാലങ്ങള്‍ക്കുമെല്ലാം നിലനില്‍ക്കുവാനും
ജീവിക്കുവാനും അനുഗുണമായ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും
പ്രസക്തിയും ഊന്നിയുള്ള പ്രൊഫസര്‍ ശോഭീന്ദ്രന്റെ
പരിസ്ഥിതി യാത്രകള്‍ ഭൂഖണ്ഠങ്ങള്‍
ഭേദിച്ച് മുന്നേറുകയാണ്.

 

പരിസ്ഥിതി സംരക്ഷണത്തിന് ജീവിതം ഉഴിഞ്ഞുവെച്ച പച്ചയായ മനുഷ്യനാണ് പ്രൊഫസര്‍ ശോഭീന്ദ്രന്‍. ചിന്തയിലും പ്രവര്‍ത്തിയിലുമെന്നല്ല വേഷവിതാനങ്ങളില്‍പോലും പച്ചപ്പിന്റെ ഉപാസകനായ ശോഭീന്ദ്രന്റെ പരിസ്ഥിതി യാത്രകള്‍ ഒട്ടേറെ ജീവിത പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതും പുതിയ തലമുറയെ ഉദ്ബുദ്ധമാക്കുവാന്‍ പോന്നതുമാണ്. നീണ്ട മൂന്ന് പതിറ്റാണ്ടുകള്‍ അധ്യാപനവൃത്തിയിലായിരുന്നപ്പോഴും പരിസ്ഥിതി ബോധവല്‍ക്കരണം അദ്ദേഹത്തിന്റെ മുഖ്യ അജണ്ടയായിരുന്നു. ഇക്കണോമിക്‌സായിരുന്നു അദ്ദേഹം പഠിപ്പിച്ചത്. അതിനെകുറിച്ച് ചോദിക്കുമ്പോള്‍ നിര്‍മലമായ ഒരു ചിരിയോടെ അദ്ദേഹം പറയും. അതൊരു പണി ആയൂധം മാത്രമായിരുന്നു.
ബാംഗ്‌ളൂര്‍ മജസ്റ്റിക്കിലെ ഒരു കോളേജില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനായാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. നഗരജീവിതതവും ചുറ്റുപാടും പ്രകൃതി സ്‌നേഹിയായ ഈ മനീഷിയെ അത്ര സ്വാധീനിച്ചില്ല. ആയിടക്കാണ് ചിത്രദുര്‍ഗ എന്ന ഗ്രാമത്തിലേക്ക് മാറ്റം സാധ്യമായത്. ഗ്രാമവും ഗ്രാമീണരുമായി വളരെ ഊഷ്മളമായ ബന്ധം സ്ഥാപിച്ച് വിദ്യാഭ്യാസത്തിന്റെ സാമൂഹ്യ വല്‍ക്കരണത്തിലൂടെ സാംസ്‌കാരിക വിപ്ലവം സാധ്യമാണെന്ന് പ്രായോഗികമായി തെളിയിക്കാന്‍ ലഭിച്ച ആദ്യ അവസരം തന്നെ അദ്ദേഹം ഫലപ്രദമായി വിനിയോഗിച്ചു. ചെറുപ്പം മുതല്‍ തന്നെ പരിസ്ഥിതിയോടും പ്രകൃതിയോടും പ്രണയമായിരുന്ന അദ്ദേഹം ഗ്രാമത്തിലെ നിര്‍മല മനസുകളെ വേഗം വശത്താക്കി. കുട്ടികളേയും സഹപ്രവര്‍ത്തകരേയും സംഘടിപ്പിച്ച് പരിസ്ഥിതി യാത്രകളുടെ തുടക്കമായിരുന്നു അത്. സഹപ്രവര്‍ത്തകനായിരുന്ന ഹിദായത്തുല്ല സഈദിയുടെ പ്രതിഭാവിലാസവും ചിരിയുടെ മാലപ്പടക്കം തീര്‍ക്കുന്ന സ്വഭാവവും ശോഭീന്ദ്രനെ ഏറെ സ്വാധീനിച്ചു.
കുന്ന് കയറാനും കൂട്ടം കൂടി കുട്ടികളോടൊപ്പം പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുവാനും അവസരം ലഭിച്ച അദ്ദേഹംം പരിസ്ഥിതി സംരക്ഷണത്തിന്റെ ഉപാസകനായി തന്റെ യാത്ര തുടരുകയായിരുന്നു. കുന്നുകളും പുഴകളും കുളങ്ങളും ആറുകളുമൊക്കെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായതങ്ങനെയാണ്. കുട്ടികളോടൊപ്പം കുളങ്ങളില്‍ ആറാടിത്തിമര്‍ത്തതിന്റെ ഓര്‍മകള്‍ ഇന്നും അദ്ദേഹത്തിന്റെ മനസില്‍ പച്ചയായി നില്‍ക്കുന്നു.
ചിത്രദുര്‍ഗയിലെ നാല് വര്‍ഷത്തോളമുള്ള സംഭവ ബഹുലമായ ജീവിത യാത്ര തുടര്‍ന്നത് ഗുരുവായൂരപ്പന്‍ കോളേജിലെത്തിയാണ്. കോളേജിനെ മുഴുവന്‍ പച്ചപ്പ് കൊണ്ട് അലങ്കരിച്ച് സാമൂഹ്യ ഉദ്ഘഥനത്തിന്റേയും ഐക്യത്തിന്റേയും സന്ദേശവുമായി കര്‍മരംഗത്ത് തളരാത്ത ആവേശം കാത്തുസൂക്ഷിച്ച് അദ്ദേഹം നടത്തിയ ജലയാത്രകളും കവല പ്രസംഗങ്ങളുമൊക്കെ ജീവിത സായൂജ്യമാണ് അദ്ദേഹത്തിന് സമ്മാനിച്ചത്.
ജീവിതം അനന്തമായ യാത്രയാണോ . ഈ യാത്രയില്‍ നമുക്കെന്തെങ്കിലും ലക്ഷ്യമുണ്ടോ . കര്‍മങ്ങളും ലക്ഷ്യവും ഏത് ദിശയിലായിരിക്കണം. ഇതിനൊക്കെ മാഷിന് വ്യക്തമായ ഉത്തരങ്ങളുണ്ട്. അമൂല്യമായ പരിസ്ഥിതിയെ പ്രണയിച്ചുകൊണ്ടുള്ള യാത്രകളാണ് ജീവിതത്തെ ധന്യമാക്കുന്നത്. ഈ യാത്രകള്‍ ആരെയെങ്കിലും ബോധ്യപ്പെടുത്താനോ മാധ്യമ ശ്രദ്ധ നേടാനോ അല്ല. മറിച്ച് തന്റെ ആത്മാവിന്റെ ദാഹം ശമിപ്പിക്കുവാനും ഉത്തരവാദിത്തം നിറവേറ്റാനുമാണ് . മനം ശുദ്ധമാക്കാം മണ്ണ് സുന്ദരമാക്കാം എന്ന പ്രമേയത്തോടെ മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് ആഗോള ഉച്ചകോടിയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളില്‍ സംബന്ധിച്ചപ്പോഴാണ് പ്രൊഫസര്‍ ശോഭീന്ദ്രന്‍ പ്രായം തളര്‍ത്താത്ത ആവേശത്തോടെ പ്രകൃതി സംരക്ഷണത്തെക്കുറിച്ചും മാനവ സ്‌നേഹത്തെക്കുറിച്ചൂമൊക്കെയുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചത്.
കറകളഞ്ഞ മനുഷ്യ സ്‌നേഹത്തിന്റേയും പരിസ്ഥിതി സംരക്ഷണത്തിന്റേയും ആചാര്യനായ അദ്ദേഹം എല്ലാവര്‍ക്കും ഊഷ്മളമായ സ്‌നേഹാഭിവാദ്യങ്ങളര്‍പ്പിച്ചാണ് എപ്പോഴും സംസാരിക്കുക. എല്ലാവര്‍ക്കും സ്‌നേഹം എന്ന അദ്ദേഹത്തിന്റെ അഭിവാദ്യം പോലും പ്രകൃതിസംരക്ഷിക്കുവാനുള്ള സ്‌നേഹകൂട്ടായ്മക്കുള്ള ആഹ്വാനമാണ്.
നാം ഇപ്പോള്‍ എവിടെയാണ് എന്ന ചോദ്യമാണ് അദ്ദേഹം സദാ ഉയര്‍ത്തുന്നത്. നമ്മുടെ ഏറ്റവും വലിയ വിലാസം നാം ഭൂമിയിലാണ് എന്നതാണ്. ഭൂമി ഇപ്പോള്‍ എവിടെയാണ് എന്ന് ചോദിച്ചാല്‍ ഭൂമി ശൂന്യാകാശത്തിലാണ് എന്നാകണം ഉത്തരം. സദാസമയവും ശൂന്യാകാശത്തിലാണ് ഭൂമി. ഭൂമി സൂര്യനും ചുറ്റും ചുറ്റികൊണ്ടിരിക്കുകയാണ്. അപ്പോള്‍ നീ എവിടെയാണ് എന്ന് ചോദിച്ചാല്‍ ഞാന്‍ ശൂന്യാകാശത്തിലാണ് എന്നാകും. ഞാന്‍ ശൂന്യകാശത്തിലാണ് എന്ന സത്യം നാം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാം. വീടിന്റെ വിലാസത്തില്‍ ചുരുങ്ങിപോകുന്ന ജീവിതത്തെ മനസിന്റെ വിശാലയതിലേക്ക് കൊണ്ടുപോകുന്നതിന് ഇത്തരത്തിലുള്ള ഉത്തരം പറയാന്‍ നമുക്ക് സാധിക്കണം. നീ എവിടെയാണ് എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ ശൂന്യാകാശത്തിലാണ് എന്ന് പറയുമ്പോള്‍ മനുഷ്യ മനസില്‍ ഭൂമിയുണ്ട്. ഈ ഭൂമിയുമായും സ്ഥാപിക്കുന്ന അടുത്ത ബന്ധമാണ് മനുഷ്യ മനസിലുണ്ടാവേണ്ടത്.
നിരവധി ഗ്രഹങ്ങളും കോടാനുകോടി നക്ഷത്രങ്ങളുമുള്ള മഹാപ്രപഞ്ചത്തില്‍ ഭൂമിയാകുന്ന വാഹനത്തില്‍ നിരന്തരം സഞ്ചാരത്തിലാണ് മനുഷ്യന്‍. സത്യവും നന്മയും കൊണ്ട് മനസിനെ ശുദ്ധമാക്കുമ്പോഴാണ് പ്രപഞ്ചത്തെ ശരിയായ രീതിയില്‍ മനസിലാക്കാന്‍ കഴിയുകയുള്ളൂ.
ആകാശത്തേക്കാള്‍ വിശാലമായ പ്രപഞ്ച ഗഹനതയിലേക്ക് മനസിനെ കൈപിടിച്ചാനയിക്കുക എന്നത് ഏറെ പ്രധാനപ്പെട്ട പുണ്യ പ്രവര്‍ത്തിയാണ്. വിദ്യാഭ്യാസ ക്രമത്തിലും അധ്യായന രീതിയിലും ഈ വിശാലമായ കാഴ്ചപ്പാടോടെയുള്ള പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് അദ്ദേഹം തറപ്പിച്ച് പറയുന്നു. നാം ഒന്നാണെന്നും ഒരേ വാഹനത്തില്‍ സഞ്ചരിക്കുന്നവരാണെന്നുമുള്ള തിരിച്ചറിവ് നമ്മുടെ വാഹനത്തെ എല്ലാ വെല്ലുവിളികളില്‍ നിന്നും സംരക്ഷിക്കുവാന്‍ നാം തയ്യാറാകും. ഭൂമിയെ ശ്രദ്ധിക്കുവാനും പരിചരിക്കുവാനും ആളുകളുണ്ടാകും. ഭൂമിയുടെ സൗന്ദര്യം ഭൂമിയുടെ ജീവനാണ്. ആ സൗന്ദര്യം ചൈതന്യവത്തായി നിലനിര്‍ത്തുകയാണ് വേണ്ടത്. ഭൂമിയില്‍ മഴയുള്ളതുകൊണ്ടാണ് ജീവന്‍ നിലനില്‍ക്കുന്നത്. ഇവിടെയാണ് ജീവജലത്തിന്റെ പ്രസക്തിയും പ്രാധാന്യവും നാം തിരിച്ചറിയേണ്ടത്. മണ്ണുരുകയും മനസ്സുണരുകയും ചെയ്യുന്ന പരസ്പര പൂരകമായ കാഴ്ചപ്പാട് ഭൂമിയില്‍ സമാധാനമുണ്ടാക്കും. ദേശ ഭാഷാ വ്യത്യാസങ്ങള്‍ക്കതീതമായി ഒന്നാണ് എന്ന ചിന്ത മനുഷ്യരെയെല്ലാം ഏകോപിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ മുന്നണിപ്പോരാളികളാക്കി മാറ്റുമെന്നതില്‍ സംശയമില്ല.
നിരന്തരമായ സമരപോരാട്ടത്തിന്റെ വീര്യത്തോടെ ശോഭീന്ദ്രന്‍ നടത്തുന്ന പ്രകൃതി സംരക്ഷണയാത്രകളും ചര്‍ച്ചകളും കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അവിസ്മരണീയമായ അനുഭവമായി മാറുന്നത് അദ്ദേഹത്തിന്റെ തനിയമയുള്ള നിലപാടുകള്‍ക്കുള്ള അംഗീകാരം കൂടിയാണ്. കുടിവെള്ളവും പുഴവെള്ളവും മാത്രമല്ല കനാലും കായലും കടലുമടക്കമുള്ള എല്ലാ ജലാശയങ്ങളും അമൂല്യ നിധിയായി സംരക്ഷിക്കാതിരുന്നാലുണ്ടാകുന്ന അപകടത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങള്‍ ഏവരേയും ഇരുത്തിചിന്തിപ്പിക്കുന്നതാണ്. നാം നമ്മുടെ വീട്ടിലൈ കിണറില്‍ എ ന്തെങ്കിലും മാലിന്യം നിക്ഷേപിക്കുവാന്‍ മുതിരുമോ . പിന്നെയെങ്ങിനെയാണ് പുഴയിലും കായതിലുമൊക്കെ മാലിന്യങ്ങള്‍ നിക്ഷേപിക്കുവാന്‍ നമുക്ക് സാധിക്കുന്നത് എന്ന് അദ്ദേഹം ചോദിക്കുമ്പോള്‍ സാക്ഷരതയിലും വ്യക്തി ശുദ്ധിയിലും കേമനെന്ന് അഭിമാനിക്കുന്ന മലയാളികളുടെ സാമൂഹ്യ ബോധമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ശുദ്ധമായ പ്രകൃതിയും പരിസരവും നിലനില്‍ക്കുമ്പോഴേ നല്ല ചിന്തകളും നിലപാടുകളും മനുഷ്യ സമൂഹത്തെ ധന്യമാക്കുകയുള്ളൂവെന്നാണ് അദ്ദേഹം കരുതുന്നത്.
ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും തന്റെ നിയോഗം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനായതിന്റെ സായൂജ്യമാണ് ഈ കര്‍മയോഗിയെ സദാ സജീവമാക്കി നിര്‍ത്തുന്നത്. വികസനവും പുരോഗതിയുമൊക്കെ നിലനിര്‍ത്തി തന്നെ മണ്ണും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം നിലനിര്‍ത്താനാകുമെന്നും കൂരരിരുട്ടിനെ പഴിക്കുന്നതിന് പകരം പ്രകൃതി സ്‌നേഹത്തിന്റേയും പരിസ്ഥിതി സംരക്ഷണത്തിന്റേയും ഓരോ ചെറിയ മെഴുകുതിരികളെങ്കിലും കൊളുത്താന്‍ നാം ഓരോരുത്തരും തയ്യാറായാല്‍ വിപ്‌ളവകരമായ മാറ്റമാണ് ലോകത്തുണ്ടാവുക എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.
നമുക്ക് ചുറ്റും കാണുന്ന മനോഹരമായ കാഴ്ചകളൊക്കെ നാം ഒരു വിലയും നല്‍കാതെ നമ്മില്‍ വന്നുചേര്‍ന്നവയാണ്. സ്രഷ്ടാവിന്റെ മഹത്വവും കര്‍മ വൈവിധ്യങ്ങളും വിസ്മയകരങ്ങളാണ്. വ്യത്യസ്ത ഭാവങ്ങളും സ്വപ്‌നങ്ങളും ചിന്തകളുമായാണ് ലോകം മുന്നോട്ടുപോകുന്നത്. എന്നാല്‍ മനുഷ്യന്‍ ഉത്തരവാദിത്തത്തോടുകൂടിയ തന്റെ സ്വാതന്ത്ര്യം വിനിയോഗിക്കുമ്പാഴാണ് പ്രബുദ്ധനാകുന്നത്. നമ്മുടെ ജീവിതത്തിന്റെ കഥയും തിരക്കഥയും സംവിധാനവുമൊക്കൈ രൂപപ്പെടുന്ന മനസ്സിനെ ശ്രദ്ധിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുകയെന്നത് ജീവിത വിജയത്തിന് അനുപേക്ഷ്യമാണ്. ജീവിതത്തില്‍ നമുക്ക് വ്യക്തമായ ലക്ഷ്യവും ഉത്തരവാദിത്തവുമണ്ട്. ഒന്നും ചെയ്യാനില്ല എന്നതുപോലെ എല്ലാ ഞാനാണ് നിശ്ചയിക്കുന്നത് എന്ന് ചിന്തിക്കുന്നത് അപകടകരമാണ്. ജീവിതമെന്ന വിസ്മയകരമായ കഥയയുടെ തന്തുക്കള്‍ തിരിച്ചറിഞ്ഞ് അവസരത്തിനൊത്തുയര്‍ന്നു പ്രവര്‍ത്തിക്കാനാവുകയെന്നതാണ് പ്രധാനം.
ജനനം മുതല്‍ മരണം വരെയുള്ള കുറഞ്ഞ സമയമാണ് ഈ ലോകത്ത് നമുക്കുള്ളത്. അവ കാര്യക്ഷമമായും സാര്‍ഥകമായും പ്രയോജനപ്പെടുത്തുകയാണ് പ്രധാനം. പ്രപഞ്ചവും അതിലെ അത്ഭുദകരമായ എല്ലാ സംവിധാനങ്ങളും നമുക്ക് വേണ്ടിയുളളതാണെങ്കിലും ഉപഭോഗാസക്തിയുടെ നശീകരണ പ്രവണതകളില്‍ നിന്നും നമ്മെ തടയാതിരുന്നാല്‍ ഈ ലോകത്ത് ജീവിതം ദുസ്സഹമാകും. മലകളും കാടുകളും ആറുകളും പുഴകളും കുളങ്ങളും ജലാശയങ്ങളും ജന്തുജാലങ്ങളുമൊക്കെ നിലനില്‍ക്കുമ്പോഴാണ് സന്തുലിതമായ ആവാസ വ്യവസ്ഥ സുരക്ഷിതമാവുക.
പച്ചപ്പ് കൊണ്ട് അലങ്കരിച്ച ഈ ഭൂമിയിലെ ജീവിതം എന്തുമാത്രം മനോഹരമാണ്. മണ്ണും മനുഷ്യനും എന്നും ചങ്ങാതിമാരാണ്. ഒരേ മൂലകങ്ങളാല്‍ പടുത്തുയര്‍ത്തിയ പരിശുദ്ധമായ സൃഷ്ടികള്‍.. മനസ്സ് ശുദ്ധമായിടത്തെല്ലാം മണ്ണ് സുന്ദരമാണ്. പ്രകൃതി രമണീയമാണ്. മനസ്സ് മലിനപ്പെടുമ്പോള്‍ മണ്ണിലാണ് ദുര്‍ഗന്ധം വമിക്കുന്നത്. ദുരമൂത്ത മനുഷ്യന്റെ കൈകടത്തലുകളാല്‍ പ്രകൃതിയില്‍ വിഷം നിറയുന്നു. പരിസ്ഥിതിയുടെ തകര്‍ച്ചയില്‍ മഹാമാരികളും ദുരന്തങ്ങളും പെയ്തിറങ്ങുന്നു. നിസാരനായ, നിസഹായനായ മനുഷ്യന്‍ പരിഭ്രാന്തനാകുന്നു.
പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയും പ്രകൃതിയുടെ ജൈവാവസ്ഥയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ചെടികളും മരങ്ങളും നട്ടുവളര്‍ത്തിയും പരിസ്ഥിതി സംരക്ഷിക്കുവാന്‍ തയ്യാറാവുക എന്നതും പ്രധാനമാണ്.
മാനവരാശിയുടെ ക്ഷേമൈശ്വര്യ പൂര്‍ണമായ ജീവിതം ഉറപ്പുവരുത്തുവാന്‍ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെും ഈ രംഗത്ത് ഓരോരുത്തര്‍ക്കും എന്ത് ചെയ്യുവാന്‍ കഴിയുമെന്നതാണ് കാതലായ പ്രശ്‌നം.
സമകാലിക ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിക പ്രശ്‌നങ്ങളെ പച്ചപ്പ് പുതച്ച് അതിജീവിക്കുവാനും നമ്മുടെ ചുറ്റിലും മരങ്ങളും ചെടികളും പടര്‍ത്തി പരിസ്ഥിതിയെ അലങ്കരിക്കുവാനുമാണ് നാം ശ്രമിക്കേണ്ടത്. ആഗോളതാപനവും പരിസ്ഥിതിയുടെ പച്ചപ്പ് നഷ്ടപ്പെടുത്തുന്നതും അലോസരപ്പെടുത്തുന്ന ഓരോരുത്തരും ഓരോ ചെടികളെങ്കിലും നട്ടുവളര്‍ത്താന്‍ തയ്യാറായാല്‍ വമ്പിച്ച മാറ്റമാണ് ഉണ്ടാവുക.
നാം പ്രകൃതിയുടെ ഉടമസ്ഥരല്ല. കേവലം കൈകാര്യ കര്‍ത്താക്കള്‍ മാത്രമാണ്. ജീവന്റെ അവിഭാജ്യ ഘടകമായ പ്രകൃതിയെ സംരക്ഷിക്കുകയും എല്ലാ ത്തരം മലിനീകരണങ്ങളില്‍ നിന്നും മുക്തമാക്കി നിര്‍ത്തുകയും ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്തം ഓരോ വ്യക്തിയിലും നിക്ഷിപ്തമാണ്. ഓരോ വിഭവവും ആവര്‍ത്തിച്ച് ഉപയോഗിക്കുക എന്നതാണ് പ്രകൃതിയുടെ തത്വം. വീണ്ടും ഉപയോഗിക്കാന്‍ പറ്റാത്തവയെ തിരസ്‌ക്കരിക്കുകയാണ് വേണ്ടത്.
നമ്മുടെ മുന്നിലുള്ള ചോദ്യം ഹരിതമനോഹരമായി അണിയിച്ചൊരുക്കിയ ഈ തറവാട്ട് ഭൂമി ഇതേ ഭംഗിയില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്, അടുത്ത തലമുറക്ക് കൈമാറാന്‍ സാധിക്കുമോ എന്നതാണ്. ഗ്ലോബല്‍ വാമിംഗും കാലാവസ്ഥ വ്യതിയാനവും പണ്ട് ഉച്ചകോടി വിഷയങ്ങളായിരുന്നുവെങ്കില്‍ ഇന്ന് സാധാരണക്കാരന്‌പോലും ചുട്ട് പൊള്ളുന്ന അനുഭവമാണ്. മഴയും, പുഴയും, കുന്നും, കാവും കാടുമൊക്കെ കവിതയില്‍ ഒതുങ്ങിപ്പോയി. പ്രാണവായു മലിനമാണ്. ജീവജലം അശുദ്ധമാണ്. മണ്ണ് മലീമസമാണ്. ചപ്പ് ചവറുകളും പ്ലാസ്റ്റിക് വേസ്റ്റും ചേര്‍ന്ന് മടിത്തട്ടും കളിതൊട്ടിലുമായ മണ്ണിനെ ശവപ്പറമ്പാക്കി മാറ്റിയിരിക്കുന്നു. ജീവജാലങ്ങള്‍ ചത്തൊടുങ്ങുന്നു. ആവാസ വ്യവസ്ഥ തകിടം മറിയുന്നു. കാട്ടുജന്തുക്കള്‍ നാട്ടിലിറങ്ങുന്നു. കേട്ടുകേള്‍വിയില്ലാത്തവിധം കൊലയാളി വൈറസുകള്‍ താണ്ഡവമാടുന്നു. മരണമാരിയുടെ സുനാമിയില്‍ നാം ജാഗ്രത്താണ്. അത് കഴിഞ്ഞാല്‍ എല്ലാം മറക്കുന്നു. നമ്മുടെ ബോധവല്‍ക്കരണവും പരിപാടികളും ഏതെങ്കിലും സവിശേഷ ദിനങ്ങളില്‍ പരിമിതമാവാതെ നിത്യവും നമ്മെ നയിക്കുന്ന വികാരമായി മാറേണ്ടതുണ്ട്. ശുചിത്വമുള്ള പരിസ്ഥിതിയെ കാത്തുസൂക്ഷിക്കുന്നവരായി നാം മാറേണ്ടിയിരിക്കുന്നു. പരിശുദ്ധമായ മനസോടെ പവിത്ര സുന്ദരമായ ഭൂമിയേയും ആവാസ വ്യവസഥയേയും പിഗണിക്കാനായാല്‍ വമ്പിച്ച മാറ്റമാണ് നമുക്ക് സംഭവിക്കുക.
പ്രകൃതിയുടെ മടിത്തട്ടില്‍ വിഭവങ്ങളെല്ലാം ആവോളം ആസ്വദിച്ച് കഴിഞ്ഞ മാനവകുലം തെറ്റായ പ്രവര്‍ത്തനങ്ങളും ജീവിതരീതികളും കാരണം അതിസങ്കീര്‍ണമായ പാരിസ്ഥിതിക ആഘാതങ്ങളുടേയും ഗുരുതരമായ വെല്ലുവിളികളുടേയും ഇടയിലാണ് ജീവിക്കുന്നത്. കാടും കായലും പുഴയും അരുവികളും വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുമൊക്കെ ഒരു വലിയ പരിധിവരെ നമ്മുടെ ജീവിത സാഹചര്യങ്ങളില്‍ നിന്നും അന്യമാകുന്ന കാലം വിദൂരമെന്നല്ല ഓര്‍മപ്പെടുത്തലുകളാണ് സമകാലിക സംഭവവികാസങ്ങള്‍ നമ്മോട് ആവര്‍ത്തിക്കുന്നത്. പ്രകൃതി രമണീയമായ ഭൂമിയില്‍ പരിശുദ്ധ വായു ശ്വസിച്ച് ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുന്ന പരിസരങ്ങളും അനുഭവങ്ങളും പുതിയ തലമുറക്ക് എത്രത്തോളം പരിചിതമാണെന്ന് സംശയിക്കണം. മാനവരാശിക്കും ജീവജാലങ്ങള്‍ക്കുമെല്ലാം നിലനില്‍ക്കുവാനും ജീവിക്കുവാനും അനുഗുണമായ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും പ്രസക്തിയും ഊന്നിയുള്ള പ്രൊഫസര്‍ ശോഭീന്ദ്രന്റെ പരിസ്ഥിതി യാത്രകള്‍ ഭൂഖണ്ഠങ്ങള്‍ ഭേദിച്ച് മുന്നേറുകയാണ്.

 

You must be logged in to post a comment Login