ശ്രവണ വൈകല്യമുള്ളവര്‍ക്ക് സഹായഹസ്തവുമായി എയിംസ്

കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 6 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് ശ്രവണ സഹായി നല്‍കുന്നത്.

ear
കൊച്ചി: അമൃത ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അമേരിക്കയിലെ സ്റ്റാര്‍കെ ഹിയറിംഗ് ഫൗണ്ടേഷനുമായി സഹകരിച്ച് ശ്രവണ വൈകല്യമുള്ള 150 കുട്ടികള്‍ അടക്കം 200 പേര്‍ക്ക് ശ്രവണ സഹായി സൗജന്യമായി നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. ഇയര്‍ മോര്‍ഡും ബാറ്ററിയും ഉള്‍പ്പെടെ 400 ശ്രവണ സഹായികളാണ് ആറ് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ വിതരണം ചെയ്യുന്നത്.

കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 6 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് ശ്രവണ സഹായി നല്‍കുന്നത്. 25,000 രൂപ വിലവരുന്ന ശ്രവണ സഹായികളാണ് ഓരോരുത്തര്‍ക്കും നല്‍കുന്നത്.

അമൃതയിലെ ഡോക്ടര്‍മാരും സ്പീച്ച് സ്‌പെഷ്യലിസ്റ്റുകളും ശ്രവണ പരിശോധനകളും നടത്തും. ശ്രവണ സഹായി സ്വീകരിക്കുന്നവര്‍ക്ക് പൂര്‍ണമായും സൗജന്യമായി പരിശീലന പരിപാടികളും ആജീവനാന്ത തുടര്‍ സേവനങ്ങളും ലഭിക്കും.

ആഗോളതലത്തില്‍ പരിശോധിച്ചാല്‍ ദക്ഷിണേഷ്യയിലാണ് കുട്ടികള്‍ക്കിടയില്‍ ഏറ്റവും അധികം ശ്രവണ വൈകല്യം കണ്ടുവരുന്നത്. ഇന്ത്യയില്‍ 12.6 ലക്ഷം വ്യക്തികളാണ് ശ്രവണ വൈകല്യം ഉള്ളവരായി തുടരുന്നത്. ശ്രവണ സഹായിയുടെ ചെലവ് വഹിക്കാന്‍ കഴിയാത്തവരാണ് ഇവരില്‍ അധികവും.

You must be logged in to post a comment Login