ശ്രീകുമാർ മേനോനെതിരായ പരാതി; മഞ്ജു വാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ശ്രീകുമാർ മേനോനെതിരായ പരാതി; മഞ്ജു വാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി

തൃശൂർ: സംവിധായകൻ ശ്രീകുമാർ മേനോനെതിരായ പരാതിയിൽ നടി മഞ്ജു വാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുക്കാൻ ഒന്നര മണിക്കൂർ സമയമെടുത്തെന്നാണ് വിവരം.സംസ്ഥാന പൊലീസ് മേധാവിയെ നേരിട്ട് സന്ദർശിച്ചാണ് മഞ്ജു വാര്യർ ശ്രീകുമാർ മേനോനെതിരെ പരാതി നൽകിയത്. 2017 മുതൽ തന്റെ കരിയറിനേയും സ്ത്രീത്വത്തേയും നിരന്തരം അപമാനിക്കുകയും സമൂഹമാധ്യമങ്ങളിലും ഒടിയൻ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലും നിരന്തരം തേജോവധം ചെയ്യുകയും ചെയ്തെന്നായിരുന്നു പരാതി.
പരാതിയിൽ പൊലീസ് മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.  സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തിയെന്നും മോശക്കാരിയെന്നു ചിത്രീകരിക്കാൻ ശ്രമിച്ചെന്നുമായിരുന്നു പൊലീസിന് നൽകിയ മൊഴി. സമൂഹ മാധ്യമങ്ങളിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുളള സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകളും അന്ന് അന്വേഷണസംഘത്തിന് മഞ്ജു കൈമാറിയ്രുന്നു.

നടി മഞ്ജു വാര്യരുടെ പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. തൃശൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. സ്ത്രീകളോടു അപമര്യാദയോടെയുളള പെരുമാറ്റം, സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തല്‍, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസെടുത്തത്.

You must be logged in to post a comment Login