ശ്രീചക്ര ഡിസ്റ്റിലറിയ്ക്ക് പിന്നില്‍ സിനിമ, സീരിയല്‍ രംഗത്തെ നടനും; ഇരിങ്ങാലക്കുട പദ്ധതിക്ക് പിന്നില്‍ ഗോവ ഡിസ്റ്റിലറി ലോബി; ഓണ്‍ലൈന്‍ സേവനങ്ങളില്‍ ബ്രൂവറി, ഡിസ്റ്റിലറി അപേക്ഷകളെ തഴഞ്ഞു; ഒഴിവാക്കിയത് രഹസ്യ സ്വഭാവം സൂക്ഷിക്കാനെന്ന് ആരോപണം

കൊച്ചി: സര്‍ക്കാര്‍ അനുമതി റദ്ദാക്കിയെങ്കിലും ബ്രൂവറി, ഡിസിറ്റിലറി വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. ഇതുസംബന്ധിച്ച വിവാദം പുതിയ തലങ്ങളിലേക്കാണ് വ്യാപിക്കുന്നത്. ഇരിങ്ങാലക്കുടയില്‍ ഡിസ്റ്റിലറി അനുവദിച്ചുകിട്ടിയ ശ്രീചക്ര ഡിസ്റ്റിലറീസ് എന്ന കടലാസുസ്ഥാപനത്തിന് പിന്നില്‍ സിനിമ, സീരിയല്‍ രംഗത്തെ നടനും ഗോവയില്‍നിന്നുള്ള നിക്ഷേപവുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സിപിഎമ്മിന്റെ രണ്ട് ഉന്നത നേതാക്കളുമായി വ്യക്തി ബന്ധമുള്ള നടന് ശ്രീചക്ര ഉടമകളുമായും അടുത്ത ബന്ധമാണുള്ളതെന്നുമാണ് പുറത്തുവരുന്ന വിവരം. ഡിസ്റ്റിലറിക്കുള്ള ഭൂമി കണ്ടെത്തിയത് ചാലക്കുടിപ്പുഴയുടെ തീരത്താണെന്നാണ് വിവരം. ഭൂമിയുണ്ടോ എന്നത് പരിശോധിക്കാതെയാണ് തൃശൂര്‍ എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ ശ്രീചക്രയ്ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയത്. ന്നൊല്‍, ഉന്നത രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ശ്രീചക്രയ്ക്ക് ഗോവയില്‍ ഡിസ്റ്റിലറി ഉണ്ടെന്നും അവിടെനിന്നുള്ള മദ്യമാണ് ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നതെന്നുമാണ് എക്‌സൈസ് കമ്മിഷണര്‍ ഫയലില്‍ വ്യക്തമാക്കുന്നത്. ബിവറേജസ് കോര്‍പറേഷനിലെ മുന്‍ ഉദ്യോഗസ്ഥനാണ് ശ്രീചക്രയുടെ തലപ്പത്തുള്ളത്. ഗോവയില്‍ നിന്ന് എത്തിക്കുന്ന വിലകുറഞ്ഞ മദ്യം ഇടകലര്‍ത്തി വില്‍പന നടത്തിയ സംഭവത്തില്‍ ഇയാള്‍ക്കു പങ്കുള്ളതായി ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയതിലാണ് നടന്റെ തൃശൂരിലെ വീട്ടില്‍ നിന്ന് വില കുറഞ്ഞ ഗോവന്‍ ബ്രാന്‍ഡി എക്‌സൈസ് സംഘം പിടിച്ചെടുത്തത്. ഗോവയിലെ ഡിസ്റ്റിലറി ലോബിയുടെ പണമാണ് ഇരിങ്ങാലക്കുട പദ്ധതിക്ക് പിന്നിലെന്നാണു സൂചന. വിവാദങ്ങളെ തുടര്‍ന്ന് ശ്രീചക്രയ്ക്കു ലഭിച്ച അനുമതി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

അതേസമയം, എക്‌സൈസ് ആസ്ഥാനത്തെ സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതിന് തീരുമാനിച്ചതില്‍ നിന്ന് ഡിസ്റ്റിലറി, ബ്രൂവറി അപേക്ഷകള്‍ വെട്ടിമാറ്റി. വിവിധ സേവനങ്ങലുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ ബ്രൂവറി, ഡിസ്റ്റിലറി അപേക്ഷകളെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. പട്ടിക തയ്യാറാക്കി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ തയ്യാറാക്കിയ സര്‍വീസ് പ്ലസ് എന്ന ഓണ്‍ലൈന്‍ സംവിധാനത്തിലേയ്ക്ക് അയച്ചപ്പോള്‍ ബ്രൂവറി, ഡിസ്റ്റിലറി അപേക്ഷകള്‍ ഉപേക്ഷിക്കുകയായിരുന്നു. ഡിസ്റ്റിലറിയുമായി ബന്ധപ്പെട്ട പ്രധാന സേവനങ്ങളില്‍ പുതിയ അപേക്ഷകള്‍ മാത്രമാണ് ഒഴിവാക്കപ്പെട്ടത്.

രഹസ്യ സ്വഭാവം സൂക്ഷിക്കാനാണ് അവസാനഘട്ടത്തില്‍ ഓണ്‍ലൈനില്‍നിന്ന് അപേക്ഷകള്‍ ഒഴിവാക്കിയതെന്നാണ് ആരോപണം. അപേക്ഷകരെ വഴിവിട്ട് സഹായിച്ചെന്ന് ആരോപണമുള്ള, മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാണ് ഇതിന് നിര്‍ദേശം നല്‍കിയതെന്നും വിവരമുണ്ട്. ബാര്‍ ലൈസന്‍സ് ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ ഓണ്‍ലൈനില്‍ പരിഗണിച്ചപ്പോഴാണ് ലളിതമായ ബ്രൂവറി, ഡിസ്റ്റിലറി അപേക്ഷകള്‍ ഒഴിവാക്കിയിരിക്കുന്നത്. ക്രമക്കേട് ഒളിപ്പിക്കാനാണ് ഇത്തരത്തിലൊരു നീക്കമെന്നും ആരോപണമുണ്ട്.

ഇടതിസര്‍ക്കാര്‍ ആധികാരത്തിലേറിയതിന്റെ തുടക്കത്തിലാണ് ഓണ്‍ലൈന്‍ പദ്ധതിക്ക് രൂപം നല്‍കിയത്. ഇക്കാലയളവില്‍ ഇ-ട്രഷറിയുമായി ബന്ധപ്പെടുത്തി 79 കോടി രൂപയുടെ ഫീസാണ് ഓണ്‍ലൈനിലൂടെ സ്വീകരിച്ചത്. ഉദ്ഘാടനവേളയില്‍ 22 സേവനങ്ങളില്‍ 16 എണ്ണം ഓണ്‍ലൈനാക്കിയിട്ടുണ്ടെന്നും ശേഷിക്കുന്ന ആറെണ്ണം ഉടന്‍ ഓണ്‍ലൈനാക്കുമെന്നും എക്‌സൈസ് കമ്മീഷണര്‍ പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. പുതിയ അപേക്ഷ ഒഴിവാക്കിയെങ്കിലും ഡിസ്റ്റിലറിയുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങളെല്ലാം ഈ സമയം ഓണ്‍ലൈനില്‍ എത്തിയിരുന്നു. മദ്യനിര്‍മാണത്തിനുവേണ്ടിയുള്ള സ്പിരിറ്റ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കാത്തതിനാല്‍ പുറമേനിന്നു കൊണ്ടുവരാനുള്ള അനുമതിയും ഓണ്‍ലൈനില്‍ നേടാം. ഡിസ്റ്റിലറികള്‍ക്കുവേണ്ട എക്‌സ്ട്രാ നൂട്രല്‍ ആള്‍ക്കഹോള്‍, റെക്ടിഫൈഡ് സ്പിരിറ്റ്, ഗ്രേപ്പ് സ്പിരിറ്റ് തുടങ്ങി ഏഴുതരം സ്പിരിറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ പെര്‍മിറ്റ് എടുക്കാം.

ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് പിന്നാലെ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് എക്‌സൈസ് ആസ്ഥാനത്ത് അപേക്ഷകര്‍ക്ക് കര്‍ശനനിരോധനവും ഏര്‍പ്പെടുത്തി. ഓണ്‍ലൈന്‍ അപേക്ഷകരെ സഹായിക്കാന്‍ ഹെല്‍പ്പ് ലൈന്‍ സംവിധാനവും സജ്ജീകരിച്ചു. അപേക്ഷകരോ അവരുടെ പ്രതിനിധികളോ എക്‌സൈസ് ആസ്ഥാനത്ത് എത്തുന്നത് തടയുന്നതിനായി സര്‍ക്കുലറും പുറത്തിറക്കി. ഡിസ്റ്റിലറി, ബ്രൂവറി അപേക്ഷകര്‍ക്ക് വിലക്കുകളില്ല.

You must be logged in to post a comment Login