ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് ലോക്കപ്പിനുള്ളില്‍ തന്നെയെന്നതിന് തെളിവുകള്‍; ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ശേഷമുള്ള ചിത്രം പുറത്തുവന്നു; ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യും

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് ലോക്കപ്പിനുള്ളില്‍ തന്നെയെന്നതിന് തെളിവുകള്‍. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷമുള്ള ചിത്രം പുറത്തുവന്നു. ചിത്രത്തില്‍ ശ്രീജിത്തിന് പ്രകടമായ പരിക്കുകളില്ല. ചിത്രമെടുത്തത് രാത്രി 11.03നാണ്. സ്‌റ്റേഷനില്‍ എത്തിച്ചതിന് ശേഷമുള്ള ചിത്രമാണിത്. ഇതില്‍ നിന്ന് വ്യക്തമാകുന്നത് ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് രാത്രി 11 മണിക്ക് ശേഷമാണെന്നാണ്. കേസില്‍ ചിത്രം നിര്‍ണായക തെളിവാകും. ചിത്രമെടുത്ത മൊബൈല്‍ ശാസ്ത്രീയ പരിശോധനക്കയക്കും.

അതേസമയം കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യും. സിഐയും എസ്ഐയും അടക്കമുള്ളവരില്‍ നിന്ന് മൊഴിയെടുക്കും. കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. മര്‍ദ്ദനം നടന്നതിനെ കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മരണ കാരണമായ മര്‍ദ്ദനം ആര് നടത്തി എന്നതില്‍ വ്യക്തതയാണ് അന്വേഷണ സംഘം തേടുന്നത്.

ഇന്നത്തെ ചോദ്യം ചെയ്യലില്‍ ഇതിനുള്ള ഉത്തരം ലഭിക്കുമെന്നാണ് സൂചന. കസ്റ്റഡിയിലെടുത്ത രാത്രിയിലാണ് ശ്രീജിത്ത് ക്രൂര മര്‍ദനമേറ്റതെന്ന നിഗമനത്തിലാണ് കൊച്ചിയില്‍ ശ്രീജിത്തിനെ ചികിത്സിച്ച ‍ഡോക്ടര്‍മാരും ഫോറന്‍സിക് വിദഗ്ദരും. പറവൂര്‍ സിഐ ക്രിസ്‌പിന്‍ സാം, വരാപ്പുഴ എസ്ഐ ദീപക് അടക്കമുള്ള പൊലീസുദ്യോഗസ്ഥരെ ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യുക. സസ്പെന്‍ഷന്‍ഷനിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കും.

 ഇതിനിടെ ശ്രീജിത്തിന്‍റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ഇന്ന് കൊച്ചിയില്‍ 24 മണിക്കൂര്‍ നിരാഹാര സമരം ആരംഭിക്കും. കൊച്ചി ഹൈക്കോടതി ജംഗ്ഷനിലെ ഉപവാസം ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.

You must be logged in to post a comment Login