ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടതെന്ന് ആരോപിച്ച് പ്രിയ വാര്യര്‍ ചിത്രത്തിനെതിരെ ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസ്

 

മുബൈ: മലയാളി താരം പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റചിത്രം ‘ശ്രീദേവി ബംഗ്ലാവി’നെതിരേ വക്കീല്‍ നോട്ടീസ്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ്. ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂറാണ് ‘ശ്രീദേവി ബംഗ്ലാവി’ന്റെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ദേശീയ അവാര്‍ഡ് അടക്കം ലഭിച്ച ഒരു സൂപ്പര്‍ നായികയെയാണ് താന്‍ ‘ശ്രീദേവി ബംഗ്ലാവി’ല്‍ അവതരിപ്പിക്കുന്നതെന്ന് പ്രിയ വാര്യര്‍ നേരത്തേ പറഞ്ഞിരുന്നു. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തെത്തിയ ട്രെയ്‌ലറില്‍ ഒരു കഥാപാത്രം ബാത്ത്ടബ്ബില്‍ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്. ഈ രംഗവും ചിത്രത്തിന്റെ പേരുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ബോണി കപൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് അറിയുന്നു.

ബോണി കപൂറില്‍ നിന്നും വക്കീല്‍ നോട്ടീസ് ലഭിച്ച വിവരം സ്ഥിരീകരിച്ച സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളിയുടെ പ്രതികരണം ഇങ്ങനെ… ‘കഴിഞ്ഞ വാരമാണ് അത്തരത്തില്‍ ഒരു നോട്ടീസ് ലഭിച്ചത്. അതിനെ ഞങ്ങള്‍ നേരിടും. ഒരു സസ്‌പെന്‍സ് ത്രില്ലറാണ് എന്റെ ചിത്രം. ‘ശ്രീദേവി’ എന്നത് ഒരു സാധാരണ പേരല്ലേ എന്ന് ഞാന്‍ ബോണി കപൂറിനോട് ചോദിച്ചു. എന്റെ ചിത്രത്തിലെ നായികയും ഒരു സൂപ്പര്‍നായിക ആണെന്ന് മാത്രം.’

ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്നതിന്റെ എക്‌സൈറ്റ്‌മെന്റിലാണ് താനെന്നായിരുന്നു, ട്രെയ്‌ലര്‍ ലോഞ്ചിംഗ് വേദിയില്‍ പ്രിയ വാര്യരുടെ പ്രതികരണം. എന്നാല്‍ അതിന്റേതായ പരിഭ്രമവുമുണ്ടെന്നും. ‘ടീസര്‍ കാണാനും ഞങ്ങളെ പിന്തുണയ്ക്കാനുമാണ് എല്ലാവരോടും പറയാനുള്ളത്. എനിക്ക് വേണ്ടി പ്രാര്‍ഥിക്കുക. ലേഡി സൂപ്പര്‍സ്റ്റാര്‍ ആയ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. ദേശീയ അവാര്‍ഡ് വിജയിയാണ് അവര്‍. സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയാണ് ഇത്. ശക്തമായ തിരക്കഥയാണ്. അതിനാലാണ് ഞാന്‍ ഈ സിനിമ തെരഞ്ഞെടുത്തത്. നടിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ വികസിക്കുന്നത്.’

You must be logged in to post a comment Login