‘ശ്രീദേവി ബംഗ്ലാവ്’ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബോണി കപൂര്‍

മുംബൈ: പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘ശ്രീദേവി ബംഗ്ലാവ്’ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് അന്തരിച്ച സൂപ്പര്‍നായിക ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. ബോണി കപൂറിന്റെ അടുത്ത കുടുംബ സുഹൃത്താണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

ശ്രീദേവി ബംഗ്ലാവിന്റെ കഥ ശ്രീദേവിയുടെ മരണവുമായി സാമ്യമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമയുടെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരേ ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. വക്കീല്‍ നോട്ടീസ് ലഭിച്ചതായും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും തന്റെ സിനിമ ഒരു സസ്‌പെന്‍സ് ചിത്രമാണെന്നും മലയാളി കൂടിയായ പ്രശാന്ത് മാമ്പുള്ളി പറഞ്ഞിരുന്നു.

ബോളിവുഡിലടക്കം നിറഞ്ഞു നിന്ന ശക്തമായ ഒരു നടിയുടെ വേഷമാണ് ‘ശ്രീദേവി ബംഗ്ലാവി’ല്‍ താന്‍ കൈകാര്യം ചെയ്യുന്നതെന്ന് പ്രിയ നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയിലെ ഒരു കഥാപാത്രം ബാത്ത്ടബ്ബില്‍ മരിച്ചുകിടക്കുന്നതായി ടീസറില്‍ കാണിച്ചിരുന്നു. ഇതോടെയാണ് നിയമനടപടികള്‍ സ്വീകരിക്കാന്‍ ബോണി കപൂറിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

70 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ശ്രീദേവി ബംഗ്ലാവ് ദേശീയ പുരസ്‌കാര ജേത്രിയായ ഒരു നടിയുടെ കഥയാണ് പറയുന്നത്. ലണ്ടനിലാണ് ചിത്രം പൂര്‍ണമായും ചിത്രീകരിക്കുന്നത്.

You must be logged in to post a comment Login