ശ്രീശാന്തിന്റെ ആഗ്രഹങ്ങള്‍ക്ക് സുപ്രീംകോടതിയുടെ റെഡ് കാര്‍ഡ്; താരത്തിന് വിദേശത്തും കളിക്കാനാകില്ല

ഒത്തുകളി കേസില്‍ പുറത്തായ മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന്റെ ആഗ്രഹങ്ങള്‍ക്ക് സുപ്രീംകോടതിയുടെ റെഡ് കാര്‍ഡ്. വിദേശത്തെങ്കിലും കളിക്കാന്‍ അനുവദിക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യം സുപ്രീം കോടതി പരിഗണിച്ചില്ല. ബി.സി.സി.ഐയുടെ അപ്പീല്‍ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ എന്‍ഒസി നല്‍കാന്‍ ബിസിസിഐ വിസമ്മതിച്ചു. ഇതോടെ സ്‌കോട്ടിഷ് മോഹം പൊലിയുകയും ചെയ്തു. പുതിയ സംഭവവികാസത്തോടെ കരിയര്‍ വീണ്ടും തുലാസിലായിരിക്കുകയാണ്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വിദേശത്തെങ്കിലും കളിക്കാന്‍ അനുമതി നല്‍കണമെന്ന് ശ്രീശാന്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കിയത്. കേരള ഹൈക്കോടതി ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിയെങ്കിലും കളിക്കാനുള്ള അനുമതി ബി.സി.സി.ഐ നല്‍കിയിട്ടില്ല. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള ബി.സി.സി.ഐയുടെ അപ്പീലും കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഐപിഎല്‍ 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കളിയില്‍ ഒത്തുകളി ആരോപിച്ച് ഡല്‍ഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തപ്പോഴാണു ബിസിസിഐ നടപടിയെടുത്തത്. ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പിന്നീട് ആജീവനാന്ത വിലക്കും ശിക്ഷാ നടപടികളും ഹൈക്കോടതി റദ്ദാക്കുകായായിരുന്നു. ഇതിനെതിരെ ബിസിസിഐ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, സിംഗിള്‍ ജഡ്ജിയുടെ ഉത്തരവ് റദ്ദാക്കി. ഇതോടെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.

You must be logged in to post a comment Login