ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയറിന് വീണ്ടും തിരിച്ചടി ;സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനുളള അനുമതി ബിസിസിഐ നിഷേധിച്ചു


മുംബൈ: സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുളള മലയാളി താരം എസ്.ശ്രീന്തിന്റെ അപേക്ഷ ബിസിസിഐ നിഷേധിച്ചു. ബിസിസിഐയില്‍ നിന്നും അനുമതിപത്രം (എന്‍ഒസി) നേടാനുളള ശ്രീശാന്തിന്റെ ശ്രമത്തിനാണ് തിരിച്ചടി നേരിട്ടത്. ഇതോടെ ശ്രീശാന്ത് ഉടന്‍ കളിക്കളത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പായി. ശ്രീശാന്തിന്റെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവില്‍ ബിസിസിഐയെ ഉദ്ധരിച്ച് ഐഎന്‍എസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ ശ്രീശാന്ത് തന്നെയാണ് ക്രിക്കറ്റ് കളിക്കളത്തിലേക്ക് തിരിച്ചുവരുന്നതായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം വര്‍ഷം ഏപ്രിലില്‍ തുടങ്ങുന്ന സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനായിരുന്നു താരത്തിന്റെ പദ്ധതി. ഇതിനായുളള അനുമതി ലഭിച്ചതായി താരം അന്ന് അവകാശപ്പെട്ടിരുന്നു. ശ്രീശാന്ത് നായകനാകുന്ന ടീം ഫൈവ് എന്ന ചിത്രത്തെക്കുറിച്ച് ആരാധകരോട് ഫെയ്‌സ്ബുക്ക് ലൈവിലൂടെ സംവദിക്കവെയായിരുന്നു താരം തന്റെ തിരിച്ച് വരവിനെക്കുറിച്ച് വെളിപ്പെടുത്തിയത്.

ക്രിക്കറ്റ് ജീവിതത്തിന് അവസാനമായെങ്കിലും പിന്നീട് ടെലിവിഷന്‍ ഷോകളിലൂടെയും മറ്റുമായി താരം സജീവമാവുകയായിരുന്നു. നായകനായെനത്തുന്ന പുതിയ മലയാളം ചിത്രം ടീം ഫൈവിന് പുറമേ വിവിധ ഭാഷകളിലായി പുറത്തിറങ്ങുന്ന ആക്ഷന്‍ ചിത്രത്തിലും ശ്രീശാന്ത് നായകനാകുന്നുണ്ട്. ഇതിനിടെ ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി ശ്രീ മത്സരിച്ചിരുന്നു.

ഇന്ത്യക്കായി 27 ടെസ്റ്റും 53 ഏകദിനവും കളിച്ചിട്ടുളള ശ്രീശാന്ത് കേരളം ഇന്ത്യയ്ക്ക് സമ്മാനിച്ചിട്ടുളള ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ്. ഏകദിനത്തില്‍ 75 വിക്കറ്റും ടെസ്റ്റില്‍ 87 വിക്കറ്റും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രീശാന്ത് സ്വന്തമാക്കിയിട്ടുണ്ട്.

You must be logged in to post a comment Login