ശ്രീശാന്തിന്റെ വിലക്ക് വെട്ടിക്കുറച്ച് ബിസിസിഐ; അടുത്ത വർഷം മുതൽ കളത്തിലിറങ്ങും

S.Sreesanth

ഐപിഎൽ കോഴ വിവാദത്തിൽ ശ്രീശാന്ത് നേരിടുന്ന വിലക്ക് വെട്ടിക്കുറച്ച് ബിസിസിഐ. ആജീവനാന്ത വിലക്ക് ഏഴു വർഷമായാണ് കുറച്ചത്. 2020 സെപ്തംബറോടെ ശ്രീശാന്തിൻ്റെ വിലക്ക് അവസാനിക്കും. ബിസിസിഐ ഓംബുഡ്സ്മാൻ ഡികെ ജെയിൻ്റെ നിർദ്ദേശ പ്രകാരമാണ് നടപടി.

36കാരനായ ശ്രീശാന്തിൽ ഇനി എത്രത്തോലം ക്രിക്കറ്റ് ബാക്കിയുണ്ടെന്നത് സംശയകരമാണെങ്കിലും താരത്തിന് ഈ നിലപാട് ഏറെ ആശ്വാസമായേക്കും. ആഭ്യന്തര ടൂർണമെൻ്റുകളിൽ കളിച്ച് കളിക്കളത്തിലേക്ക് തിരിച്ചെത്താനാവും അദ്ദേഹത്തിൻ്റെ ശ്രമം.

2013ലാണ് ശ്രീശാന്ത് കോഴ വിവാദത്തിൽ പെടുന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൻ്റെ താരമായിരുന്ന ശ്രീ മറ്റ് രണ്ട് ടീം അംഗങ്ങൾക്കൊപ്പമാണ് സംശയത്തിൻ്റെ നിഴലിലായത്. ശേഷം സുപ്രീം കോടതി താരത്തെ വെറുതെ വിട്ടെങ്കിലും ബിസിസിഐ വിലക്ക് തുടർന്നു. പലതവണ അപ്പീൽ നൽകിയെങ്കിലും വിലക്ക് മാറ്റാൻ ബിസിസിഐ തയ്യാറായിരുന്നില്ല.

മൂന്ന് മാസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകണമെന്ന് ഈ വർഷം ഏപ്രിലിൽ ഓംബുഡ്സ്മാനോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് നടപടി.

“തൻ്റെ മുപ്പതുകളുടെ അവസാനത്തിലാണ് ഇപ്പോൾ ശ്രീശാന്ത്. ഒരു ഫാസ്റ്റ് ബൗളർ എന്ന നിലയിൽ അദ്ദേഹത്തിൻ്റെ കരിയർ ഏറെക്കുറെ അവസാനിച്ചു. ഒരു ക്രിക്കറ്റർ എന്ന നിലയിൽ തൻ്റെ സുപ്രധാന വർഷങ്ങളിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്.”- ഓംബുഡ്സ്മാൻ പറഞ്ഞു.

You must be logged in to post a comment Login