ശ്രീ ശ്രീ ശ്രീദേവി

  • ബി. ജോസുകുട്ടി

മലയാള സിനിമയില്‍ ഒരു പൂമ്പാറ്റയായി പറന്നിറങ്ങി ചലച്ചിത്ര പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നെടുത്ത് പ്രേമാഭിഷേകം നടത്തി ഇന്ത്യന്‍ സിനിമയാകെ ഒരു മയില്‍നര്‍ത്തനത്തില്‍ കീഴടക്കിയ ഒരു തെന്നിന്ത്യന്‍ വെള്ളിനക്ഷത്രത്തിന്റെ പേരായിരുന്നു ശ്രീദേവിയെന്ന സൗന്ദര്യധാമം. കൃത്യം അമ്പതുവര്‍ഷങ്ങള്‍. കൃത്യം മുന്നൂറ് സിനിമകള്‍. എണ്ണത്തില്‍ പോലും പൂര്‍ണ്ണതയുടെ സൗന്ദര്യം. ശ്രീദേവി ഒരു നടി മാത്രമല്ലായിരുന്നു. എല്ലാ അഴകളവുകളും ഒന്നിച്ചിണങ്ങിയ ഒരു പൊന്‍താരകം കൂടിയായിരുന്നു. വലിയ വില കൊടുക്കേണ്ടുന്ന നാട്യനക്ഷത്രം. 1963 ആഗസ്റ്റ് 13- നു തമിഴ്‌നാട്ടിലെ ശിവകാശിയില്‍ ജനനം. പിതാവ് അയ്യപ്പന്‍ അഡ്വക്കേറ്റായിരുന്നു. അമ്മ രാജേശ്വരി.

1967 ല്‍ തമിഴ് സിനിമയായ തുണൈവാന്‍ ശ്രീദേവിയുടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. ബാലമുരുകന്റെ വേഷമിട്ട് തുടങ്ങിയത് ശുഭകരമായ ഒന്നായി കാലം തെളിയിച്ചു. ചെന്നൈയിലെ പ്രശസ്തമായ എ.വി. എം. സ്റ്റുഡിയോയിലെ പൂജാമുറിയില്‍ മറ്റു ദൈവചിത്രങ്ങള്‍ക്കൊപ്പം ബാലമുരുകന്റെ വേഷണിഞ്ഞു നില്‍ക്കുന്ന ചിത്രം ശ്രീദേവിയുടേതായിരുന്നു എന്ന വസ്തുത പലര്‍ക്കും അജ്ഞാതമായിരുന്നു. എണ്‍പതുകളുടെ തുടക്കത്തില്‍ ഇതിനകം വലിയ താരമായി മാറിയ ശ്രീദേവി തന്നെ തിരിച്ചറിഞ്ഞ് ആ ചിത്രം മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പിന്നീട് 1969 ല്‍ ബാലമുരുകന്റെ വേഷം വീണ്ടുമണിഞ്ഞു. മലയാളത്തിലെ പ്രശസ്തമായ കുമാരസംഭവം എന്ന സിനിമയ്ക്കു വേണ്ടി. പി. സുബ്രഹ്മണ്യം സംവിധാനം ഈ ചിത്രത്തില്‍ ജമിനി ഗണേശന്‍, തിക്കുറിശ്ശി, കൊട്ടാരക്കര ശ്രീധരന്‍നായര്‍, പത്മിനി,രാജശ്രീ എന്നീ പ്രതിഭകളോടൊപ്പമായിരുന്നു ശ്രീദേവിയുടെ പ്രകടനം. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സിനിമയ്ക്കുള്ള പ്രഥമ പുരസ്‌കാരം കുമാരസംഭവത്തിനായിരുന്നു. സിനിമയില്‍ സജീവമായി വരുന്ന ഒരു അഭിനേത്രിയെന്ന നിലയില്‍ ശ്രീദേവിക്ക് ആദ്യമായി ബഹുമതി കൊടുത്തത് മലയാള സിനിമയായിരുന്നു. കാരൂര്‍ നീലകണ്ഠപിള്ളയുടെ കഥയെ ആസ്പദമാക്കി ബി. കെ പൊറ്റക്കാട് സംവിധാനം ചെയ്ത പൂമ്പാറ്റ എന്ന സിനിമയിലെ അഭിനയത്തിനു 1971- ലെ മികച്ച ബാലനടിക്കുള്ള അവാര്‍ഡ് ശ്രീദേവിക്കു ലഭിച്ചു.

തുടര്‍ന്നു തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ഏറെ ബാലവേഷങ്ങള്‍ അവതരിപ്പിച്ചു.തമിഴില്‍ തുണൈവാന്‍ എന്ന സിനിമയ്ക്കു ശേഷം ആദിപരാശക്തി എന്‍. അണ്ണന്‍, നം നാട്, തെലുങ്കില്‍ ശപഥം, അഗതിയാന്‍, പാപ്പ, കണിമുത്തു, കന്ദന്‍ തരുണൈ, ഹിന്ദിയില്‍ ജൂലി, ശക്തി എന്നീ സിനിമകൡലൊക്ക ശ്രീദേവി എന്ന ബാലനടി ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചു. 1976 ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത തമിഴ്‌സിനിമ മൂണ്‍ട്ര് മുടിച്ച് എന്ന ചിത്രത്തിലൂടെ 13- മത്തെ വയസ്സില്‍ നായികാവേഷം ചെയ്തു. കമലഹാസന്‍ നായകനായ ഈ ചിത്രത്തില്‍ രജനികാന്തും അഭിനയിച്ചിരുന്നു. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച പ്രണയ ജോടിയുടെ തുടക്കമായിരുന്നു മൂണ്‍ട്ര് മുടിച്ച്. കമല്‍ ശ്രീദേവി കോമ്പിനേഷന്‍ തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും വന്‍വിജയമായി മാറി. തമിഴില്‍ ഏറ്റവും പ്രശസ്തമായ കമലഹാസന്‍- ശ്രീദേവി സിനിമയായ മൂന്നാംപിറെ തമിഴ് ജനതയെ ഒന്നടങ്കം കീഴടക്കിയ സിനിമയായിരുന്നു. മാനസിക ഭ്രംശം ബാധിച്ച ഭാഗ്യലക്ഷ്മി എന്നകഥാപാത്രത്തെ അവതരിപ്പിച്ച ശ്രീദേവിയുടെ ഉജ്ജ്വലമായ അഭിനയം സിനിമയുടെ ചരിത്ര വിജയത്തിനു കാരണമായി. ഭാഗ്യലക്ഷ്മിയുടെ രക്ഷകനായി വരുന്ന ശ്രീനിവാസന്‍ എന്ന കഥാപാത്രമായി കമലഹാസനും മികച്ച പ്രകടനം നടത്തി. പിന്നീട് മൂന്നാം പിറൈയുടെ ഹിന്ദിപ്പതിപ്പായ സദ്മയും ബോളിവുഡില്‍ ഏറെ ശ്രദ്ധേയ വിജയം നേടി.

മലയാളത്തിന്റെ ശ്രീദേവി

പി. സുബ്രഹ്മണ്യത്തിന്റെ കുമാരസംഭവം, ആന വളര്‍ത്തിയ വാനമ്പാടി, ബി. കെ പൊറ്റക്കാടിന്റെ പൂമ്പാറ്റ എന്നീ സിനിമകള്‍ക്കു ശേഷം വിജയ നിര്‍മ്മല സംവിധാനം ചെയ്ത കവിതയിലാണ് ശ്രീദേവി അഭിനയിച്ചത്. ഷെറീഫിന്റെ തിരക്കഥയില്‍ സംവിധായകന്‍ ഐവി ശശിയാണ് ചിത്രം നിര്‍മ്മിച്ചത്. നായികാ വേഷത്തിലേക്ക് ആദ്യം എത്തിയത് ആലപ്പുഴക്കാരനായ സ്റ്റാന്‍ലി ജോസ് ആദ്യമായി സംവിധാനം ചെയ്ത വേഴാമ്പല്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ്. ശ്രീദേവിയെ സിനിമയ്ക്കു വേണ്ടി കരാര്‍ ചെയ്യാന്‍ പോയ വിവരം സ്റ്റാന്‍ലി ജോസ് പറയുന്നു. ‘എസ്. ഡി ഫാര്‍മസിയിലെ മാനേജരായിരുന്ന എസ്. ഗോപിനാഥനുമായി മദിരാശിയിലെ ടി. നഗറിലെ ശ്രീദേവിയുടെ വസതിയിലെത്തിയാണ് സംസാരിച്ചത്. ടി. ഗോപിനാഥായിരുന്നു നിര്‍മ്മാതാവ്. ബാലവേഷമാണെന്നാണ് അവര്‍ കരുതിയത്. നായികാവേഷമാണെന്നു പറഞ്ഞപ്പോള്‍ ശ്രീദേവിയുടെ അമ്മയ്ക്കായിരുന്നു കൂടുതല്‍ സന്തോഷം. പ്രതിഫലത്തിന്റെ കാര്യം ചോദിച്ചപ്പോള്‍ ഏഴായിരം രൂപ വേണമെന്നു പറഞ്ഞു. ഒടുവില്‍ അയ്യായിരത്തിനു കരാറൊപ്പിട്ടു. അന്ന് ( 1975) പ്രേംനസീര്‍ കഴിഞ്ഞാല്‍ ഏറ്റവും തിരക്കുള്ള നടന്‍ വിന്‍സെന്റായിരുന്നു. വിന്‍സെന്റാണ് നായനാകുന്നതെന്നു പറഞ്ഞപ്പോള്‍ ശ്രീദേവിക്ക് ഇരട്ടി സന്തോഷമാകുകയായിരുന്നു. ആലപ്പുഴയിലും മദ്രാസിലും തിരുവല്ലയിലുമൊക്കെയായിരുന്നു ഷൂട്ടിംഗ് പലപ്പോഴും ചിത്രീകരണത്തിന്റെ ഇടവേളയില്‍ എന്റെ കയ്യില്‍ നിന്നും പേപ്പറും സ്‌കെച്ച് പേനയും വാങ്ങി ചിത്രങ്ങള്‍ വരയ്ക്കും. വരച്ച ചിത്രങ്ങള്‍ സെറ്റില്‍ എല്ലാവരേയും കൊണ്ടു നടന്നു കാണിക്കും.’ സ്റ്റാന്‍ലി ജോസ് ഓര്‍ക്കുന്നു.

മല്ലികയായിരുന്നു അന്ന് ശ്രീദേവിക്ക് കൂട്ട് അഭിനയിക്കാനെത്തിയ ജഗതിശ്രീകുമാറിനൊപ്പം വന്നതായിരുന്നു മല്ലിക. ഒടുവില്‍ മല്ലികയ്ക്കും വേഴാമ്പലില്‍ വേഷം കൊടുത്തു. സുഗന്ധി എന്നതായിരുന്നു ശ്രീദേവിയുടെ കഥാപാത്രത്തിന്റെ പേര്. സോമന്‍, ജോസ് പ്രകാശ്, പി.കെ എബ്രഹാം,ശങ്കരാടി. ബഹദൂര്‍,റീന, കവിയൂര്‍ പൊന്നമ്മ, മീന എന്നിവരായിരുന്നു മറ്റഭിനേതാക്കള്‍. സിനിമയില്‍ ഓ. എന്‍വി. കുറുപ്പ്് എഴുതി എം.കെ അര്‍ജ്ജുനന്‍ ഈണമിട്ട് പട്ടണക്കാട് പുരുഷോത്തമന്‍ പാടിയ ഒരു പാട്ടുണ്ട്.മീന ഒരു സ്റ്റേജില്‍ നൃത്തം ചെയ്യുന്ന പശ്ചാത്തലത്തിലുള്ള പാട്ടാണത്. പാട്ടിങ്ങനെ. ‘നാളെ നീയൊരു താരം സിനിമാ താരം. നാടന്‍ പൈങ്കിളിപ്പെണ്ണ് നാണം കുണുങ്ങി പെണ്ണേ നാളെ നിയൊരു താരം. നീയൊരു സിനിമാ താരം.’ സിനിമയില്‍ നൃത്തം കാണുന്ന സദസ്സില്‍ സുഗന്ധിയെന്ന ശ്രീദേവിയുമുണ്ട്. സിനിമയിലെ പാട്ടാണെങ്കിലും ശ്രീദേവിയുടെ കാര്യത്തില്‍ അത് അച്ചട്ടായി എന്ന് സ്റ്റാന്‍ലി ജോസ് പറഞ്ഞു. പില്‍ക്കാലത്ത് ശ്രീദേവി വെറുമൊരു താരമല്ല, ഇന്ത്യയിലെ തന്നെ സൂപ്പര്‍താരമായി മാറി. പക്ഷേ വേഴാമ്പല്‍ ശ്രീദേവി നായികയായ ആദ്യ ചിത്രമായില്ല. കടമ്പകളെല്ലാം കടന്ന് 1977 ഒക്ടോബര്‍ ഏഴിനാണ് വേഴാമ്പല്‍ റീലിസായത്. അതിനു മുമ്പെ പത്തോളം സിനിമകള്‍ ശ്രീദേവി നായികയായി മലയാളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു.

എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത തുലാവര്‍ഷം എന്ന സിനിമയാണ് ആദ്യമായി ശ്രീദേവി നായികയായി പുറത്തിറങ്ങിയ മലയാള ചിത്രം. 1976 മാര്‍ച്ച് 19 നായിരുന്നു റിലീസ്. പ്രേംനസീര്‍, സുധീര്‍, സുജാത, ഹേമാചൗധരി എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍. തുടര്‍ന്ന് എം. മസ്താന്‍ സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും റിലീസായി. കമലഹാസന്‍, സോമന്‍, ഉമ്മര്‍, വിധുബാല എന്നിവര്‍ക്കൊപ്പം അഭിനയിച്ചു. കമല്‍- ശ്രീദേവി ജോടി അഭിനയിച്ച ആദ്യ മലയാള ചിത്രമായിരുന്നു ഇത്. 1976 ല്‍ തന്നെ രണ്ടു സിനിമകളില്‍ കൂടി നായികയായി. വിന്‍സെന്റിനൊപ്പം ആലിംഗനം എന്ന സിനിമയും അഭിനന്ദനവും എന്ന സിനിമയും. രണ്ടു ചിത്രങ്ങളുടേയും സംവിധായകന്‍ ഐ.വി ശശിയാണ്. 1977 ല്‍ പതിനൊന്ന് സിനിമകള്‍ ശ്രീദേവിയുടെ നായികാവേഷവുമായി പുറത്തുവന്നു. ഇതില്‍ അഞ്ചു സിനിമകള്‍ ഐ.വിശശിയുടേതാണ്. അംഗീകാരം, അന്തര്‍ദാഹം, ആശീര്‍വാദം, ആ നിമിഷം, ഊഞ്ഞാല്‍ എന്നിവ. അംഗീകാരത്തില്‍ ഡബിള്‍ റോളിലായിരുന്നു ശ്രീദേവിയുടെ അഭിനയം. യഥാക്രമം സുകുമാരന്‍, വിന്‍സെന്റ്, കമലഹാസന്‍, രവികുമാര്‍, സോമന്‍ എന്നിവരായിരുന്നു ശ്രീദേവിയുടെ ജോടിയായി വേഷമിട്ടത്. കെ. എസ് സേതുമാധവന്റെ അമ്മേ അനുപമേ, ഓര്‍മ്മകള്‍ മരിക്കുമോ, എ. ഭീസിംഗ് സംവിധാനം ചെയ്ത നിറകുടം, വേഴാമ്പല്‍ ( സ്റ്റാന്‍ലി ജോസ്), അടൂര്‍ഭാസി സംവിധായകനായ ആദ്യപാഠം, പി.ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത സത്യവാന്‍ സാവിത്രി എന്നിവയാണ് 1977 ലെ ശ്രീദേവിയുടെ ഇതരസിനിമകള്‍. അമ്മേ അനുപമയില്‍ സുകുമാരനും വേഴാമ്പലില്‍ വിന്‍സെന്റും ശ്രീദേവിയുടെ നായകനും ശേഷമുളള നാലു സിനിമകൡല്‍ കമലഹാസന്‍ തന്നെ നായകനുമായി.

കെ. എസ്. ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നാലുമണിപ്പൂക്കള്‍, തമിഴ് വാഴ്‌വേ മായത്തിന്റെ മലയാളം പതിപ്പ് പ്രേമാഭിഷേകം എന്നിവ 1978 ല്‍ പ്രേക്ഷകരിലെത്തി. എണ്‍പതുകളുടെ ആരംഭത്തോടെ മലയാളം വിട്ട് പൂര്‍ണ്ണമായും തമിഴിലേക്കും ഹിന്ദിയിലേക്കും തെലുങ്കിലേക്കും ശ്രീദേവി കളംമാറുകയായിരുന്നു. കൃത്യം ഒരുപതിറ്റാണ്ടിനുശേഷം 1996 ല്‍ ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗം എന്ന സിനിമയില്‍ ലക്ഷ്മി എന്ന ദാവണി ചുറ്റിയ കഥാപാത്രമായി വീണ്ടും മലയാള സിനിമാസ്വാദകരുടെ ഹൃദയം കവര്‍ന്നെടുത്തു ശ്രീദേവി എന്ന അഭിനേത്രി. അരവിന്ദ് സ്വാമി നായകനായെത്തിയ ആ ചിത്രം ശ്രീദേവിക്ക് ഏറെ അഭിനന്ദനങ്ങളാണ് നേടിക്കൊടുത്തത്. മുപ്പത്തിമൂന്നു വയസ്സുള്ള നായിക പതിനാറുകാരിയുടെ ചുറുചുറുക്കോടെ ആടിയും പാടിയും ദേവരാഗമാടിയ ചിത്രം.

ബോളിവുഡില്‍ ശ്രീദേവി

ഹിന്ദിയിലെ പ്രഥമ നായികാ വേഷം സോള്‍വ സവാന്‍ എന്ന ചിത്രത്തിലൂടെ, തുടര്‍ന്നു ഹിമത്‌വാല എന്ന ചിത്രം വന്‍ വിജയം നേടിയപ്പോള്‍ ബോളിവുഡിലേക്കുളള വാതില്‍ അനായാസമായി ശ്രീദേവിക്കു തുറന്നുകിട്ടി. തുടര്‍ന്ന് മക്‌സദ്, തോഫ്, നസ്‌റാന നാഗിന, മിസ്റ്റന്‍ ഇന്ത്യ, ജൂദ്ദായി എന്നിങ്ങനെ ഏറെ ബോൡവുഡ് ചിത്രങ്ങളിലഭിനയിച്ച ശ്രീദേവി ഇന്ത്യന്‍ സിനിമയില്‍ അഭിനയ മികവിന്റെയും ഉടവ് തട്ടാത്ത അഴകിന്റെയും കിരീടം വെച്ച രാജ്ഞിയായി തിളങ്ങി നിന്നു. 1986 ല്‍ ശ്രീദേവി ടൈറ്റില്‍ വേഷത്തിലഭിനയിച്ച നാഗിന ഇന്ത്യയാകെ ഒരു തരംഗമായി മാറി. സ്ത്രീ കേന്ദ്രീകൃതമായ ഒരു സിനിമയുടെ അസാമാന്യവിജയം ഹിന്ദി സിനിമാ ലോകം അത്ഭുതങ്ങളോടെ അംഗീകരിക്കുകയായിരുന്നു. നാഗിനയുടെ വിജയത്തോടെ ശ്രീദേവിയുടെ താരമൂല്യം പതിന്‍മടങ്ങ് വര്‍ദ്ധിച്ചു. ചലച്ചിത്ര നിരൂപകര്‍ മര്‍ലിന്‍മണ്‍റോയുടെ വിഖ്യാതമായ ചിരിയോടും ഉടലിനോടും ഉപമിച്ചു. കല്‍ക്കട്ടയിലെ വിഖ്യാതമായ ഫിലീം ഫോക്കസ് മാഗസിന്‍ ഇന്ത്യയുടെ വീനസ് എന്നു വിശേഷിപ്പിച്ചു.

1987 ല്‍ അനില്‍കപൂറിനൊപ്പം മിസ്റ്റര്‍ ഇന്ത്യയും ഋഷികപൂറിനും വിനോദ് ഖന്നയ്ക്കുമൊപ്പം അഭിനയിച്ച ചാന്ദ്‌നിയും ശ്രീദേവിയുടെ സൂപ്പര്‍ സ്റ്റാര്‍ പദവി ഉരുക്കി ഉറപ്പിക്കുകയായിരുന്നു. 1996 ല്‍ വിഖ്യാത നിര്‍മ്മാതാവ് ബോണി കപൂറുമായുള്ള വിവാഹത്തിനു ശേഷം പതിനാറുകൊല്ലം കഴിഞ്ഞ് ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയരംഗത്ത്. കഴിഞ്ഞ വര്‍ഷം മോം എന്ന ചിത്രവും ഹിറ്റായതോടെ ശ്രീദേവി ക്യാരക്ടര്‍ റോളുകളിലൂടെ തിരിച്ചുവരവിന്റെ പാതയിലായിരുന്നു. പക്ഷേ.. അഭിനയ ജീവിതത്തിന്റെ അരനൂറ്റാണ്ട്. നാലാം വയസ്സു മുതല്‍ അമ്പത്തിനാലാം വയസ്സു വരെ അഭിനയത്തിലും ആകാരവടിവിലും സൗന്ദര്യബോധത്തിലും പെരുമാറ്റത്തിലും സംസാരത്തിലും ശ്രീത്വം പ്രകടിപ്പിച്ച ഇന്ത്യന്‍ സിനിമയുടെ സ്ത്രീത്വത്തിന്റെ രാജമുദ്രയായി മാറിയ ശ്രീ ശ്രീ ശ്രീദേവി ഇനി ഓര്‍മ്മകളില്‍ ജീവിക്കും.

 

 

You must be logged in to post a comment Login