ഷഫീഖ് അമരാവതി അന്തരിച്ചു

shafeeq copyകൊച്ചി : ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറും എഴുത്തുകാരനുമായ ഷഫീഖ് അമരാവതി (44) അന്തരിച്ചു. ഫോര്‍ട്ട് കൊച്ചി ഗൌതം ആശുപത്രിയില്‍ ഞായറാഴ്ച വൈകിട്ട് എട്ടോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് വൈകിട്ട് 7.30ഓടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  സംസ്‌കാരം ഇന്ന് 11 ന് കല്‍വത്തി ജുമാ മസ്ജിദില്‍.  സംഗീത സംബന്ധിയായ പുസ്തകങ്ങളുടെ രചയിതാവ്, ഗായകന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്നു ഷഫീഖ് അമരാവതി. എം കെ അര്‍ജുനന്‍ മാസ്റ്ററുടെ ജീവിത മുഹൂര്‍ത്തങ്ങളും അഭിമുഖങ്ങളും ഉള്‍പ്പെടുത്തി ‘കസ്തൂരി മണക്കുന്നല്ലോ’, മെഹബൂബ്മുതല്‍ വിപഌവഗായിക പി കെ മേദിനിവരെയുള്ള 13 ഗായകരുടെ ജീവിതരേഖയുമായി ‘മെഹബൂബ് മുതല്‍ മേദിനിവരെ’ എന്നീ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു.
സദ്‌വാര്‍ത്ത,മാധ്യമം,സിറ്റികേബിള്‍ എന്നിവയുടെ പ്രാദേശിക ലേഖകനായി പ്രവര്‍ത്തിച്ചാണ് ഷഫീഖ് അമരാവതി പത്രപ്രവര്‍ത്തനം ആരംഭിച്ചത്. 1999ല്‍ ദേശാഭിമാനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഫോര്‍ട്ട് കൊച്ചി കല്‍വത്തി എട്ടാംനമ്പര്‍ ലൈനില്‍ കെ എം ബദറുദ്ധീന്റെയും കെ ഐ ബീവിയുടെയും രണ്ടാമത്തെ മകനാണ്. സുനിത ഷഫീഖ് ആണ് ഭാര്യ. സഫ്ദര്‍ ഹാഷ്മി, സൈഗാള്‍ എന്നിവര്‍ മക്കള്‍. ഫോര്‍ട്ട് കൊച്ചി നോര്‍ത്ത് കല്‍വത്തി ഗവ. എല്‍പി സ്‌കൂള്‍, താമരപ്പറമ്പ്, ഗവ. യു പി സ്‌കൂള്‍, മട്ടാഞ്ചേരി ടിഡി ഹൈസ്‌കൂള്‍,  എറണാകുളം സെന്റ്. ആല്‍ബര്‍ട്ട്‌സ് കോളേജ്, എറണാകുളം ഓള്‍ സെയിന്റ്‌സ് കോളേജ്, കാക്കനാട് പ്രസ് അക്കാദമി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

You must be logged in to post a comment Login