ഷഹ്‌ലയുടേയും നവനീതിന്റേയും കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകാൻ മന്ത്രിസഭാ തീരുമാനം

വയനാട് സുൽത്താൻ ബത്തേരിയിൽ പാമ്പ് കടിയേറ്റ് മരിച്ച ഷഹ്‌ല ഷെറിന്റെ കുടുംബത്തിനും ബാറ്റ് കൊണ്ടുളള അടിയേറ്റ് മരിച്ച നവനീതിന്റെ കുടുംബത്തിനും 10 ലക്ഷം രൂപ നൽകാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് പത്ത് ലക്ഷം രൂപ വീതം നൽകാൻ തീരുമാനിച്ചത്.

നവംബർ 20നായിരുന്നു സുൽത്താൻ ബത്തേരി സർവജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്‌ല ഷെറിന് ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റത്. തനിക്ക് പാമ്പു കടിയേറ്റെന്ന് വിദ്യാർത്ഥിനി പറഞ്ഞെങ്കിലും അധ്യാപകർ കാര്യമായി എടുത്തില്ല. വളരെ വൈകിയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സ വൈകിയതിനെ തുടർന്നാണ് ഷഹ്‌ല മരിച്ചത്. അധ്യാപകരുടെ അനാസ്ഥമൂലമാണ് വിദ്യാർത്ഥിനി മരിച്ചതെന്ന ആരോപണം ഉയർന്നിരുന്നു. ആരോപണവിധേയരായ അധ്യാപകരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരന്നു.

മാവേലിക്കര ചുനക്കര ഗവ വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിയായിരുന്നു നവനീത്. സ്‌കൂളിൽ മുതിർന്ന വിദ്യാർത്ഥികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ ബാറ്റ് തലയിൽ കൊണ്ടാണ് നവനീത് മരിച്ചത്. തലയ്ക്കുള്ളിലുണ്ടായ രക്ത സ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തലയ്ക്ക് പിന്നിൽ ചതവും പാടുകളും കണ്ടെത്തിയിരുന്നു.

You must be logged in to post a comment Login