ഷാര്‍ജ നിക്ഷേപ സേവന കേന്ദ്രം: ഇനിയെല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍

ഷാര്‍ജ:  നിക്ഷേപസംബന്ധമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലെത്തിക്കുന്ന പദ്ധതിയുമായി ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ശുറൂഖ്). പ്രമുഖ വിവര സാങ്കേതിക കമ്പനിയായ ഇന്‍ജാസത്തുമായി ചേര്‍ന്നാണ് ‘ഷാര്‍ജ ഇന്‍വെസ്റ്റെര്‍സ് സര്‍വീസസ് സെന്റര്‍’ എന്ന കേന്ദ്രമൊരുക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ നിക്ഷേപ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കൂടുതല്‍ സുതാര്യവും വേഗത്തിലുമുള്ള സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇത് സംബന്ധിച്ച ധാരണപത്രം ശുറൂഖ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മര്‍വാന്‍ അല്‍ സര്‍ക്കാലും ഇന്‍ജാസത്ത് ബോര്‍ഡ് ചെയര്‍മാന്‍ ഖാമിസ് ബിന്‍ സലിം അല്‍ സുവൈദിയും ഒപ്പുവെച്ചു.

ഷാര്‍ജ അല്‍ ഖസ്ബ ആസ്ഥാനമാക്കിയാവും ഷാര്‍ജ നിക്ഷേപ സേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. എമിറേറ്റിന്റെ ഏതു ഭാഗത്തുമുള്ള നിക്ഷേപസംബന്ധമായ എല്ലാ സേവനങ്ങളും പുതിയ കേന്ദ്രം വഴി ലഭ്യമാക്കും. മികച്ച പരിശീലനം നേടിയ സേവനദാതാക്കളും ഏറ്റവും നൂതനമായ ആശയവിനിമയ സംവിധാനങ്ങളും ഏകോപിപ്പിക്കുന്ന സേവന കേന്ദ്രം പുതിയ ബിസിനസുകള്‍ ആരംഭിക്കാനുള്ള നടപടിക്രമങ്ങളുടെ വേഗം കൂട്ടും. വിവിധ നിക്ഷേപ അനുമതി പത്രങ്ങള്‍, രേഖകളുടെ പുതുക്കല്‍ തുടങ്ങിയ നടപടിക്രമങ്ങളും കൂടുതല്‍ സുതാര്യവും വേഗത്തിലുമാവും. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ നിക്ഷേപസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ ശുറൂഖിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കുന്നതിലൂടെ ഓരോ അനുമതിക്കും വേണ്ടി വരുന്ന സമയം പകുതിയിലേറെ കുറയ്ക്കാനാവുമെന്നാണ് കരുതപ്പെടുന്നത്.

നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കുന്നതോടൊപ്പം തന്നെ നിക്ഷേപ സാധ്യതകളെക്കുറിച്ചും ആവശ്യമുള്ള രേഖകളെക്കുറിച്ചുമെല്ലാം ആധികാരികമായ വിവരങ്ങളും ഈ കേന്ദ്രത്തില്‍ നിന്ന് ലഭ്യമാവും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കയറിയിറങ്ങുന്നതിന്റെ സമയം, സാമ്പത്തിക നഷ്ടം എന്നിവ ഇതിലൂടെ ഒഴിവാക്കാം.

”ഏറ്റവും മികച്ച നിക്ഷേപ സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ ശുറൂഖ് പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായാണ് ഈ പുതിയ നിക്ഷേപ സേവന കേന്ദ്രം ഒരുക്കുന്നത്. വിവിധ വകുപ്പുകളില്‍ നിന്നുള്ള അനുമതി, രേഖകള്‍, അവശ്യ നടപടികള്‍ എന്നിവ ഒരു കേന്ദ്രം വഴി ലഭ്യമാക്കുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് ഏറെ സഹായകരമാവും. സമയ ലാഭത്തോടൊപ്പം കൂടുതല്‍ സുതാര്യമായ നടപടിക്രമങ്ങള്‍ ഒരുക്കാനും ഇത് സഹായകരമാണ്” എന്ന് ശുറൂഖ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മര്‍വാന്‍ അല്‍ സര്‍കാല്‍ ധാരണപത്രം ഒപ്പുവെച്ചതിനു ശേഷം പറഞ്ഞു. ഷാര്‍ജയുടെ നിക്ഷേപസാധ്യതകളെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തി, എമിറേറ്റിന്റെ വളര്‍ച്ചയുടെ ആക്കം കൂട്ടാന്‍ സര്‍വ്വസന്നദ്ധമായി പ്രവര്‍ത്തിക്കുന്ന ശുറൂഖിനൊപ്പം ചേര്‍ന്ന് ഇങ്ങനെ ഒരുദ്യമത്തില്‍ പങ്കാളയാവുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഇന്‍ജാസത്ത് ബോര്‍ഡ് ചെയര്‍മാന്‍ ഖമീസ് ബിന്‍ സലിം അല്‍ സുവൈദി പ്രതികരിച്ചു. ഏറ്റവും മികച്ച സൗകര്യങ്ങളും സേവന അന്തരീക്ഷവും പ്രതിനിധികളുമാവും സേവനകേന്ദ്രത്തില്‍ സഹായിക്കാനുണ്ടാവുകയെന്നു ഇന്‍വെസ്റ്റ് ഇന്‍ ഷാര്‍ജ സിഇഒ ജുമാ അല്‍ മുഷറഖ് അറിയിച്ചു.

നിക്ഷേപ പട്ടികയില്‍ മുന്‍നിരയിലുള്ള ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്ന പദ്ധതിയായിട്ടാണ് പുതിയ പ്രഖ്യാപനം കരുതപ്പെടുന്നത്. പല ഓഫിസുകള്‍ കയറിയിങ്ങി നേടേണ്ട അനുമതികളും വിവരങ്ങളും ഒരു കുടക്കീഴിലെത്തിച്ചു ഏകീകൃത സംവിധാനം ഒരുക്കുന്നതിലൂടെ നിക്ഷേപകര്‍ക്കും സംരഭകര്‍ക്കും ഏറ്റവും എളുപ്പത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനാവും.

You must be logged in to post a comment Login