ഷില്ലോങിലും ഒരു ‘ലാ ടൊമാറ്റിന’ സ്പാനിഷ് മസാല

ഖാസി ജയന്ദിയ ഹില്‍സില്‍ അരങ്ങേറിയ പരിപാടി മേഘാലയ ഹോര്‍ട്ടികല്‍ചര്‍ വകുപ്പും പച്ചക്കറി വ്യാപാരികളുടെ അസോസിയേഷനും ചേര്‍ന്നാണ് സംഘടിപ്പിച്ചത്. വില്‍പ്പനയോഗ്യമല്ലാത്ത തക്കാളികളാണ് ആഘോഷത്തിനായി ഉപയോഗിച്ചത്.

la tomatina
ഷില്ലോങ്: സ്‌പെയിനിലെ വിളവെടുപ്പ് ആഘോഷമായ ടൊമാറ്റോ ഫെസ്റ്റിവല്‍ സിനിമകളിലൂടെയും മറ്റുമായി നമുക്കിടയിലും സുപരിചിതമാണ്. പരസ്പരം തക്കാളി എറിയുകയും ചവിട്ടിമെതിക്കുകയും ചെയ്യുന്ന ഈ ആഘോഷം ഇന്ത്യയിലേക്കും എത്തിയിരിക്കുകയാണ്. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലാണ് ഇന്ത്യയിലെ ആദ്യ തക്കാളിമേള അരങ്ങേറിയത്.

നേരത്തെ സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും ‘ലാ ടൊമാറ്റിന’നടത്തിയിട്ടുണ്ടെങ്കിലും ആഹാരസാധനം പാഴാക്കിക്കളയുന്നതിനെതിരെ വ്യാപകമായ വിമര്‍ശമാണ് ഭരണകൂടത്തില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്നത്. ഇതാദ്യമായാണ് സര്‍ക്കാര്‍ പിന്തുണയോടെ പരിപാടി അരങ്ങേറുന്നത്. ഖാസി ജയന്ദിയ ഹില്‍സില്‍ അരങ്ങേറിയ പരിപാടി മേഘാലയ ഹോര്‍ട്ടികല്‍ചര്‍ വകുപ്പും പച്ചക്കറി വ്യാപാരികളുടെ അസോസിയേഷനും ചേര്‍ന്നാണ് സംഘടിപ്പിച്ചത്. വില്‍പ്പനയോഗ്യമല്ലാത്ത തക്കാളികളാണ് ആഘോഷത്തിനായി ഉപയോഗിച്ചത്. വിദ്യാര്‍ഥികളും ജോലിക്കാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ടൊമാറ്റോ ഫെസ്റ്റിവലില്‍ പങ്കാളികളായി.

വിളവെടുപ്പ് കാലത്ത് സ്‌പെയിനില്‍ നടത്തിവരുന്ന ഒരു ഭക്ഷ്യ ഉത്സവമാണ് ലാ ടൊമാറ്റിന. തക്കാളി ധാരാളമായി കൃഷി ചെയ്യുന്ന സ്‌പെയിനില്‍, എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലെ അവസാനത്തെ ബുധനാഴ്ചയാണ് ഈ ഉത്സവം നടത്തി വരുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനാളുകള്‍ ഈ ഉത്സവത്തില്‍ പങ്കെടുക്കുകയും, 1952ലാണ് ഈ ഉത്സവം ആരംഭിച്ചത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ സംഗീതവും പരേഡുകളും മറ്റ് കലാപരിപാടികളും അരങ്ങേറും. ഏറ്റവും അവസാനത്തെ ദിവസമാണ് തക്കാളി ഏറ് നടത്തുന്നത്. തക്കാളി ഏറില്‍ പങ്കെടുക്കാന്‍ അരലക്ഷത്തോളം വിദേശികള്‍ സ്‌പെയിനില്‍ എത്തിച്ചേരുന്നുവെന്നാണ് കണക്ക്.

വലിയ തടി ടാങ്കുകളില്‍ പഴുത്ത തക്കാളികള്‍ നിറയ്ക്കലാണ് ഉത്സവത്തിന്റെ ആദ്യഘട്ടം. തുടര്‍ന്ന് പങ്കെടുക്കുന്ന ആളുകള്‍ ടാങ്കിലിറങ്ങി തക്കാളി ചവിട്ടി മെതിക്കുകയും പരസ്പരം എറിയുകയും ചെയ്യുന്നു. പങ്കെടുക്കുന്ന സ്ത്രീകള്‍ വെള്ള നിറമുള്ള വസ്ത്രം ധരിക്കുമ്പോള്‍ പുരുഷന്മാര്‍ ഷര്‍ട്ട് ധരിക്കാതെയാണ് ഇറങ്ങുക. സുരക്ഷയ്ക്കായി കണ്ണടയും മറ്റും ധരിക്കാറുണ്ട്.

You must be logged in to post a comment Login