ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന് ; അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുന്‍ കേരള ഗവര്‍ണറുമായ ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഡല്‍ഹി നിസാമുദീനിലെ നിഗം ബോധ്ഘട്ടിലാണ് സംസ്‌കാരം. ഡല്‍ഹിയിലെ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ 11 മണിയോടെ എഐസിസി ആസ്ഥാനത്ത് എത്തിച്ച് പൊതുദര്‍ശനത്തിന് വെക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവര്‍ ഇന്നലെ വീട്ടിലെത്തി മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ വൈകീട്ടായിരുന്നു ഷീല ദീക്ഷിതിന്റെ അന്ത്യം.

മൂന്ന് ദിവസം മുമ്പായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് ഷീലാ ദീക്ഷിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകീട്ട് 3.15 ന് വീണ്ടും ഹൃദയാഘാതം ഉണ്ടാകുകയും 3.55 ന് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. 15 വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. നിലവില്‍ ഡല്‍ഹി പിസിസി അധ്യക്ഷയായിരുന്നു. അഞ്ചുമാസം കേരള ഗവര്‍ണരായി സേവനം അനുഷ്ടിച്ചിട്ടുണ്ട് ഷീല ദീക്ഷിത്. മുന്‍ എംപി സന്ദീപ് ദീക്ഷിത് മകനാണ്.

 

You must be logged in to post a comment Login